Big stories

വലതുപക്ഷത്തിൻ്റെ കുതിച്ചു കയറ്റം

വലതുപക്ഷത്തിൻ്റെ കുതിച്ചു കയറ്റം
X

അനാമിക

തിരഞ്ഞെടുപ്പിലൂടെയുള്ള ഏകാധിപത്യം എന്ന പ്രയോഗം ഇക്കാലത്ത് അത്ര അപരിചിതമല്ല. പൗരന്മാരെ സാങ്കൽപ്പികമായ വംശശുദ്ധിയുടെയയോ രാജ്യത്തിൻ്റെ തനത് ഉടമകൾ എന്ന കപടവാദത്തിലൂടെയോ വിഭജിക്കുന്ന വലതുപക്ഷ രാഷ്ട്രീയ കക്ഷികൾ ഇന്ത്യ അടക്കമുള്ള പല രാജ്യങ്ങളിലും അധികാരമേറുന്നുണ്ട്. തങ്ങൾ നേരിടുന്ന പ്രശ്നങ്ങൾക്കൊക്കെ ഏകാധിപത്യമോ പട്ടാള ഭരണമോ പരിഹാരമാവുമെന്നു വാദിക്കുന്നവരും അത്ര കുറവല്ല. പട്ടാളത്തിൻ്റെ പിന്തുണയോടെയാണ് ബ്രസീലിൽ ജയിർ ബോൽസനാറോ കുറേ കാലം ഭരിച്ചത്. സമ്പന്നരാജ്യങ്ങളായ ഡെൻമാർക്ക്, നെതർലാൻഡ്, സ്വീഡൻ, നോർവേ തുടങ്ങിയ വളരെ ഉദാര സമീപനമുള്ള രാജ്യങ്ങളിൽ വരെ ഗീർട്ട് വിൽഡേഴ്സിനെ പോലുള്ള അസഹിഷ്ണുക്കൾ വൻതോതിൽ വോട്ട് വാങ്ങുന്നു.

അഭിപ്രായ വോട്ടെടുപ്പ് നടത്തുന്നതിൽ തൊഴിൽപരമായ വലിയ പ്രാഗല്ഭ്യം പ്രകടിപ്പിക്കുന്ന അമേരിക്കയിലെ പ്യൂ ഗവേഷണ കേന്ദ്രം 24 രാജ്യങ്ങളിൽ നടത്തിയ സർവേയുടെ ഫലങ്ങൾ ജനാധിപത്യത്തിലും അഭിപ്രായ സ്വാതന്ത്ര്യത്തിലും വിശ്വസിക്കുന്ന ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം വലിയ ആശങ്കയുളവാക്കുന്നതാണ്. 24 രാജ്യങ്ങളിൽ പെട്ട ഇന്ത്യയിൽ പ്രതിപക്ഷ പാർട്ടികൾക്ക് പ്രവർത്തന സ്വാതന്ത്ര്യം വേണമെന്നു കരുതുന്നവരുടെ ശതമാനം 2017ൽ പ്യൂ നടത്തിയ സർവേ ഫലങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ താഴോട്ടു പോവുന്നു.

2023 ആദ്യത്തിലാണ് അഭിപ്രായ വോട്ടെടുപ്പ് നടന്നത്. പൊതുവിൽ ലിംഗം, പ്രായം, വിദ്യാഭ്യാസം, ജീവിക്കുന്ന ഇടം എന്നിവ പരിഗണിച്ചു ഗവേഷകർ സാംഖികത്തിലെ നിബന്ധനകൾ പാലിച്ചുകൊണ്ട് വോട്ടെടുപ്പ് നടത്തി.

സർവേയിൽ ഉന്നയിച്ച ഒരു പ്രധാന ചോദ്യം രണ്ടുതരം ഏകാധിപത്യങ്ങളെ പറ്റിയായിരുന്നു.

1. പാർലമെൻ്റിൻ്റെയോ ജുഡീഷ്യറിയുടെയോ അനുവാദത്തിനു കാത്തിരിക്കാതെ ഒരാൾ എല്ലാം നിയന്ത്രിക്കുന്ന ഒരു വ്യവസ്ഥ.

2. സൈന്യത്തിൻ്റെ നിയന്ത്രണങ്ങളുള്ള ഒരു വ്യവസ്ഥ.

