India

ജമ്മു കശ്മീരില്‍ ദുരൂഹ നീക്കങ്ങളുമായി സര്‍ക്കാര്‍; ആശങ്ക അറിയിച്ച് പാര്‍ട്ടികള്‍

ഭീകരാക്രമണ മുന്നറിയിപ്പ് ലഭിച്ചെന്ന് ചൂണ്ടിക്കാട്ടി അമര്‍നാഥ് യാത്രക്കാരോടും ടൂറിസ്റ്റുകളോടും കശ്മീര്‍ താഴ്‌വര വിടാന്‍ നിര്‍ദേശം നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ദൂരൂഹവും ജനങ്ങളില്‍ ആശങ്ക ജനിപ്പിക്കുന്നതുമാണെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടി.

ജമ്മു കശ്മീരില്‍ ദുരൂഹ നീക്കങ്ങളുമായി സര്‍ക്കാര്‍; ആശങ്ക അറിയിച്ച് പാര്‍ട്ടികള്‍
X

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ജനങ്ങള്‍ക്ക് പരിഭ്രാന്തി സൃഷ്ടിക്കുന്ന നീക്കങ്ങളുമായി മുന്നോട്ടു പോവുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരേ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍. ഭീകരാക്രമണ മുന്നറിയിപ്പ് ലഭിച്ചെന്ന് ചൂണ്ടിക്കാട്ടി അമര്‍നാഥ് യാത്രക്കാരോടും ടൂറിസ്റ്റുകളോടും കശ്മീര്‍ താഴ്‌വര വിടാന്‍ നിര്‍ദേശം നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ദൂരൂഹവും ജനങ്ങളില്‍ ആശങ്ക ജനിപ്പിക്കുന്നതുമാണെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടി.

ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് ജനങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ടൂറിസ്റ്റുകളോടും തീര്‍ഥാടകരോടും പൊടുന്നനെ പ്രദേശം വിടാന്‍ ആവശ്യപ്പെടുന്ന ഇതുപോലൊരു സാഹചര്യം മുമ്പുണ്ടായിട്ടില്ല. കശ്മീര്‍ പുറത്തുള്ളവര്‍ക്ക് സുരക്ഷിത സ്ഥലമല്ല എന്ന് പറയുന്നതിലൂടെ വിദ്വേഷ അന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ് സര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാരിന്റെ ഈ തീരുമാനത്തെ അപലപിക്കുന്നു- മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സായുധ സംഘര്‍ഷത്തിന്റെ മൂര്‍ധന്യ ഘട്ടത്തില്‍ പോലും ഇങ്ങിനെയൊരു മുന്നറിയിപ്പുണ്ടായിട്ടില്ല. കഴിഞ്ഞ ദിവസങ്ങളില്‍ മേഖലയില്‍ വന്‍തോതില്‍ സൈനികരെ വിന്യസിക്കുകയും ചെയ്തിരുന്നു.

മതത്തിന്റെ അടിസ്ഥാനത്തില്‍ വിഘടിച്ചുപോവുന്നത് തള്ളിക്കളയുകയും മതേതര ഇന്ത്യയോടൊപ്പം നിലകൊള്ളുകയും ചെയ്ത കശ്മീരികളുടെ സ്‌നേഹത്തെ ഉള്‍ക്കൊള്ളുന്നതില്‍ ഇന്ത്യ പരാജയപ്പെട്ടതായി പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി പറഞ്ഞു. ജനങ്ങള്‍ക്കു പകരം ഭൂമിയാണ് ഇന്ത്യ ഒടുവില്‍ തിരഞ്ഞെടുത്തിരിക്കുന്നത്. ജമ്മു കശ്മീര്‍ സംബന്ധിച്ച അനുരഞ്ജനമോ അന്തിമ പരിഹാരമോ ഇന്ത്യയില്‍ നിന്നാണ് ഉണ്ടാവേണ്ടതെന്നാണ് പിഡിപി എപ്പോഴും വിശ്വസിക്കുന്നത്. എന്നാല്‍, ജമ്മു കശ്മീരിന്റെ സവിശേഷതയെ സംരക്ഷിക്കുന്നതിന് അവശേഷിച്ചിട്ടുള്ളതും കവര്‍ന്നെടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുതെന്നും അവര്‍ ചൂണ്ടിക്കാട്ടി.

