India

മാധ്യമപ്രവര്‍ത്തകന്‍ ജീവനൊടുക്കിയ സംഭവം; എയിംസ് ട്രോമ കെയര്‍ സെന്റര്‍ സൂപ്രണ്ടിനെ നീക്കി

കൊവിഡ് ബാധിതനായിരുന്ന തരുണ്‍ സിസോദിയ ആണ് എയിംസിന്റെ നാലാം നിലയില്‍നിന്ന് ചാടി ജീവനൊടുക്കിയത്.

മാധ്യമപ്രവര്‍ത്തകന്‍ ജീവനൊടുക്കിയ സംഭവം; എയിംസ് ട്രോമ കെയര്‍ സെന്റര്‍ സൂപ്രണ്ടിനെ നീക്കി
X

ന്യൂഡല്‍ഹി: കൊവിഡ് ബാധിച്ച മാധ്യമപ്രവര്‍ത്തകന്‍ ജീവനൊടുക്കിയ സംഭവത്തില്‍ എയിംസ് ട്രോമ കെയര്‍ സെന്റര്‍ സൂപ്രണ്ടിനെ തല്‍സ്ഥാനത്തുനിന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നീക്കി. കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷ വര്‍ധനാണ് ഇക്കാര്യം ട്വീറ്ററിലൂടെ പങ്കുവച്ചത്. ജൂലൈ ആറിനായിരുന്നു നടപടിക്ക് ആസ്പദമായ സംഭവം. കൊവിഡ് ബാധിതനായിരുന്ന തരുണ്‍ സിസോദിയ ആണ് എയിംസിന്റെ നാലാം നിലയില്‍നിന്ന് ചാടി ജീവനൊടുക്കിയത്.

സംഭവത്തെക്കുറിച്ചുള്ള വിശദമായ അന്വേഷണം നടന്നുവരികയാണ്. എയിംസിലെയും ട്രോമാ കെയര്‍ സെന്ററിലെയും ഭരണകാര്യങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങള്‍ സംബന്ധിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ വിദഗ്ധസമിതിക്ക് കേന്ദ്രസര്‍ക്കാര്‍ നേരത്തെ രൂപം നല്‍കിയിരുന്നു. ഈമാസം 27നകം റിപോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

മാധ്യമപ്രവര്‍ത്തകന്‍ ജീവനൊടുക്കാനിടയായ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ നാലംഗസമിതിയെ നിയോഗിച്ചിരുന്നു. എന്നാല്‍, അന്വേഷണത്തില്‍ ചികില്‍സാവീഴ്ചയോ പ്രോട്ടോക്കോള്‍ ലംഘനമോ ആശുപത്രിയുടെ ഭാഗത്തുനിന്നുണ്ടായതായി സമിതിക്ക് കണ്ടെത്താനായിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ട്വീറ്റില്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it