India

ബംഗാള്‍ ഗവര്‍ണര്‍ക്കെതിരായ പോരാട്ടം; മമതയ്ക്ക് പിന്തുണയുമായി ബദ്ധവൈരികളായ ഇടതുപക്ഷം

ബംഗാള്‍ ഗവര്‍ണര്‍ക്കെതിരായ പോരാട്ടം; മമതയ്ക്ക് പിന്തുണയുമായി ബദ്ധവൈരികളായ ഇടതുപക്ഷം
X

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖറിനെതിരായ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ പോരാട്ടത്തിന് അപ്രതീക്ഷിത പിന്തുണ നല്‍കി ബദ്ധവൈരികളായ ഇടതുപക്ഷം. വോട്ടെടുപ്പിനുശേഷം പശ്ചിമ ബംഗാളിലുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട്ഗവര്‍ണര്‍ ജഗദീപ് ധന്‍ഖര്‍ ഡല്‍ഹിയില്‍ രാഷ്ട്രപതിയുമായും കേന്ദ്രമന്ത്രിമാരുമായും നിരന്തരം ചര്‍ച്ചകള്‍ നടത്തിവരുന്നതിനിടെയാണ് നിലപാട് വ്യക്തമാക്കി തൃണമൂല്‍ കോണ്‍ഗ്രസിന്റെ എതിര്‍ചേരിയിലുള്ള ഇടതുപക്ഷം രംഗത്തുവന്നത്. ഇടതുമുന്നണി ചെയര്‍മാന്‍ ബിമന്‍ ബോസാണ് ഗവര്‍ണറുടെ വിവാദപരമായ ഇടപെടലുകളെയും നയങ്ങളെയും ചോദ്യംചെയ്തത്. ബിജെപിയുടെ മുഖപത്രത്തെ പോലെയാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നതെന്ന് ആക്ഷേപിച്ച ഇടത് പാര്‍ട്ടികള്‍, അദ്ദേഹത്തിന്റെ പക്ഷപാതപരമായ ഇടപെടലുകളെയും ശക്തമായി അപലപിക്കുകയും ചെയ്തു.

ബിജെപിയുടെ ആളായിട്ടല്ല ഗവര്‍ണറെ നിയമിച്ചിട്ടുള്ളത്. എന്നാല്‍, അദ്ദേഹത്തിന്റെ പ്രവര്‍ത്തനം ഒരു ബിജെപി പ്രവര്‍ത്തകന് തുല്യമാണ്. ഇത് ഗവര്‍ണര്‍ പദവിക്ക് യോജിച്ചതല്ല. താനൊരു ബിജെപി പ്രവര്‍ത്തകനാണെന്ന് സ്വയം പ്രഖ്യാപിച്ചുകൊണ്ടാണ് ഗവര്‍ണറുടെ പ്രവര്‍ത്തനം. ഇത് ശരിയല്ല. പ്രത്യേകിച്ച് പശ്ചിമബംഗാളില്‍- ഇടത് മുന്നണി ചെയര്‍മാന്‍ ബിമന്‍ ബോസ് കൂട്ടിച്ചേര്‍ത്തു. ഗവര്‍ണര്‍ എല്ലാ മാനദണ്ഡങ്ങളും മറികടന്നുവെന്നും ഇനി സംസ്ഥാനത്തേക്ക് മടങ്ങരുതെന്നും തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു. പ്രത്യേക കാരണങ്ങളൊന്നും വ്യക്തമാക്കാതെയാണ് ധന്‍ഖര്‍ നാലുദിവസം മുമ്പ് ഡല്‍ഹിയിലേക്ക് പോയത്.

