India

മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ രാജി രാഷ്ട്രപതി സ്വീകരിച്ചു

വെള്ളിയാഴ്ച രാത്രിയോടെയാണ് രാജി അംഗീകരിച്ചതായി കേന്ദ്ര നിയമമന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചത്. ഗുജറാത്ത് കലാപക്കേസിലെ പ്രതികള്‍ക്ക് ശിക്ഷ വിധിച്ചതിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ പ്രതികാരമാണ് തഹില്‍രമണിയുടെ സ്ഥലംമാറ്റമെന്നാണ് ആരോപണം.

മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ രാജി രാഷ്ട്രപതി സ്വീകരിച്ചു
X

ന്യൂഡല്‍ഹി: മേഘാലയയിലേക്ക് സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ച് രാജിവച്ച മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിജയ തഹില്‍രമണിയുടെ രാജി രാഷ്ട്രപതി അംഗീകരിച്ചു. വെള്ളിയാഴ്ച രാത്രിയോടെയാണ് രാജി അംഗീകരിച്ചതായി കേന്ദ്ര നിയമമന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചത്. ഗുജറാത്ത് കലാപക്കേസിലെ പ്രതികള്‍ക്ക് ശിക്ഷ വിധിച്ചതിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ പ്രതികാരമാണ് തഹില്‍രമണിയുടെ സ്ഥലംമാറ്റമെന്നാണ് ആരോപണം.

സപ്തംബര്‍ 6നാണ് തഹില്‍രമണി രാജി സമര്‍പ്പിച്ചത്. 2020 ഒക്ടോബര്‍ 3 വരെ സര്‍വീസുണ്ടായിരിക്കെയാണ് രാജ്യത്തെ മുതിര്‍ന്ന വനിതാ ന്യായാധിപയായ അവര്‍ രാജിവച്ചൊഴിയുന്നത്.

രാജ്യത്താകെയുള്ള രണ്ട് വനിതാ ചീഫ് ജസ്റ്റിസുമാരില്‍ ഒരാളാണ് തഹില്‍രമണി. ചെന്നൈയിലെ 75 ജഡ്ജിമാരുള്ള ഒരു ഹൈക്കോടതിയും 32 ജില്ലകളിലെ സബോര്‍ഡിനേറ്റ് കോടതികളും പുതുച്ചേരിയെന്ന കേന്ദ്രഭരണപ്രദേശത്തെ കോടതികളുടെയും തലപ്പത്ത് നിന്നാണ് വെറും മൂന്ന് ജഡ്ജിമാരും ഏഴ് ജില്ലകളിലെ സബോര്‍ഡിനേറ്റ് കോടതികളുമുള്ള മേഘാലയയിലേക്ക് അവരെ സ്ഥലം മാറ്റുന്നത്.

കീഴ്‌വഴക്കം ലംഘിച്ചുകൊണ്ട് നടത്തപ്പെടുന്ന ഈ സ്ഥലംമാറ്റം, ശിക്ഷണനടപടിക്ക് തുല്യമായാണ് കണക്കാക്കപ്പെടുന്നത്. അതുകൊണ്ടാണ്, സ്ഥലം മാറ്റത്തെ ചോദ്യം ചെയ്ത് കൊളീജിയത്തിന് സമര്‍പ്പിച്ച പരാതി തള്ളിയതിന് തൊട്ടുപിന്നാലെ ജസ്റ്റിസ് തഹില്‍രമണി രാജിവച്ചത്. ഇപ്പോള്‍ അവിടെ ചീഫ് ജസ്റ്റിസ് ആയിരിക്കുന്ന അജയ് കുമാര്‍ മിത്തലിനെ സ്ഥലം മാറ്റിയിട്ടാണ് ജസ്റ്റിസ് തഹില്‍രമണിയെ അങ്ങോട്ട് സ്ഥലംമാറ്റാന്‍ കൊളീജിയം തീരുമാനിച്ചത്.

1982ലാണ് അവര്‍ മഹാരാഷ്ട്ര ബാര്‍ കൗണ്‍സിലില്‍ അഭിഭാഷകയായി എന്റോള്‍ ചെയ്യുന്നത്. 2001 ല്‍ ബോംബെ ഹൈക്കോടതിയില്‍ ജഡ്ജിയായി സ്ഥാനക്കയറ്റം കിട്ടി. 2018 ആഗസ്തിലാണ് ബോംബെ ഹൈക്കോടതിയില്‍ ജഡ്ജായിരുന്ന വിജയ തഹില്‍രമണി മദ്രാസ് ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് ആയി നിയമിക്കുന്നത്. അറുപതാം വയസ്സിലായിരുന്നു അവര്‍ക്ക് ചീഫ് ജസ്റ്റിസ് സ്ഥാനം കിട്ടുന്നത്. സുപ്രിം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തില്‍ കൂടിയ കൊളീജിയം മീറ്റിങ്ങിലാണ് ഈ തീരുമാനം കൈക്കൊണ്ടത്.

വിജയ തഹില്‍രമണി ബോംബെ ഹൈക്കോടതിയില്‍ ജഡ്ജിയായിരിക്കെയാണ് 2017 ല്‍ ഗുജറാത്ത് കലാപത്തോടനുബന്ധിച്ചുള്ള ബില്‍ക്കിസ് ബാനു കേസ് വിചാരണയ്‌ക്കെടുക്കുന്നത്. ആ കേസില്‍ പതിനൊന്നു പ്രതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു.

2017ലും സമാനമായൊരു സ്ഥലം മാറ്റം ജുഡീഷ്യറിയില്‍ വിവാദം സൃഷ്ടിച്ചിരുന്നു. കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കപ്പെടാനിരിക്കെ ജസ്റ്റിസ് ജയന്ത് പട്ടേലിനെ അലഹാബാദ് ഹൈക്കോടതിയിലേക്ക് മാറ്റിയതില്‍ പ്രതിഷേധിച്ച് അദ്ദേഹം രാജി വച്ചിരുന്നു. ഗുജറാത്ത് ഹൈക്കോടതിയില്‍ ഇശ്‌റത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ബെഞ്ചിലെ അംഗമായിരുന്നു ജസ്റ്റിസ് ജയന്ത് പട്ടേല്‍.

Next Story

RELATED STORIES

Share it