സര്‍ക്കാരിന്റെ സുരക്ഷാ മുന്നറിയിപ്പ് ജനങ്ങളില്‍ കടുത്ത അരക്ഷിതാവസ്ഥയാണ് സൃഷ്ടിച്ചിട്ടുള്ളത്. ഇതിനു മുമ്പ് ഇത്തരമൊരു പരിഭ്രാന്തി ഉണ്ടായിട്ടില്ലെന്നും അവര്‍ പറഞ്ഞു.

സര്‍ക്കാര്‍ എന്തു കൊണ്ടാണ് സഞ്ചാരികളെയും തീര്‍ഥാടകരെയും ജമ്മു കശ്മീരില്‍ നിന്ന് മാറ്റുന്നതെന്നു മുന്‍മുഖ്യമന്ത്രിയും നാഷനല്‍ കോണ്‍ഫറന്‍സ് വൈസ് പ്രസിഡന്റുമായ ഉമര്‍ അബ്ദുല്ല ചോദിച്ചു. പഹല്‍ഗാമില്‍ നിന്നും ഗുല്‍മാര്‍ഗില്‍ നിന്നും ജനങ്ങളെ ഒഴിപ്പിക്കുന്നതിന് സര്‍ക്കാര്‍ ബസ്സുകള്‍ വിന്യസിച്ചിരിക്കുകയാണ്. അമര്‍നാഥ് യാത്രക്കാണ് ഭീഷണിയെങ്കില്‍ ഗുല്‍മാര്‍ഗില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതെന്തിനെന്ന് അദ്ദേഹം ചോദിച്ചു. ഇതുമായി ബന്ധപ്പെട്ട് പല ചോദ്യങ്ങളും ഉന്നയിച്ചെങ്കിലും അധികൃതര്‍ ആരും മറുപടി പറയുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.



പാര്‍ലമെന്റില്‍ വിഷയത്തെക്കുറിച്ച് മൗനം പാലിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടിയെ സിപിഎം നേതാവ് എം വൈ തരിഗാമി ചോദ്യം ചെയ്തു. വിഷയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് മെഹ്ബൂബ മുഫ്തി നാഷനല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റ് ഡോ. ഫാറൂഖ് അബ്ദുല്ല, പീപ്പിള്‍സ് കോണ്‍ഫറന്‍സ് നേതാവ് സജ്ജാദ് ലോണ്‍, തരിഗാമി, ജമ്മുശ്മീര്‍ പീപ്പിള്‍ മൂവ്‌മെന്റ് അധ്യക്ഷന്‍ ഷാ ഫൈസല്‍ എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തി. ജനങ്ങളുടെ ആശങ്ക അകറ്റണമെന്നാവശ്യപ്പെട്ട് മെഹ്ബൂബയുടെ നേതൃത്വത്തിലുള്ള സംഘം ഗവര്‍ണര്‍ സത്യാപാല്‍ മാലികിനയുെ കണ്ടു.

എന്നാല്‍, അമര്‍നാഥ് തീര്‍ഥാടകര്‍ക്ക് സുരക്ഷാ ഭീഷണിയുള്ളതായി വിശ്വസനീയ റിപോര്‍ട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തിലുള്ള നടപടികള്‍ മാത്രമാണ് ഇതെന്നും ഇതിനെ മറ്റു വിഷയങ്ങളുമായി കൂട്ടിക്കലര്‍ത്തേണ്ടതില്ലെന്നുമാണ് ഗവര്‍ണറുടെ പ്രതികരണം.

Next Story

RELATED STORIES

Share it