India

ജനവിധി അംഗീകരിക്കുന്നു, തോല്‍വിയില്‍നിന്ന് പാഠം ഉള്‍ക്കൊള്ളും; കോണ്‍ഗ്രസിന്റെ കനത്ത പരാജയത്തില്‍ രാഹുല്‍ ഗാന്ധി

ജനവിധി അംഗീകരിക്കുന്നു, തോല്‍വിയില്‍നിന്ന് പാഠം ഉള്‍ക്കൊള്ളും; കോണ്‍ഗ്രസിന്റെ കനത്ത പരാജയത്തില്‍ രാഹുല്‍ ഗാന്ധി
X

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ കനത്ത പരാജയത്തിന് പിന്നാലെ പ്രതികരണവുമായി രാഹുല്‍ ഗാന്ധി രംഗത്ത്. ജനവിധി അംഗീകരിക്കുന്നു. തോല്‍വിയില്‍നിന്നും പാഠം ഉള്‍ക്കൊള്ളുകയും ഇന്ത്യയിലെ ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കായി തുടര്‍ന്നും പ്രവര്‍ത്തിക്കുകയും ചെയ്യുമെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു. ജനവിധി വിനയപൂര്‍വം സ്വീകരിക്കുക. ജനവിധി നേടിയവര്‍ക്ക് ആശംസകള്‍.

കഠിനാധ്വാനത്തോടെയും അര്‍പ്പണബോധത്തോടെയും പ്രവര്‍ത്തിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നന്ദിയെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന പഞ്ചാബില്‍ കോണ്‍ഗ്രസിന് ഭരണം നഷ്ടമാവുകയും ഉത്തര്‍പ്രദേശ്, ഗോവ, ഉത്തരാഖണ്ഡ് എന്നിടങ്ങളില്‍ തകര്‍ന്നടിയുകയും ചെയ്തു. അഞ്ച് സംസ്ഥാനങ്ങളിലെ പരാജയത്തില്‍ കോണ്‍ഗ്രസ് നേതാക്കളൊന്നും വലിയ പ്രതികരണങ്ങള്‍ക്ക് മുതിര്‍ന്നിട്ടില്ല. ഫലം പുറത്തുവരുമ്പോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലേക്കാണ് കോണ്‍ഗ്രസ് നീങ്ങുന്നത്.

പഞ്ചാബിലെ ഭരണം നഷ്ടമായതാണ് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായത്. ഗോവയിലും ഉത്തരാഖണ്ഡിലും മണിപ്പൂരിലും നിലംതൊട്ടില്ല. ഇന്ത്യയില്‍ ഇനി കോണ്‍ഗ്രസ് പാര്‍ട്ടി അധികാരത്തില്‍ ബാക്കിയുള്ളത് രാജസ്ഥാനിലും ഛത്തീസ്ഗഢിലും മാത്രമാണ്. കോണ്‍ഗ്രസ് തുടര്‍ച്ചയായി പരാജയപ്പെടുകയും കക്ഷി നേതാക്കള്‍ക്കിടയില്‍ ഐക്യം സൃഷ്ടിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് സാധിക്കാതെ വരികയും ചെയ്തതോടെ മുഖ്യപ്രതിപക്ഷമായി മാറാനുള്ള ശ്രമത്തിലാണ് പ്രാദേശിക പാര്‍ട്ടികളും നേതാക്കളും.

Next Story

RELATED STORIES

Share it