India

അലിഗഡ് യൂനിവേഴ്‌സിറ്റി പോലിസ് അതിക്രമം: ശക്തമായ നടപടി സ്വീകരിക്കണമെന്ന് എംഎസ്എഫ്

രജിസ്ട്രാറുടെയും വിസിയുടെയും രാജി ആവശ്യപ്പെട്ട് ഇപ്പോള്‍ യൂനിവേഴ്‌സിറ്റി കാംപസിനകത്ത് വിദ്യാര്‍ത്ഥി സമരം നടന്നു കൊണ്ടിരിക്കുകയാണ്.

അലിഗഡ് യൂനിവേഴ്‌സിറ്റി പോലിസ് അതിക്രമം:  ശക്തമായ നടപടി സ്വീകരിക്കണമെന്ന് എംഎസ്എഫ്
X

അലിഗഡ് : അലിഗഡ് മുസ്‌ലിം യൂനിവേഴ്‌സിറ്റി കാംപസില്‍ പോലിസ് നടത്തിയ നരനായാട്ടിനെതിരേ നടപടി എടുക്കണമെന്ന് എംഎസ്എഫ്. പോലിസ് അതിക്രമം നടന്ന ഒരു മാസം കഴിഞ്ഞിട്ടും ഇതുവരെ യാതൊരുവിധ അന്വേഷണ നടപടികള്‍ ഉണ്ടായിട്ടില്ലാത്തത് കുറ്റകരമാണ്. യൂനിവേഴ്‌സിറ്റി കാംപസിന്റെ അകത്ത് പ്രവേശിച്ച പോലിസ് വിദ്യാര്‍ഥികള്‍ക്ക് നേരെ ക്രൂരമായ അക്രമമാണ് അഴിച്ചുവിട്ടത്. ഹോസ്റ്റലില്‍ അകത്തേക്ക് ടിയര്‍ ഗ്യാസും ഗ്രനേഡുമായി ആണ് പോലിസ് എത്തിയത്. ഹോസ്റ്റല്‍ റൂമിനകത്ത് ഉറങ്ങിക്കിടക്കുന്ന വിദ്യാര്‍ഥികള്‍ക്ക് നേരെ ഗ്രനേഡ് എറിഞ്ഞും തോക്ക് ഉപയോഗിച്ചും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ആണ് പോലിസ് ചെയ്തത്. വിദ്യാര്‍ഥികള്‍ക്ക് നേരെ പോലിസ് വെടിവെപ്പുണ്ടായി. സമരങ്ങളെ അടിച്ചമര്‍ത്താന്‍ വിദ്യാര്‍ഥികളെ മൃഗീയമായാണ് യോഗി ആദിത്യനാഥ് പോലിസ് നേരിട്ടത്. കത്തിക്കരിഞ്ഞ ബെഡ്ഷീറ്റും വിദ്യാര്‍ത്ഥികളുടെ പഠന സാമഗ്രികളുമാണ് ഇപ്പോള്‍ മോറിസണ്‍ കോര്‍ട്ട് ഹോസ്റ്റലില്‍ അവശേഷിക്കുന്നത്.

അതേസമയം, പോലിസ് അതിക്രമത്തിനെതിരെയും, സിഎഎക്കെതിരെയും പ്രതിഷേധങ്ങള്‍ നടത്തിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഗുണ്ടാ ആക്ട്, എന്‍സിഎ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. വിദ്യാര്‍ഥി സമരത്തെ അടിച്ചൊതുക്കാന്‍ യൂനിവേഴ്‌സിറ്റിയുടെ രജിസ്ട്രാറുടെ അനുമതിയോടുകൂടി ആണ് പോലിസ് കാംപസ് അകത്തുകയറിയത് എന്നുള്ളത് ഏറെ പ്രതിഷേധാര്‍ഹമാണ്. വിദ്യാര്‍ഥികളെ പോലിസ് അതിക്രമത്തിന് വിട്ടുകൊടുത്ത് രജിസ്ട്രാറുടെയും വിസിയുടെയും രാജി ആവശ്യപ്പെട്ട് ഇപ്പോള്‍ യൂനിവേഴ്‌സിറ്റി കാംപസിനകത്ത് വിദ്യാര്‍ത്ഥി സമരം നടന്നു കൊണ്ടിരിക്കുകയാണ്.

അലിഗഡ് യൂനിവേഴ്‌സിറ്റി കാംപസില്‍ എത്തിയ എംഎസ്എഫ് സംഘം യൂനിവേഴ്‌സിറ്റി ഹോസ്റ്റലുകളും പരിക്കേറ്റ വിദ്യാര്‍ഥികളെയും സന്ദര്‍ശിച്ചു. എംഎസ്എഫ് ദേശീയ പ്രസിഡന്റ് ടി പി അഷ്‌റഫലി ഭാരവാഹികളായ ഇ ഷമീര്‍, പി വി അഹമ്മദ് സാജു, അദീബ് ഖാന്‍, ഉത്തര്‍പ്രദേശ് സംസ്ഥാന പ്രസിഡന്റ് കൈസര്‍ അബ്ബാസ്, താരിഖ് അബ്‌റാര്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

Next Story

RELATED STORIES

Share it