India

കൊവിഡിനെതിരായ യുദ്ധത്തിന്റെ ചുമതല ഗഡ്കരിയെ ഏല്‍പ്പിക്കൂ; മോദിയെ പരോക്ഷമായി വിമര്‍ശിച്ച് ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി

കൊവിഡ് വ്യാപനത്തിന്റെ മൂന്നാംതരംഗം കുട്ടികളെയായിരിക്കും കൂടുതല്‍ ബാധിക്കുക. ഈ മഹാമാരിയെ നിയന്ത്രിക്കാനുള്ള ഉത്തരവാദിത്തം നിതിന്‍ ഗഡ്കരിക്ക് കൈമാറണം. പ്രധാനമന്ത്രിയുടെ ഓഫിസിനെ വിശ്വസിക്കുന്നത് ഉപയോഗശൂന്യമാണ്. ഇന്ത്യന്‍ നഗരങ്ങളിലെ ഡസന്‍ കണക്കിന് ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം നേരിടുകയാണ്.

കൊവിഡിനെതിരായ യുദ്ധത്തിന്റെ ചുമതല ഗഡ്കരിയെ ഏല്‍പ്പിക്കൂ; മോദിയെ പരോക്ഷമായി വിമര്‍ശിച്ച് ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി
X

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം അതിതീവ്രമായി തുടരുമ്പോള്‍ പ്രതിരോധ നടപടികള്‍ ഫലം കാണാത്ത സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ പരോക്ഷവിമര്‍ശനവുമായി ബിജെപി രാജ്യസഭാ എംപി സുബ്രഹ്മണ്യന്‍ സ്വാമി രംഗത്ത്. കൊവിഡ് മഹാമാരിക്കെതിരായ യുദ്ധത്തിന്റെ ചുമതല കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയെ ഏല്‍പ്പിക്കണമെന്നാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ആവശ്യം. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രിയോട് ബിജെപി എംപി ഈ ആവശ്യമുന്നയിച്ചത്. രാജ്യത്തെ കൊവിഡ് വ്യാപനം പിടിച്ചുനിര്‍ത്തുന്നതിലും ഓക്‌സിജന്‍ വിതരണം കാര്യക്ഷമമാക്കാത്തതിനെതിരേയും പ്രധാനമന്ത്രിക്കെതിരേ പ്രതിഷേധം ശക്തമാണ്.

സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രധാനമന്ത്രി രാജിവയ്ക്കണമെന്ന ആവശ്യവുമായി ഹാഷ് ടാഗ് കാംപയിനും നടന്നിരുന്നു. അതിനിടയിലാണ് പ്രധാനമന്ത്രിയുടെ കൊവിഡ് പ്രതിരോധത്തില്‍ പരോക്ഷമായി വീഴ്ച ചൂണ്ടിക്കാട്ടി സുബ്രഹ്മണ്യന്‍ സ്വാമി രംഗത്തുവന്നത്. കൊവിഡ് വ്യാപനത്തിന്റെ മൂന്നാംതരംഗം കുട്ടികളെയായിരിക്കും കൂടുതല്‍ ബാധിക്കുക. ഈ മഹാമാരിയെ നിയന്ത്രിക്കാനുള്ള ഉത്തരവാദിത്തം നിതിന്‍ ഗഡ്കരിക്ക് കൈമാറണം. പ്രധാനമന്ത്രിയുടെ ഓഫിസിനെ വിശ്വസിക്കുന്നത് ഉപയോഗശൂന്യമാണ്. ഇന്ത്യന്‍ നഗരങ്ങളിലെ ഡസന്‍ കണക്കിന് ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം നേരിടുകയാണ്. രോഗികളുടെ ബന്ധുക്കള്‍ ഓക്‌സിജന്‍ സിലിണ്ടറിനായി നെട്ടോട്ടമോടുന്നു.

നിരാശയും വേദനയും വ്യാപിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരുവിഭാഗം പൗരന്‍മാര്‍ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ഇസ്‌ലാമിക അധിനിവേശക്കാരെയും ബ്രിട്ടീഷ് സാമ്രാജ്യത്വത്തെയും പോലെ ഇന്ത്യ കൊറോണ വൈറസ് മഹാമാരിയെയും അതിജീവിക്കുമെന്ന് ട്വീറ്റില്‍ സുബ്രഹ്മണ്യന്‍ സ്വാമി കുറിച്ചു. കര്‍ശനമായ മുന്‍കരുതലുകളെടുത്തില്ലെങ്കില്‍ കുട്ടികളെ ലക്ഷ്യമിടുന്ന ഒരുതരംഗം കൂടി നമുക്ക് നേരിടേണ്ടിവരും. അതിനാല്‍, മോദി ഈ യുദ്ധത്തിന്റെ ചുമതല ഗഡ്കരിക്ക് കൈമാറണം.

തന്റെ വിമര്‍ശനം പ്രധാനമന്ത്രിയെ അല്ല, ഒരു വകുപ്പായ പിഎംഒയെക്കുറിച്ചാണെന്നും സ്വാമി വ്യക്തമാക്കി. പകര്‍ച്ചവ്യാധി കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെട്ട ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധനെ പുറത്താക്കണമെന്ന് ട്വിറ്ററില്‍ വന്ന കമന്റിനോട് സ്വാമി വിയോജിച്ചു. അത് ശരിയല്ല. ഹര്‍ഷവര്‍ധന്റെ കൈകള്‍ സ്വതന്ത്രമല്ലെന്നായിരുന്നു മറുപടി. കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ രാജ്യത്തപ്രധാനമന്ത്രിയെ ലക്ഷ്യമിട്ടുള്ള സ്വാമിയുടെ വിമര്‍ശനം ബിജെപി കേന്ദ്രങ്ങളില്‍ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കും.

Next Story

RELATED STORIES

Share it