ഇന്ത്യയിലെ 35 ശതമാനം പേരും രണ്ടുരീതികളോടും യോജിച്ചപ്പോൾ സ്വീഡനിൽ അത് വെറും 8 ശതമാനമായിരുന്നു. സമ്പന്നരാജ്യങ്ങളിൽ പൊതുവിൽ അധികപേരും പരോക്ഷമായ ഏകാധിപത്യത്തെ എതിർത്തപ്പോൾ ഏഷ്യ-പസഫിക്, ആഫ്രിക്ക, ലാറ്റിനമേരിക്ക എന്നീ മേഖലകളിൽ പൗരന്മാരെ കൂടുതൽ നിയന്ത്രിക്കുന്ന ഘടനകൾക്കാണ് മുൻതൂക്കം ലഭിച്ചത്.

പ്രതിപക്ഷത്തിന് പ്രവർത്തന സ്വാതന്ത്ര്യം വേണമെന്നു പറയുന്ന രാജ്യങ്ങളിൽ ഇന്ത്യ വളരെ പിന്നിലായിരുന്നു. പൊതുവിൽ അഭിപ്രായ വോട്ടെടുപ്പിൽ പങ്കെടുത്ത ഇന്ത്യക്കാരിൽ വലിയ ഭൂരിപക്ഷം ശക്തനായ ഭരണാധികാരിയോ വിദഗ്ധന്മാരോ ഭരിക്കുന്നതിലാണ് താൽപ്പര്യം കാണിച്ചത്: 2017ൽ 65 ശതമാനം; 2023ൽ 82 ശതമാനം.

വാഷിങ്ടണിലെ ഫ്രീഡം ഹൗസ് പ്രസിദ്ധീകരിച്ച ഒരു റിപോർട്ടും ഒട്ടും ആശ്വാസം നൽകുന്നതല്ല. 2023ൽ 21 രാജ്യങ്ങളിൽ ജനാധിപത്യ മൂല്യങ്ങൾക്ക് കൂടുതൽ സ്വീകാര്യത ലഭിച്ചപ്പോൾ 52 ഇടങ്ങളിൽ അവ ദുർബലമാവുകയാണ്. കഴിഞ്ഞ 18 വർഷമായി തുടരുന്ന ഒരു പ്രവണതയാണിത്. അക്രമവും തിരഞ്ഞെടുപ്പു പ്രക്രിയയിലുള്ള കൈകടത്തലും ശക്തിപ്പെടുന്നു. മിക്കപ്പോഴും ഭരണകൂടത്തിൻ്റെ ഒത്താശയോടെ ഗുണ്ടാ സംഘങ്ങളാണ് ഇത് ചെയ്യുന്നത്. ലാറ്റിനമേരിക്കയിലെ ഇക്വഡോർ, ഫ്രീഡം ഹൗസിൻ്റെ പട്ടികയിൽ നേരത്തേ 'സ്വതന്ത്ര'മായിരുന്നു. ഇപ്പോഴത് ഭാഗികമായി മാത്രം സ്വതന്ത്രമായി.

പട്ടാള അട്ടിമറിയാണ് പലയിടത്തും ജനാധിപത്യ വ്യവസ്ഥയ്ക്ക് ഭീഷണിയാവുന്നത്. അട്ടിമറിയിലൂടെ അധികാരമേറുന്ന പട്ടാളത്തലവന്മാർ അങ്ങനെ മറ്റിടങ്ങളിൽ ഭരണം പിടിച്ചെടുത്ത് സൈനികരുമായി ഏകോപനം സാധിക്കുന്നു. സുദാൻ, തുണീസ്യ, ലിബിയ തുടങ്ങിയ രാജ്യങ്ങളിലെ യൂണിഫോം ധരിച്ച പ്രസിഡൻ്റുമാർ പ്രതിസന്ധികൾ തരണം ചെയ്യാൻ പരസ്പരം സഹായിക്കുന്നു.

ഫ്രീഡം ഹൗസ് റിപോർട്ട് പ്രധാനമായും ചൂണ്ടിക്കാണിക്കുന്ന പ്രശ്നം പല രാജ്യങ്ങളിലും ബഹുസ്വരതയ്ക്കു നേരെ ഉയരുന്ന വെല്ലുവിളിയാണ്. വംശശുദ്ധി വാദവും മതവുമൊക്കെ അതിനായി വിനിയോഗിക്കപ്പെടുന്നു.

Next Story

RELATED STORIES

Share it