India

സാമ്പത്തിക സംവരണം ചരിത്രപരമായ തീരുമാനമെന്നു രാഷ്ട്രപതി

ബജറ്റ് സമ്മേളനത്തിനു മുന്നോടിയായി പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യവെയാണ് മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് 10 ശതമാനം സാമ്പത്തിക സംവരണം ഏര്‍പെടുത്തിയതിനെയും മുത്തലാഖ് ബില്ലിനെയും പൗരത്വ ഭേദഗതി ബില്ലിനെയും നോട്ടുനിരോധനത്തെയും രാഷ്ട്രപതി പ്രശംസിച്ചത്‌

സാമ്പത്തിക സംവരണം ചരിത്രപരമായ തീരുമാനമെന്നു രാഷ്ട്രപതി
X

ന്യൂഡല്‍ഹി: മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് 10 ശതമാനം സാമ്പത്തിക സംവരണം ഏര്‍പെടുത്തിയ നരേന്ദ്രമോദി സര്‍ക്കാരിന്റെ തീരുമാനം ചരിത്രപരമാണെന്നു രാഷ്ട്രപതി രാംനാഥ് ഗോവിന്ദ്. പാവപ്പെട്ടവര്‍ക്കു നീതി ലഭ്യമാക്കുന്നതിനുള്ള ചരിത്രപരമായ തീരമാനമാണ് സര്‍ക്കാര്‍ കൈക്കൊണ്ടത്. ദാരിദ്ര്യം കൊണ്ട് അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടവര്‍ക്കു ആശ്വാസമാവുന്നതാണ് ബില്ലെന്നും ബജറ്റ് സമ്മേളനത്തിനു മുന്നോടിയായി പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യവെ രാഷ്ട്രപതി അഭിപ്രായപ്പെട്ടു. മുത്തലാഖ് ബില്ലിനെയും പൗരത്വ ഭേദഗതി ബില്ലിനെയും നോട്ടുനിരോധനത്തെയും രാഷ്ട്രപതി പ്രശംസിച്ചു. എല്ലാ സ്ത്രീകളെയും പോലെ ഭയരഹിതമായി മികച്ച ജീവിതം നയിക്കാന്‍ മുസ്ലിം സ്ത്രീകളെ പ്രാപതരാക്കുന്നതാണ് മുത്തലാഖ് ബില്‍. ഇത് നടപ്പിലാക്കുക എന്നത് ഈ സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. ഇന്ത്യയിലെത്തുന്ന അഭയാര്‍ത്ഥികള്‍ക്കു പൗരത്വം നല്‍കുന്നതിന് പൗരത്വ ഭേദഗതി ബില്‍ സഹായകരമാവും. ഇത്തരത്തില്‍ അഭയാര്‍ത്ഥികളായി എത്തുന്നവര്‍ സാഹചര്യങ്ങളുടെ ഇരകളാണ്. കള്ളപ്പണത്തിനെതിരായ പോരാട്ടത്തില്‍ സര്‍ക്കാര്‍ കൈക്കൊണ്ട ഏറ്റവും മികച്ച നടപടിയാണ് നോട്ടുനിരോധനം. അഴിമതിയും കള്ളപ്പണവും തടയാന്‍ സര്‍ക്കാരിനു സാധിച്ചു. തന്റെ പണം നേരായ മാര്‍ഗത്തിലാണ് ഉപയോഗിക്കപ്പെടുന്നതെന്ന തോന്നല്‍ നികുതി നല്‍കുന്നവരില്‍ ഉണ്ടാക്കാന്‍ ഈ സര്‍ക്കാരിനു സാധിച്ചു. അടിസ്ഥാന സൗകര്യങ്ങള്‍, ആരോഗ്യം, പാര്‍പ്പിടം, വിദ്യാഭ്യാസം തുടങ്ങി എല്ലാ മേഖലകളിലും വികസനം കൊണ്ടുവരാന്‍ സര്‍ക്കാരിനു സാധിച്ചെന്നും രാഷ്ട്രപതി അവകാശപ്പെട്ടു.

Next Story

RELATED STORIES

Share it