Sub Lead

കൊവിഡിന് പിന്നാലെ ചൈനയില്‍ മറ്റൊരു വൈറസും പടരുന്നു

കൊവിഡിന് പിന്നാലെ ചൈനയില്‍ മറ്റൊരു വൈറസും പടരുന്നു
X

ബീജിങ്: കൊവിഡ് മഹാമാരിക്ക് പിന്നാലെ ചൈനയില്‍ മറ്റൊരു വൈറസും പടരുന്നതായി റിപോര്‍ട്ട്. ജലദോഷപ്പനിയുടെ ലക്ഷണങ്ങള്‍ കാണിക്കുന്ന ഹ്യൂമന്‍ മെറ്റന്യൂമോ വൈറസ് (എച്ച്എംപിവി) എന്ന രോഗാണുവാണ് പടരുന്നത്. വൈറസ് ബാധയെ തുടര്‍ന്നുണ്ടായ ശ്വാസകോശ സംബന്ധിയായ പ്രശ്‌നങ്ങള്‍ മൂലം ആയിരക്കണക്കിന് പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി റിപോര്‍ട്ടുകള്‍ പറയുന്നു. പതിനാല് വയസില്‍ താഴെയുള്ളവരെയാണ് ഈ വൈറസ് കൂടുതലായും ബാധിക്കുക.

രോഗാണു ഏതെന്ന് വ്യക്തതയില്ലാത്ത ന്യൂമോണിയ കേസുകള്‍ വ്യാപകമായി റിപോര്‍ട്ട് ചെയ്യുന്നതായി ചൈനീസ് സര്‍ക്കാരും അറിയിച്ചു. ഇത്തരം രോഗികളെ ചികില്‍സിക്കാനും രോഗബാധതടയാനും പ്രത്യേക നടപടിക്രമങ്ങള്‍ രൂപീകരിച്ചതായി ഡിസീസ് കണ്‍ട്രോള്‍ അതോറിറ്റി പ്രഖ്യാപിച്ചു. രോഗബാധ ഭയന്ന് ആന്റി വൈറല്‍ മരുന്നുകള്‍ വെറുതെ വാങ്ങിക്കഴിക്കരുതെന്നും നിര്‍ദേശമുണ്ട്.

ഹ്യൂമന്‍ മെറ്റന്യൂമോ വൈറസ്

ശ്വാസകോശ സംബന്ധിയായ പ്രശ്‌നങ്ങള്‍ മൂലം ചികില്‍സയ്‌ക്കെത്തിയ കുട്ടികളില്‍ 2001ലാണ് ഈ വൈറസിനെ ആദ്യമായി കണ്ടെത്തിയത്. ആറു പതിറ്റാണ്ടായി ഈ വൈറസ് മനുഷ്യര്‍ക്കിടയിലുണ്ടെന്നും ഗവേഷകര്‍ക്ക് കണ്ടെത്താനായി. ഇത് ഇപ്പോള്‍ ലോകത്തെ ഏതാണ്ട് എല്ലാ രാജ്യങ്ങളിലും എത്തിയിട്ടുണ്ട്. വായുവിലൂടെയാണ് രോഗാണു മറ്റുള്ളവരിലേക്ക് എത്തുക. തുമ്മല്‍, ചുമ എന്നിവയിലൂടെയാണ് പ്രധാനമായും രോഗം പടരുക. രോഗബാധിതര്‍ സ്പര്‍ശിച്ച സ്ഥലങ്ങളില്‍ തൊടുന്നവര്‍ക്കും രോഗം വരാം. വൈറസ് ശരീരത്തിലെത്തി മൂന്നു മുതല്‍ അഞ്ചു വരെ ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണം കാണിക്കും. ഒരിക്കല്‍ രോഗം വന്നയാള്‍ക്ക് വീണ്ടും രോഗം വരാനുള്ള സാധ്യതയുമുണ്ട്. നിലവില്‍ ഇതിന് വാക്‌സിന്‍ കണ്ടെത്തിയിട്ടില്ല. തണുപ്പുകാലത്താണ് വൈറസ് ബാധ കൂടുതലായും ഉണ്ടാവുക. ജലദോഷം, കഫക്കെട്ട്, മൂക്കൊലിപ്പ്, പനി തുടങ്ങിയവയാണ് പ്രധാനലക്ഷണങ്ങള്‍. മതിയായ ചികില്‍സ ലഭിച്ചില്ലെങ്കില്‍ ബ്രോങ്ക്രൈറ്റിസോ ന്യൂമോണിയയോ ആയി മാറാം. അതിദുര്‍ബലമായ ആരോഗ്യമുള്ളവര്‍ മരിക്കാനുള്ള സാധ്യതയുണ്ട്.

Next Story

RELATED STORIES

Share it