India

തമാശകള്‍ യാഥാര്‍ഥ്യമല്ല, അങ്ങനെയാണെന്ന് അവകാശപ്പെടരുത്; കോടതിയലക്ഷ്യ നോട്ടീസിന് മറുപടി നല്‍കി കുനാല്‍ കമ്ര

തമാശകള്‍ക്ക് പ്രതിരോധം ആവശ്യമില്ല. അത് ഹാസ്യനടന്റെ ധാരണയെ അടിസ്ഥാനമാക്കിയുള്ളതാണ്. ജുഡീഷ്യറിയില്‍ പൊതുജനങ്ങളുടെ വിശ്വാസം സ്ഥാപിതമായത് സ്ഥാപനങ്ങളുടെ സ്വന്തം പ്രവര്‍ത്തനങ്ങളിലാണ്, അല്ലാതെ അതിനെക്കുറിച്ചുള്ള വിമര്‍ശനങ്ങളിലോ വ്യാഖ്യാനങ്ങളിലോ അല്ല.

തമാശകള്‍ യാഥാര്‍ഥ്യമല്ല, അങ്ങനെയാണെന്ന് അവകാശപ്പെടരുത്; കോടതിയലക്ഷ്യ നോട്ടീസിന് മറുപടി നല്‍കി കുനാല്‍ കമ്ര
X

ന്യൂഡല്‍ഹി: തമാശകള്‍ യാഥാര്‍ഥ്യമല്ലെന്നും അങ്ങനെയാണെന്ന് അവകാശപ്പെടരുതെന്നും സ്റ്റാന്‍ഡപ്പ് കൊമേഡിയന്‍ കുനാല്‍ കമ്ര. ട്വിറ്ററില്‍ സുപ്രിംകോടതിയെ വിമര്‍ശിച്ചത് കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി അയച്ച നോട്ടീസിനുള്ള മറുപടിയിലാണ് കമ്രയുടെ പ്രതികരണം. തമാശകള്‍ക്ക് പ്രതിരോധം ആവശ്യമില്ല. അത് ഹാസ്യനടന്റെ ധാരണയെ അടിസ്ഥാനമാക്കിയുള്ളതാണ്. തമാശകള്‍ യാഥാര്‍ഥ്യമല്ല, അങ്ങനെയാണെന്ന് അവകാശപ്പെടരുത്. ജുഡീഷ്യറിയില്‍ പൊതുജനങ്ങളുടെ വിശ്വാസം സ്ഥാപിതമായത് സ്ഥാപനങ്ങളുടെ സ്വന്തം പ്രവര്‍ത്തനങ്ങളിലാണ്, അല്ലാതെ അതിനെക്കുറിച്ചുള്ള വിമര്‍ശനങ്ങളിലോ വ്യാഖ്യാനങ്ങളിലോ അല്ല. ആരുടെയും വിമര്‍ശനംകൊണ്ട് തകരുന്നതല്ല ആ വിശ്വാസ്യത.

വിശ്വാസ്യതയില്‍ ഭീഷണി നേരിടുന്നവര്‍ വിമര്‍ശനങ്ങളെയും ഭയപ്പെടുന്നു. ആക്ഷേപഹാസ്യത്തിന്റെയോ ഹാസ്യത്തിന്റെയോ വിഷയമായതിനാല്‍ മാത്രം ജഡ്ജിമാര്‍ ഉള്‍പ്പെടെയുള്ള ഏതെങ്കിലും ഉയര്‍ന്ന അധികാരികള്‍ക്ക് അവരുടെ ചുമതലകള്‍ നിര്‍വഹിക്കാന്‍ കഴിയില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. നിയമവ്യവസ്ഥയോടുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടാന്‍ ഉദ്ദേശിച്ചായിരുന്നില്ല തന്റെ ട്വീറ്റ്. പല കോടതികളുടെയും തീരുമാനങ്ങളോട് എനിക്ക് വിയോജിപ്പുണ്ട്, എന്നാല്‍, ഏത് തീരുമാനത്തെയും വിശാലമായ പുഞ്ചിരിയോടെ ഞാന്‍ ബഹുമാനിക്കും.

ഈ വിഷയത്തില്‍ ഈ ബെഞ്ചിനെയോ സുപ്രിംകോടതിയെയോ അപകീര്‍ത്തിപ്പെടുത്തില്ല. സുപ്രിംകോടതിക്കെതിരായ തന്റെ ട്വീറ്റുകള്‍ പിന്‍വലിക്കാനോ മാപ്പ് പറയാനോ തയ്യാറല്ലെന്ന് കുനാല്‍ കമ്ര ഫേസ്ബുക്കില്‍ കുറിച്ചു. ട്വീറ്റുകളിലൂടെ സുപ്രിംകോടതിയെ അപമാനിച്ചെന്നാരോപിച്ചാണ് കമ്രക്കെതിരേ കോടതിയലക്ഷ്യത്തിന് നോട്ടിസ് അയച്ചിരുന്നത്. ആത്മഹത്യാ പ്രേരണക്കേസില്‍ അറസ്റ്റിലായ ടിവി അവതാരകന്‍ അര്‍ണബ് ഗോസ്വാമിക്ക് ജാമ്യം അനുവദിച്ച സുപ്രിംകോടതി നടപടിയെ വിമര്‍ശിച്ചായിരുന്നു ട്വീറ്റ്.

ഇതിന് പിന്നാലെ ഇദ്ദേഹത്തിനെതിരേ അഭിഭാഷകരുള്‍പ്പെടെ എട്ടുപേര്‍ കേസ് നല്‍കുകയായിരുന്നു. 'എന്റെ ട്വീറ്റുകള്‍ അവയ്ക്കുവേണ്ടി സംസാരിച്ചു കൊള്ളും. മാപ്പില്ല, അഭിഭാഷകരില്ല, സ്‌പേസ് വെറുതേ കളയാനുമില്ല' എന്നായിരുന്നു കോടതിയലക്ഷ്യ നടപടികള്‍ക്ക് അറ്റോര്‍ണി ജനറലിന്റെ അനുമതി ശേഷമുള്ള കുനാലിന്റെ പ്രതികരണം. കോടതിയലക്ഷ്യക്കേസില്‍ നേരിട്ട് ഹാജരാവുന്നതില്‍നിന്ന് കമ്ര അടക്കമുള്ളവരെ കോടതി ഒഴിവാക്കിയിരുന്നു. പകരം ജുഡീഷ്യറിയെ അപകീര്‍ത്തിപ്പെടുത്തിയതിന് നടപടികള്‍ സ്വീകരിക്കാതിരിക്കാനുള്ള കാരണം വിശദീകരിക്കണമെന്ന് കോടതി നിര്‍ദേശിക്കുകയായിരുന്നു.

Next Story

RELATED STORIES

Share it