India

നിയമലംഘനം; എച്ച്ഡിഎഫ്‌സി ബാങ്കിന് 10 കോടി പിഴ ചുമത്തി റിസര്‍വ് ബാങ്ക്

നിയമലംഘനം; എച്ച്ഡിഎഫ്‌സി ബാങ്കിന് 10 കോടി പിഴ ചുമത്തി റിസര്‍വ് ബാങ്ക്
X

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യബാങ്കായ എച്ച്ഡിഎഫ്‌സി ബാങ്ക് ലിമിറ്റഡിന് 10 കോടി രൂപ പിഴ ചുമത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. 1949 ലെ ബാങ്കിങ് നിയന്ത്രണ നിയമത്തിലെ 6 (2), 8 വകുപ്പുകള്‍ എച്ച്ഡിഎഫ്‌സി ബാങ്ക് ലംഘിച്ചതിനെത്തുടര്‍ന്നാണ് റിസര്‍വ് ബാങ്കിന്റെ നിര്‍ണായക തീരുമാനം. നിയമം പാലിക്കുന്നതിലെ അപാകതകള്‍ അടിസ്ഥാനമാക്കിയാണ് ഈ നടപടിയെന്ന് റിസര്‍വ് ബാങ്ക് വെള്ളിയാഴ്ച അറിയിച്ചു. അതേസമയം, ഈ സംഭവത്തിന്റെ പേരില്‍ ബാങ്കിന്റെ ഇടപാടുകളോ കരാറുകളോ ചോദ്യം ചെയ്യപ്പെടുന്നില്ലെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.

ബാങ്കിന്റെ വാഹന വായ്പാ പോര്‍ട്ട്‌ഫോളിയോയിലുള്ള ക്രമക്കേടുകള്‍ സംബന്ധിച്ച പരാതിയില്‍ നടന്ന അന്വേഷണത്തിലാണ് അപാകതകള്‍ റിസര്‍വ് ബാങ്ക് കണ്ടെത്തിയത്. മാര്‍ക്കറ്റിങ് രേഖകളും ഉപഭോക്താക്കള്‍ക്കായുള്ള തേര്‍ഡ് പാര്‍ട്ടി സാമ്പത്തികേതര ഉത്പന്നങ്ങളും അന്വേഷണത്തിന്റെ ഭാഗമായി റിസര്‍വ് ബാങ്ക് സംഘം പരിശോധിച്ചു. വിഷയത്തില്‍ കാരണം കാണിക്കല്‍ നോട്ടീസ് കേന്ദ്ര ബാങ്ക് എച്ച്ഡിഎഫ്‌സി ബാങ്കിന് നല്‍കിയിരുന്നു. എന്നാല്‍, ബാങ്കിന്റെ വിശദീകരണം റിസര്‍വ് ബാങ്കിന് തൃപ്തിയായില്ല. ശേഷം ബാങ്ക് സമര്‍പ്പിച്ച രേഖകളുടെ കൂടെ അടിസ്ഥാനത്തില്‍ ക്രമക്കേട് നടന്നതായി റിസര്‍വ് ബാങ്ക് കണ്ടെത്തി.

ബാങ്കിങ് നിയന്ത്രണ നിയമത്തിലെ എട്ടാം വകുപ്പ് പ്രകാരം സാധനങ്ങള്‍ വാങ്ങുന്നതിനോ വില്‍ക്കുന്നതിനോ കൈമാറ്റം ചെയ്യുന്നതിനോ ബാങ്കുകള്‍ക്ക് അനുവാദമില്ല. ബാങ്കിങ് നിയന്ത്രണ നിയമത്തിലെ വകുപ്പ് 47A (1) (c), വകുപ്പ് 46 (4) (i) എന്നിവ പ്രാകരമുള്ള അധികാരം മുന്‍നിര്‍ത്തിയാണ് റിസര്‍വ് ബാങ്ക് എച്ച്ഡിഎഫ്‌സി ബാങ്കിന് 10 കോടി രൂപ പിഴ വിധിച്ചത്. മുമ്പ്, വരാനിരിക്കുന്ന ഡിജിറ്റല്‍ ബിസിനസ് പ്രവര്‍ത്തനങ്ങളും പുതിയ ക്രെഡിറ്റ് കാര്‍ഡ് നടപടികളും താത്കാലികമായി നിര്‍ത്തിവയ്ക്കാന്‍ റിസര്‍വ് ബാങ്ക് എച്ച്ഡിഎഫ്‌സി ബാങ്കിനോട് ആവശ്യപ്പെട്ടിരുന്നു. പ്രാഥമിക ഡേറ്റാ കേന്ദ്രത്തിലെ വൈദ്യുതി നിലച്ചതിനെത്തുടര്‍ന്നാണ് റിസര്‍വ് ബാങ്ക് ഇത്തരമൊരു ആവശ്യം മുന്നോട്ടുവച്ചിരുന്നത്.

Next Story

RELATED STORIES

Share it