India

ഞാന്‍ പരമശിവന്‍, ആര്‍ക്കും എന്നെ തൊടാന്‍ പോലുമാവില്ല; വെല്ലുവിളിച്ച് നിത്യാനന്ദ

നിത്യാനന്ദ ഇക്വഡോറില്‍ ദ്വീപ് വിലയ്ക്കുവാങ്ങി 'കൈലാസ' എന്ന പേരില്‍ രാജ്യം സ്ഥാപിച്ചതായ വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് വീഡിയോയും പ്രചരിച്ചുതുടങ്ങിയത്.

ഞാന്‍ പരമശിവന്‍, ആര്‍ക്കും എന്നെ തൊടാന്‍ പോലുമാവില്ല; വെല്ലുവിളിച്ച് നിത്യാനന്ദ
X

ന്യൂഡല്‍ഹി: താന്‍ പരമശിവനാണെന്നും തന്നെ ഒരാള്‍ക്കും തൊടാന്‍ പോലുമാവില്ലെന്നും വെല്ലുവിളിച്ച് ബലാല്‍സംഗക്കേസില്‍ പ്രതിയായതിനെത്തുടര്‍ന്ന് രാജ്യംവിട്ട വിവാദ ആള്‍ദൈവം നിത്യാനന്ദ. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയിലാണു നിത്യാനന്ദയുടെ വെല്ലുവിളി. നിത്യാനന്ദ ഇക്വഡോറില്‍ ദ്വീപ് വിലയ്ക്കുവാങ്ങി 'കൈലാസ' എന്ന പേരില്‍ രാജ്യം സ്ഥാപിച്ചതായ വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് വീഡിയോയും പ്രചരിച്ചുതുടങ്ങിയത്. തന്റെ കഴിവ് എന്താണെന്നു താന്‍ കാട്ടിത്തരും. അതിലൂടെ യാഥാര്‍ഥവും സത്യവും വെളിവാകും. ഇപ്പോള്‍ തന്നെ തൊടാന്‍ പോലും ആര്‍ക്കുമാവില്ല. സത്യം വെളിപ്പെടുത്തുന്നതിന്റെ പേരില്‍ ഒരു വിഡ്ഢി കോടതിക്കും തന്നെ വിചാരണ ചെയ്യാനാവില്ലെന്ന് മനസ്സിലാക്കുക.

താന്‍ പരമശിവനാണ്. തന്റെ അനുയായികള്‍ക്ക് മരണം സംഭവിക്കില്ലെന്നും വീഡിയോയില്‍ നിത്യാനന്ദ ഉറപ്പുനല്‍കുന്നുമുണ്ട്. തന്റെ സ്ഥിരം വേഷവും തലപ്പാവും ധരിച്ചാണു വീഡിയോയില്‍ നിത്യാനന്ദ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വീഡിയോ എപ്പോള്‍ പകര്‍ത്തിയാണെന്നോ എവിടെവച്ച് പകര്‍ത്തിയതാണെന്നോ വ്യക്തമല്ല. ബലാല്‍സംഗക്കേസില്‍ പോലിസിന്റെ പിടിയിലാവുമെന്ന് ഉറപ്പായ സാഹചര്യത്തിലാണു നിത്യാനന്ദ രാജ്യംവിട്ടത്. നിത്യാനന്ദയുടെ പാസ്‌പോര്‍ട്ടിന്റെ കാലാവധി 2018 സപ്തംബറില്‍തന്നെ അവസാനിച്ചിരുന്നു. എന്നിട്ടും അദ്ദേഹം എങ്ങനെയാണു രാജ്യംവിട്ടതെന്നോ എവിടേക്കാണു പോയതെന്നോ വ്യക്തമല്ല. നിത്യാനന്ദയുടെ പാസ്‌പോര്‍ട്ട് ഇന്ത്യ റദ്ദാക്കിയിട്ടുണ്ട്. പുതിയ പാസ്‌പോര്‍ട്ടിനായുള്ള നിത്യാനന്ദയുടെ അപേക്ഷയും നിരസിച്ചതായി വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.

നിത്യാനന്ദ ഇക്വഡോറില്‍ വാങ്ങിയ ദീപില്‍ കൈലാസ എന്ന ഹിന്ദു രാജ്യം സ്ഥാപിച്ചതായി കഴിഞ്ഞ ദിവസം റിപോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍, ഇക്വഡോര്‍ ഇത് നിഷേധിച്ചു. നിത്യാനന്ദയ്ക്ക് അഭയം നല്‍കാന്‍ സഹായിക്കുകയോ ദക്ഷിണ അമേരിക്കയില്‍ ഏതെങ്കിലും ഭൂമി വാങ്ങിക്കാന്‍ സഹായിക്കുകയോ ചെയ്തിട്ടില്ലെന്ന് ഇക്വഡോര്‍ അറിയിച്ചു. അഭയം നല്‍കണമെന്ന് നിത്യാനന്ദ ആവശ്യപ്പെട്ടിരുന്നെങ്കിലും തങ്ങള്‍ ആവശ്യം നിരാകരിക്കുകയായിരുന്നുവെന്നും പിന്നീട് അദ്ദേഹം ഹെയ്ത്തിയിലേക്ക് പോയതായും ഇക്വഡോര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it