സംസ്ഥാനത്തെ ക്രമസമാധാനനില തകര്‍ന്നുവെന്നാരോപിച്ച് സുവേന്ദു അധികാരിയുടെ നേതൃത്വത്തില്‍ ബിജെപി എംഎല്‍എമാര്‍ ഗവര്‍ണര്‍ക്ക് നിവേദനം നല്‍കിയതിന് തൊട്ടുപിന്നാലെയായിരുന്നു ധന്‍ഖര്‍ ഡല്‍ഹിക്ക് പറന്നത്. ചൊവ്വാഴ്ച വൈകീട്ട് പുറപ്പെടുന്നതിന് മുമ്പ് സംസ്ഥാനത്തെ അക്രമങ്ങളെക്കുറിച്ച് മൗനം പാലിച്ചെന്നും ദുരിതമനുഭവിക്കുന്നവരെ പുനരധിവസിപ്പിക്കാന്‍ നടപടിയെടുക്കുന്നില്ലെന്നും ആരോപിച്ച് അദ്ദേഹം മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് ഒരു കത്തെഴുതിയിരുന്നു. ഈ കത്ത് അദ്ദേഹം ട്വിറ്ററിലൂടെ പുറത്തുവിടുകയും ചെയ്തു. മുഖ്യമന്ത്രിക്കുള്ള കത്ത് ട്വിറ്ററില്‍ പങ്കുവച്ച ഗവര്‍ണറുടെ ഈ നടപടി മാനദണ്ഡങ്ങള്‍ക്കെതിരാണെന്നായിരുന്നു മമത സര്‍ക്കാരിന്റെ ആരോപണം.

കഴിഞ്ഞ ദിവസങ്ങളില്‍ കേന്ദ്രമന്ത്രിമാരായ പ്രഹ്ലാദ് ജോഷി, പ്രഹ്ലാദ് സിങ് പട്ടേല്‍, ദേശീയ മനുഷ്യാവകാശ കമ്മീഷനെയും എന്നിവരുമായി കൂടിക്കാഴ്ച നടത്തിയതായി ഗവര്‍ണര്‍ അറിയിച്ചു. ആഭ്യന്തരമന്ത്രി അമിത് ഷായെ കാണുന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചിട്ടുണ്ട്. രാഷ്ട്രപതിയെ കാണാനായി ധന്‍ഖര്‍ ഇന്ന് രാഷ്ട്രപതി ഭവനിലെത്തിയിട്ടുണ്ട്. പശ്ചിമ ബംഗാളിനെ സാഹായിക്കുന്നതിന് ഡല്‍ഹിയില്‍നിന്ന് ദയവായി തിരിച്ചുവരരുതെന്ന് പരിഹസിച്ച് മെഹുവ മൊയ്ത്രയടക്കമുള്ള തൃണമൂല്‍ നേതാക്കള്‍ രംഗത്തുവന്നിട്ടുണ്ട്.

ഭരണഘടനയെയും അതിന്റെ മാനദണ്ഡങ്ങളെയും പരിഗണിക്കാത്ത ഇത്തരമൊരു ഗവര്‍ണറെ ഞങ്ങള്‍ കണ്ടിട്ടില്ല. എല്ലാ ഭരണഘടനാ മാനദണ്ഡങ്ങളും അദ്ദേഹം ലംഘിക്കുകയാണ്. നമ്മുടെ ഭരണഘടനയനുസരിച്ച് ഗവര്‍ണര്‍ നേതൃത്വം നല്‍കുന്ന മന്ത്രിസഭയുടെയും മുഖ്യമന്ത്രിയുടെയും നിര്‍ദേശപ്രകാരം പ്രവര്‍ത്തിക്കേണ്ടതാണ്. എന്നാല്‍ അദ്ദേഹം അത്തരമൊരു മാനദണ്ഡവും പാലിക്കുന്നില്ല. അദ്ദേഹത്തിന്റെ ആഗ്രഹങ്ങള്‍ക്കും താല്‍പര്യങ്ങള്‍ക്കും അനുസൃതമായി പ്രവര്‍ത്തിക്കുന്നു- മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സൗഗത റേ പറഞ്ഞു.

Next Story

RELATED STORIES

Share it