India

കശ്മീരിലെ നിരന്തര കൊലപാതകങ്ങള്‍: രാജി പ്രഖ്യാപിച്ച് ഐഎഎസ് ഒന്നാം റാങ്കുകാരന്‍

ഹിന്ദുത്വശക്തികള്‍ മുസ്‌ലിംകളെ രണ്ടാംകിട പൗരന്‍മാരായി കാണുന്നു

കശ്മീരിലെ നിരന്തര കൊലപാതകങ്ങള്‍: രാജി   പ്രഖ്യാപിച്ച് ഐഎഎസ് ഒന്നാം റാങ്കുകാരന്‍
X

ശ്രീനഗര്‍: കശ്മീരില്‍നിന്ന് ആദ്യമായി സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ഐഎഎസ് ഓഫിസര്‍ ഷാ ഫൈസല്‍ രാജിവച്ചു. കശ്മീരിലെ ജനങ്ങളെ നിരന്തരം കൊന്നൊടുക്കുന്നതിനും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നും വിശ്വസനീയമായ തരത്തിലുള്ള ഇടപെടലുകളുണ്ടാവാത്തതിലും പ്രതിഷേധിച്ചാണ് രാജിയെന്ന് ഷാ ഫേസ്ബുക്കിലൂടെ അറിയിച്ചു. ഹിന്ദുത്വശക്തികള്‍ ഇന്ത്യയിലെ 20 കോടിയോളം വരുന്ന മുസ്‌ലിംകളെ രണ്ടാംകിട പൗരന്‍മാരായാണ് പരിഗണിക്കുന്നത്. കശ്മീരിലെ ജനങ്ങളെ വേര്‍തിരിച്ച് കാണുകയാണ്. അസഹിഷ്ണുതയും വിദ്വേഷവും പടര്‍ത്തുന്നതരം തീവ്രദേശീയതയാണ് നിലനില്‍ക്കുന്നത്. ഭാവിപരിപാടികള്‍ എന്തൊക്കെയാണെന്ന് വെള്ളിയാഴ്ച നടത്തുന്ന വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിക്കുമെന്നും ഷാ വ്യക്തമാക്കി. ഷായുടെ രാജിക്കത്ത് കേന്ദ്ര പഴ്‌സനല്‍ മന്ത്രാലയത്തിലേക്ക് അയച്ചിരിക്കുകയാണ്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കശ്മീരില്‍ നിന്ന് ഷാ മല്‍സരിക്കുമെന്നാണ് സൂചന. നാഷനല്‍ കോണ്‍ഫറന്‍സ് ടിക്കറ്റിലായിരിക്കും ഷാ ഫൈസല്‍ മല്‍സരിക്കുകയെന്ന് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപോര്‍ട്ട് ചെയ്തു. ഫൈസലിനെ രാഷ്ട്രീയത്തിലേക്കു സ്വാഗതം ചെയ്യുന്നതായി ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷനല്‍ കോണ്‍ഫറന്‍സ് വൈസ് പ്രസിഡന്റുമായ ഒമര്‍ അബ്ദുല്ല അറിയിച്ചു.

ബ്യൂറോക്രസിയുടെ നഷ്ടം, രാഷ്ട്രീയത്തിന്റെ നേട്ടം, ഷാ ഫൈസലിന് സ്വാഗതമെന്നാണ് ഒമര്‍ അബ്ദുല്ല ട്വീറ്റ് ചെയ്തത്. അതേസമയം രാഷ്ട്രീയ പ്രവേശനം സംബന്ധിച്ചു കൂടുതല്‍ പ്രതികരണങ്ങള്‍ നടത്തുന്നതിന് അബ്ദുല്ല വിസമ്മതിച്ചു. 2010 ബാച്ചിലെ ഉദ്യോഗസ്ഥനായ ഫൈസല്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ആദ്യ കശ്മീര്‍ സ്വദേശിയാണ്. ജമ്മു ആന്റ് കശ്മീര്‍ കേഡറിലായിരുന്നു അദ്ദേഹത്തിന്റെ നിയമനം. ജില്ലാ മജിസ്‌ട്രേറ്റ്, ഡയറക്ടര്‍ ഓഫ് സ്‌കൂള്‍ എജ്യുക്കേഷന്‍, സംസ്ഥാന സര്‍ക്കാരിന് കീഴിലെ പവര്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ എംഡി എന്നീ സ്ഥാനങ്ങള്‍ ഷാ ഫൈസല്‍ വഹിച്ചിട്ടുണ്ട്. സിവില്‍ സര്‍വീസില്‍ പ്രവേശിച്ച അന്നു മുതല്‍ ഷാ വാര്‍ത്താമാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമായിരുന്നു. ഗുജറാത്തിലെ പീഡനവാര്‍ത്ത 'ഇന്ത്യയെ റേപിസ്താന്‍' എന്ന തലക്കെട്ടില്‍ ട്വീറ്റ് ചെയ്ത് വിവാദമാവുകയും തുടര്‍ന്ന് ഷാ ഫൈസലിനോട് പൊതുഭരണ വിഭാഗം വിശദീകരണം ചോദിക്കുകയും ചെയ്തിരുന്നു.

Next Story

RELATED STORIES

Share it