India

കേരളത്തില്‍ വലിയ തിരഞ്ഞെടുപ്പ് റാലികള്‍ നടത്തിയശേഷം കൊവിഡ് പ്രോട്ടോക്കോളിനെക്കുറിച്ച് സംസാരിക്കുന്നു; സോണിയാ ഗാന്ധിയെ വിമര്‍ശിച്ച് ജെ പി നദ്ദ

കേരളത്തില്‍ വലിയ തിരഞ്ഞെടുപ്പ് റാലികള്‍ നടത്തിയശേഷം കൊവിഡ് പ്രോട്ടോക്കോളിനെക്കുറിച്ച് സംസാരിക്കുന്നു; സോണിയാ ഗാന്ധിയെ വിമര്‍ശിച്ച് ജെ പി നദ്ദ
X

ന്യൂഡല്‍ഹി: കൊവിഡ് കൈകാര്യം ചെയ്യുന്നതിലുള്ള കേന്ദ്രസര്‍ക്കാരിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരേ കത്തിലൂടെ മറുപടി നല്‍കി ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദ. കേരളത്തിലെ തിരഞ്ഞെടുപ്പ് റാലികള്‍ കൊവിഡ് വ്യാപനത്തിന് കാരണമായെന്നടക്കമുള്ള രൂക്ഷവിമര്‍ശനങ്ങളാണ് കത്തിലൂടെ ഉന്നയിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തരേന്ത്യയില്‍ നടത്തിയ റാലികള്‍ക്കെതിരേ കോണ്‍ഗ്രസ് നേതൃത്വം രംഗത്തുവന്നതിനുള്ള മറുപടിയെന്നോണമാണ് നദ്ദയുടെ കത്ത്. നിങ്ങളുടെ നേതൃത്വത്തിലുള്ള പാര്‍ട്ടി സ്വന്തം താത്പര്യത്തിനായി ലോക്ക് ഡൗണുകളെ എതിര്‍ക്കുകയും പിന്നീടത് ആവശ്യപ്പെടുകയും ചെയ്യുന്നു.

കൊവിഡിന്റെ രണ്ടാം തരംഗത്തെക്കുറിച്ചുള്ള കേന്ദ്രത്തിന്റെ ഉപദേശങ്ങള്‍ അവഗണിക്കുകയും പിന്നീട് ഒരു വിവരവും ലഭിച്ചില്ലെന്ന് പറയുകയും ചെയ്തു. കൊവിഡ് കാലത്ത് നിങ്ങളുടെ ഒരു സഹായവും ലഭിച്ചിട്ടില്ല. കേരളത്തില്‍ വലിയ രീതിയില്‍ തിരഞ്ഞെടുപ്പ് റാലികള്‍ നടത്തിയത് കൊവിഡ് വര്‍ധനവിന് ഇടയാക്കി. തിരഞ്ഞെടുപ്പ് റാലികള്‍ നടത്തിയവര്‍ പിന്നെ കൊവിഡ് പ്രോട്ടോക്കോളിനെക്കുറിച്ച് സംസാരിക്കുകയാണ്. നിങ്ങള്‍ മറ്റിടങ്ങളിലെ തിരഞ്ഞെടുപ്പ് റാലികള്‍ എതിര്‍ക്കുന്നു. പ്രതിഷേധങ്ങളെ പിന്തുണയ്ക്കുന്നു, എന്നിട്ട് കൊവിഡ് ചട്ടങ്ങള്‍ പാലിക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നു. ഇത് കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പാണെന്ന നദ്ദ കത്തില്‍ പറഞ്ഞു.

കൊവിന്റെ രണ്ടാം തരംഗം വ്യാപിച്ചുകൊണ്ടിരിക്കുമ്പോഴും നിങ്ങളുടെ പാര്‍ട്ടി നേതാക്കള്‍ ഉത്തരേന്ത്യയിലെ സൂപ്പര്‍ സ്‌പ്രെഡ് രാഷ്ട്രീയ ചടങ്ങുകളില്‍ സന്തോഷത്തോടെ പങ്കെടുക്കുകയായിരുന്നു. അവിടെ മാസ്‌ക് ധരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്തില്ല. അത്തരം കാര്യങ്ങളൊന്നും പൊതുജനത്തിന്റെ മനസ്സില്‍നിന്ന് മായിച്ചുകളയാനാവില്ല. രാഹുല്‍ ഗാന്ധിയെയും കത്തില്‍ വിമര്‍ശിക്കുന്നുണ്ട്. രാഹുല്‍ ഗാന്ധിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ പെരുമാറ്റം ഇരട്ടത്താപ്പും നിന്ദ്യവുമാണ്.

ഇന്ത്യ വളരെ ധീരതയോടെ കൊവിഡിനെതിരേ പോരാടുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഊന്നല്‍ നല്‍കിയത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിലും പരിഭ്രാന്തി സൃഷ്ടിച്ച് രാഷ്ട്രീയം കളിക്കുന്നതിലുമാണ്. ഇന്ത്യയില്‍ നിര്‍മിച്ച കൊവാക്‌സിനെ കോണ്‍ഗ്രസ് പരിഹസിക്കുകയും ജനങ്ങളുടെ മനസ്സില്‍ സംശയം ജനിപ്പിക്കുകയും ചെയ്തു. വാക്‌സിന്റെ ചരിത്രമൊന്നുമില്ലാത്ത ഒരു രാജ്യത്ത്, അത് സജീവമായി സൃഷ്ടിക്കാന്‍ ശ്രമിച്ചപ്പോള്‍ സംശയമുണ്ടാക്കി. അതും ഒരു നൂറ്റാണ്ടിലെ മഹാമാരിയുടെ മധ്യത്തില്‍.

ഇന്ത്യയില്‍ നിര്‍മിച്ച വാക്‌സിന്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെയോ നേതാവിന്റെയോ അല്ല. അത് രാജ്യത്തിന്റേതാണ്. എന്നിട്ടും കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ശരിയായ കാര്യം ചെയ്യാന്‍ കഴിഞ്ഞില്ല. പകരം തെറ്റായ രാഷ്ട്രീയം കളിക്കുകയായിരുന്നു- ബിജെപി അധ്യക്ഷന്‍ പറഞ്ഞു. കഴിഞ്ഞദിവസം നടന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിലാണ് സോണിയാ ഗാന്ധി കൊവിഡ് പ്രതിരോധത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരേ രംഗത്തെത്തിയത്. മോദി സര്‍ക്കാര്‍ മഹാമാരിയെ അവഗണിച്ചതിന് രാജ്യം ഭയാനകരമായ വിലയാണ് നല്‍കുന്നതെന്നായിരുന്നു പ്രധാന വിമര്‍ശനം.

Next Story

RELATED STORIES

Share it