India

എംഐടി കോണ്‍ഫറന്‍സില്‍ സുബ്രഹ്മണ്യന്‍ സ്വാമിയെ ക്ഷണിച്ചതിനെതിരേ പെറ്റീഷന്‍ കാംപയിന്‍

സുബ്രഹ്മണ്യന്‍ സ്വാമിയുടെ മുസ്‌ലിം വിരുദ്ധ പ്രസംഗങ്ങളുടെയും പരാമര്‍ശങ്ങളുടെ തെളിവ് സഹിതമാണ് ഓണ്‍ ലൈന്‍ പെറ്റീഷന്‍ കാംപയിന്‍ ആരംഭിച്ചിട്ടുള്ളത്

എംഐടി കോണ്‍ഫറന്‍സില്‍ സുബ്രഹ്മണ്യന്‍ സ്വാമിയെ ക്ഷണിച്ചതിനെതിരേ പെറ്റീഷന്‍ കാംപയിന്‍
X

ന്യൂഡല്‍ഹി: മുസ്‌ലിം വിരുദ്ധവും വിദ്വേഷം ജനിപ്പിക്കുന്നതുമായ പ്രസംഗങ്ങളിലൂടെ കുപ്രസിദ്ധനായ ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമിയെ ഒമ്പതാമത് മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജീസ് ഇന്ത്യ കോണ്‍ഫറന്‍സില്‍ മുഖ്യപ്രഭാഷകനായി ക്ഷണിച്ചതിനെതിരേ പ്രതിഷേധം. സുബ്രഹ്മണ്യന്‍ സ്വാമിയുടെ മുസ്‌ലിം വിരുദ്ധ പ്രസംഗങ്ങളുടെയും പരാമര്‍ശങ്ങളുടെ തെളിവ് സഹിതമാണ് ഓണ്‍ ലൈന്‍ പെറ്റീഷന്‍ കാംപയിന്‍ ആരംഭിച്ചിട്ടുള്ളത്. ഫെബ്രുവരി 16നാണ് വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വേണ്ടി പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. പരിപാടിയിലെ 16 പ്രഭാഷകരില്‍ ഒരാളായാണ് സ്വാമിയെ അവരുടെ വെബ്‌സൈറ്റില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. സ്വാമിയുടെ പരാമര്‍ശങ്ങള്‍ സ്ഥാപനത്തിന്റെ മൂല്യങ്ങള്‍ക്കും തത്വങ്ങള്‍ക്കും എതിരാണെന്ന് ചേയ്ഞ്ച് ഡോട്ട് ഓര്‍ഗിലെ പരാതികളില്‍ പറയുന്നു. ഫാക്കല്‍റ്റി അംഗങ്ങളായ അഭിജിത്ത് ബാനര്‍ജി, അരിന്തം ദത്ത, ബാലകൃഷ്ണ്ന്‍ രാജഗോപാല്‍, മൃഗാംക സുര്‍, റുത് പെരി, സാലി ഹാസ്‌ലാംഗര്‍, എലിസബത്ത് എ വുഡ്, ഹെലന്‍ ഇ ലീ, അഭ സുര്‍ തുടങ്ങിയവര്‍ ഒപ്പിട്ട പരാതിയില്‍ ശനിയാഴ്ച മാത്രം 1301 പേര്‍ ഒപ്പിട്ടിട്ടുണ്ട്.


