India

ആദായ നികുതി പരിശോധന; കര്‍ണാടകയില്‍ രാഷ്ട്രീയ കൊടുങ്കാറ്റ്

ലോക്‌സഭാ തിരഞ്ഞെടുപ്പിന് 20 ദിവസം മാത്രം ബാക്കിയിരിക്കേയാണ് ബംഗളൂരു, മാണ്ഡ്യ, മൈസൂരു, ഹാസന്‍, ചിക്മഗളൂരു, ശിവമോഗ എന്നിവിടങ്ങളില്‍ റെയ്ഡ് നടന്നത്.

ആദായ നികുതി പരിശോധന; കര്‍ണാടകയില്‍ രാഷ്ട്രീയ കൊടുങ്കാറ്റ്
X

ബംഗളൂരു: കര്‍ണാടകയിലെ ജനതാദള്‍ നേതാക്കളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യാഴാഴ്ച്ച നടത്തിയ റെയ്ഡ് കര്‍ണാടകയില്‍ രാഷ്ട്രീയ കൊടുങ്കാറ്റുയര്‍ത്തി. ലോക്‌സഭാ തിരഞ്ഞെടുപ്പിന് 20 ദിവസം മാത്രം ബാക്കിയിരിക്കേയാണ് ബംഗളൂരു, മാണ്ഡ്യ, മൈസൂരു, ഹാസന്‍, ചിക്മഗളൂരു, ശിവമോഗ എന്നിവിടങ്ങളില്‍ റെയ്ഡ് നടന്നത്.

കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ ഔദ്യോഗിക സംവിധാനങ്ങള്‍ പ്രതിപക്ഷത്തിനെതിരേ ദുരുപയോഗം ചെയ്യുകയാണെന്ന് ജെഡിഎസും സഖ്യകക്ഷിയായ കോണ്‍ഗ്രസും ആരോപിച്ചു. മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി പിന്നീട് ബംഗളൂരുവിലെ ആദായ നികുതി വകുപ്പ് ഓഫിസിന് മുന്നില്‍ പ്രതിഷേധം നടത്തി.

ബുധനാഴ്ച്ച വൈകിയാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ബംഗളൂരുവിലെത്തിയത്. രാഷ്ട്രീയ ബന്ധമുള്ള ബിസിനസുകാരുടെ കേന്ദ്രങ്ങളിലായിരുന്നു ആദ്യ പരിശോധന. ജനതാദള്‍ നേതാക്കളെ ലക്ഷ്യമിട്ടാണ് ഉദ്യോഗസ്ഥര്‍ എത്തിയതെന്ന് അപ്പോള്‍ തന്നെ കുമാരസ്വാമി പ്രവചിച്ചിരുന്നു. തുടര്‍ന്ന് വ്യാഴാഴ്ച്ച രാവിലെയോടെ ജലസേചന വകുപ്പ് മന്ത്രി സി എസ് പുട്ടരാജുവിന്റെ വസതികളിലും പരിശോധന നടന്നു.

പൊതുമരാമത്ത് വകുപ്പ് മന്ത്രി എച്ച് ഡി രേവണ്ണയുമായി ബന്ധമുള്ള അഞ്ച് കോണ്‍ട്രാക്ടര്‍മാര്‍, ഹാസനിലെ രണ്ട് പിഡബ്ല്യുഡി എന്‍ജിനീയര്‍മാര്‍ എന്നിവരെയും റെയ്ഡില്‍ ലക്ഷ്യമിട്ടു. വ്യഴാഴ്ച്ച വൈകിയും റെയ്ഡ് തുടര്‍ന്നു. കരാര്‍ നല്‍കുന്നതില്‍ ചില കോണ്‍ട്രാക്ടര്‍മാര്‍ക്ക് പ്രത്യേക പരിഗണന ലഭിച്ചതായും ഇതില്‍ നിന്ന് ലഭിച്ച ഫണ്ട് തിരഞ്ഞെടുപ്പിന് വേണ്ടി ഉപയോഗിക്കാന്‍ സാധ്യതയുള്ളതായും വിശ്വസനീയ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് റെയ്‌ഡെന്ന് ആദായ നികുതി വൃത്തങ്ങള്‍ വ്യക്തമാക്കി.

ദക്ഷിണ കര്‍ണാടകയില്‍ റെയ്ഡ് തുടരുന്നതിനിടെ വ്യാഴാഴ്ച്ച വൈകുന്നേരം മുഖ്യമന്ത്രി കുമാര സ്വാമിയുടെയും മുന്‍മുഖ്യമന്ത്രി സിദ്ദാരാമയ്യയുടെയും നേതൃത്വത്തില്‍ മുതിര്‍ന്ന മന്ത്രിമാര്‍ ബംഗളൂരുവിലെ ആദായ നികുതി വകുപ്പ് ഓഫിസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി. ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നത് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ ഏറ്റുമുട്ടലിലേക്കു നയിക്കുമെന്ന് കുമാരസ്വാമി പറഞ്ഞു. ആദായ നികുതി ഓഫിസിലേക്കു തള്ളിക്കയറാന്‍ ശ്രമിച്ച ജെഡിഎസ് പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്തു.

Next Story

RELATED STORIES

Share it