India

വിവിപാറ്റ് ആദ്യം എണ്ണണം; പ്രതിപക്ഷത്തിന്റെ ആവശ്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് തീരുമാനമെടുക്കും

വിവിപാറ്റില്‍ പൊരുത്തക്കേട് ശ്രദ്ധയില്‍പ്പെട്ടാല്‍ ആ മണ്ഡലത്തിലെ 100 ശതമാനം വിവിപാറ്റുകളും എണ്ണി വോട്ടുമായി ഒത്തുനോക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്.

വിവിപാറ്റ് ആദ്യം എണ്ണണം; പ്രതിപക്ഷത്തിന്റെ ആവശ്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് തീരുമാനമെടുക്കും
X

ന്യൂഡല്‍ഹി: ഒരു നിയമസഭാ മണ്ഡലത്തിലെ അഞ്ച് പോളിങ് ബൂത്തുകളിലെ വിവിപാറ്റ് രസീതുകള്‍ ആദ്യം എണ്ണണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് തീരുമാനമെടുക്കും. വിവിപാറ്റില്‍ പൊരുത്തക്കേട് ശ്രദ്ധയില്‍പ്പെട്ടാല്‍ ആ മണ്ഡലത്തിലെ 100 ശതമാനം വിവിപാറ്റുകളും എണ്ണി വോട്ടുമായി ഒത്തുനോക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്.

ഉത്തര്‍പ്രദേശിലെ ഗാസിപൂരില്‍ സ്‌ട്രോങ് റൂമില്‍നിന്ന് ഇവിഎം കൊണ്ടുപോവാനുള്ള തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നീക്കം എസ്പി- ബിഎസ്പി സഖ്യസ്ഥാനാര്‍ഥി തടഞ്ഞിരുന്നു. ഇതിന് പിന്നാലെ യുപിയിലെ മറ്റ് മണ്ഡലങ്ങളിലും ഹരിയാനയിലും പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളുടെ പശ്ചാത്തലത്തില്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ അട്ടിമറി നീക്കമെന്ന ആരോപണം പ്രതിപക്ഷം ശക്തമാക്കി. തുടര്‍ന്നാണ് ഇവിഎം ക്രമക്കേട് മുഖ്യവിഷയമാക്കാന്‍ ഡല്‍ഹിയില്‍ ചേര്‍ന്ന 22 പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ യോഗം തീരുമാനിച്ചതും കമ്മീഷനെ കണ്ടതും.

ഇവിഎം സുരക്ഷയില്‍ പ്രതിപക്ഷ നേതാക്കള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ ആശങ്ക അറിയിക്കുകയും ചെയ്തു. വോട്ടുവ്യത്യാസമുണ്ടായാല്‍ കമ്മീഷന്‍ സ്വീകരിക്കുന്ന നടപടി അറിയിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ഇക്കാര്യം ഇന്ന് പരിഗണിക്കാമെന്ന് കമ്മീഷന്‍ പ്രതിപക്ഷ പാര്‍ട്ടികളെ അറിയിച്ചു. ക്രമക്കേട് നടന്നിട്ടില്ലെന്ന നിലപാടിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍. തങ്ങളുടെ ആവശ്യം തിരഞ്ഞടുപ്പ് കമ്മീഷന്‍ നിരാകരിച്ചാല്‍ കോടതിയെ സമീപിക്കാനും പ്രതിപക്ഷത്തിന് ആലോചനയുണ്ട്. ഇവിഎം ക്രമക്കേട് ശ്രദ്ധയില്‍ പെട്ടാല്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ശക്തമായ പ്രതിഷേധമുയര്‍ത്താനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം.

വോട്ടെടുപ്പ് ആരംഭിച്ചപ്പോള്‍തന്നെ ഇവിഎമ്മുകള്‍ക്കെതിരേ വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. രണ്ട്ുതവണ 50 ശതമാനം വിവിപാറ്റുകള്‍ എണ്ണണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിച്ചെങ്കിലും അഞ്ചുശതമാനം വിവിപാറ്റുകള്‍ മാത്രം എണ്ണിയാല്‍ മതിയെന്നായിരുന്നു സുപ്രിംകോടതിയുടെ ഉത്തരവ്. അതേസമയം, ഇവിഎം വിഷയത്തില്‍ പ്രതിപക്ഷ നേതാക്കള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച സാഹചര്യത്തില്‍ വിമര്‍ശനവുമായി ബിജെപി രംഗത്തെത്തി. തിരഞ്ഞെടുപ്പ് തോല്‍വി അംഗീകരിക്കണമെന്നും ജനം വോട്ട് ചെയ്താണ് മോദി സര്‍ക്കാര്‍ വീണ്ടും അധികാരമേല്‍ക്കാന്‍ പോവുന്നതെന്നുമായിരുന്നു ബിജെപി നേതാക്കളുടെ പ്രതികരണം.

പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍, നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് എന്നിവരാണ് പ്രതിപക്ഷ നടപടിക്കെതിരേ രംഗത്തെത്തിയത്. പ്രതിപക്ഷ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നത് ആശങ്ക ഉയര്‍ത്തുന്നുവെന്നായിരുന്നു എന്‍ഡിഎ യോഗത്തില്‍ നരേന്ദ്രമോദി പറഞ്ഞത്. ജനഹിതം ബഹുമാനത്തോടെ അംഗീകരിക്കണമെന്നും വോട്ടുയന്ത്രത്തിന്റെ വിശ്വാസ്യത ചോദ്യംചെയ്ത് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത് അല്‍പ്പത്തമാണെന്നും പ്രതിരോധമന്ത്രി നിര്‍മല സീതാരാമനും കുറ്റപ്പെടുത്തി.

Next Story

RELATED STORIES

Share it