ഇസ് ലാമിക തീവ്രവാദത്തെ തുടച്ചുനീക്കുക എന്ന പേരില്‍ സ്വാമി നടത്തുന്ന പ്രസ്താവനകള്‍ മുസ്‌ലിംകളെയും ഇസ്‌ലാം മത വിശ്വാസികളുടെ ആരാധന സ്ഥലങ്ങളെയും അവമതിക്കുന്നതാണെന്നു പരാതിയില്‍ പറയുന്നു. മുസ്‌ലിംകള്‍ ഹിന്ദു വിശ്വാസം മുറുകെ പിടിക്കണമെന്നും ഹൈന്ദവാചാരം പിന്തുടരണമെന്നും ആവശ്യപ്പെടുന്ന അദ്ദേഹം മുസ്‌ലിം ആരാധനാലയങ്ങള്‍ പൊളിച്ചുമാറ്റണമെന്നും ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ മാസം കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ ലൈംഗികച്ചുവയോടെ അധിക്ഷേപിച്ചിരുന്നു. 2011ല്‍ ഹാവഡ് യൂനിവേഴ്‌സിറ്റി സുബ്രഹ് മണ്യന്‍ സ്വാമിക്ക് പഠനാനുമതി നിഷേധിച്ച കാര്യവും പരാതിക്കാര്‍ എടുത്തുപറയുന്നുണ്ട്. ഹാവഡ് യൂനിവേഴ്‌സിറ്റി തങ്ങളുടെ ധാര്‍മികതയാണ് ഉയര്‍ത്തിപ്പിടിച്ചതെന്നും ന്യൂനപക്ഷങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതൊന്നും ചെയ്യരുതെന്നാണ് തീരുമാനിച്ചതെന്നും മതങ്ങള്‍ തമ്മിലുള്ള താരതമ്യ പഠനം നടത്തുന്ന പ്രഫ. ഡയാന എക്കിന്റെ പ്രസ്താവനയും കൂടെ ചേര്‍ക്കുന്നുണ്ട്. ദക്ഷിണേഷ്യന്‍ ഹിസ്റ്ററി വകുപ്പിലെ അസി. പ്രഫസര്‍ ഓഡ്രി ട്രഷ്‌കെ രൂക്ഷമായ ഭാഷയിലാണ് സ്വാമിയെ വിമര്‍ശിച്ചത്. സുബ്രഹ്മണ്യന്‍ സ്വാമി വര്‍ഗീയവാദിയും ഹോമോഫോബികും മുസ്‌ലിം-സ്ത്രീ വിരുദ്ധനുമാണെന്നു അദ്ദേഹം പറഞ്ഞു. മസാച്യുസെറ്റ്‌സില്‍ ഇത്തരക്കാരെ ക്ഷണിച്ചത് ശരിയായില്ലെന്നും അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി. ഹൈദരാബാദ് യൂനിവേഴ്‌സിറ്റിയില്‍ ജാതി വിവേചനത്തെ തുടര്‍ന്ന് ദലിത് വിദ്യാര്‍ഥി രോഹിത് വെമുല ആത്മഹത്യ ചെയ്തപ്പോള്‍ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നുവന്നിരുന്നു. പ്രതിഷേധക്കാരെ സുബ്രഹ് മണ്യന്‍ സ്വാമി തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ നായകള്‍ എന്നാണ് വിളിച്ചത്. ബാബരി മസ്ജിദ് വിഷയത്തില്‍ സ്വാമിയുടെ കുപ്രസിദ്ധമായ പരാമര്‍ശം ഇങ്ങനെയായിരുന്നു: മുസ്‌ലിംകള്‍ക്ക് ഞങ്ങള്‍ ഹിന്ദുക്കള്‍ കൃഷ്ണദേവന്റെ പാക്കേജ് പ്രഖ്യാപിക്കുകയാണ്. മൂന്നു ക്ഷേത്രങ്ങള്‍ നമുക്ക് നല്‍കൂ, 39997 മസ്ജിദുകള്‍ സംരക്ഷിക്കൂ. മുസ്‌ലിം നേതാക്കള്‍ ദുര്യോധനന്‍മാരാവില്ലെന്നാണ് പ്രതീക്ഷ എന്നായിരുന്നു. സ്ഥാപനത്തിന്റെ പ്രസിഡന്റിനു നല്‍കുന്ന പെറ്റീഷന്‍ കാംപയിനില്‍ ദിവസം കഴിയുന്തോറും നിരവധി പേരാണ് ഒപ്പിടുന്നത്.




Next Story

RELATED STORIES

Share it