India

തിരഞ്ഞെടുപ്പിനെ നേരിടാന്‍ മതേതര ജനാധിപത്യശക്തികളുടെ ഐക്യം വേണം: എസ്ഡിപിഐ

രാഷ്ട്രീയ കുതന്ത്രങ്ങളുടെയും ഭീതിയുടെയും നിഴലിലാണ് പൊതുതിരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്നത്. സാമ്പത്തിക മുരടിപ്പും വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മയും വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്ന കേന്ദ്രഭരണത്തില്‍ ജനവിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ്.

തിരഞ്ഞെടുപ്പിനെ നേരിടാന്‍ മതേതര ജനാധിപത്യശക്തികളുടെ ഐക്യം വേണം: എസ്ഡിപിഐ
X

ന്യൂഡല്‍ഹി: കേന്ദ്രം ഭരിക്കുന്ന ഫാഷിസ്റ്റ് ഭരണത്തെ തൂത്തെറിയാന്‍ വരുന്ന തിരഞ്ഞെടുപ്പില്‍ മതേതര ജനാധിപത്യശക്തികളുടെ ഐക്യം അനിവാര്യമാണെന്നു ജയ്പൂരില്‍ നടന്ന എസ്ഡിപിഐ ദേശീയ വര്‍ക്കിങ് കമ്മിറ്റി യോഗം അംഗീകരിച്ച പ്രമേയം അഭിപ്രായപ്പെട്ടു. രാഷ്ട്രീയ കുതന്ത്രങ്ങളുടെയും ഭീതിയുടെയും നിഴലിലാണ് പൊതുതിരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്നത്. സാമ്പത്തിക മുരടിപ്പും വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മയും വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്ന കേന്ദ്രഭരണത്തില്‍ ജനവിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി മതേതര കൂട്ടായ്മകളുമായി സഹകരിക്കും. തകര്‍ക്കപ്പെട്ട ബാബരി മസ്ജിദ് യഥാസ്ഥാനത്ത് പുനര്‍നിര്‍മിക്കുമെന്ന അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവുവിന്റെ വാഗ്ദാനം സര്‍ക്കാര്‍ പൂര്‍ത്തിയാക്കണം. പുരോഗമന ചിന്താഗതിക്കാരെയും എഴുത്തുകാരെയും തടവിലാക്കുന്ന യുഎപിഎ, അഫ്‌സ്പ, എന്‍എസ്എ തുടങ്ങിയ കരിനിയമങ്ങള്‍ ഉടന്‍ പിന്‍വലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രമുഖ മനുഷ്യാവകാശപ്രവര്‍ത്തകനായ പ്രഫ.ആനന്ദ് തെല്‍തുംബ്‌ദെയെ അറസ്റ്റുചെയ്ത പൂനെ പോലിസ് നടപടിയില്‍ യോഗം പ്രതിഷേധം രേഖപ്പെടുത്തി. യുപിയിലെ ബിജെപി ഭരണത്തില്‍ വര്‍ധിച്ചുവരുന്ന വ്യാജ ഏറ്റുമുട്ടല്‍ കൊലകളില്‍ യോഗം പ്രതിഷേധിക്കുകയും യോഗി അധികാരലെത്തിയതു മുതല്‍ യുപിയില്‍ നടന്ന വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍ സംബന്ധിച്ച് സുപ്രിംകോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.

രാജ്യത്ത് വര്‍ധിച്ചുവരുന്ന കര്‍ഷക ആത്മഹത്യകളില്‍ യോഗം ആശങ്ക രേഖപ്പെടുത്തി. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ വികലമായ സാമ്പത്തികനയങ്ങളാണ് കര്‍ഷക ആത്മഹത്യയ്ക്ക് കാരണമാവുന്നതെന്നും പ്രശ്‌നത്തില്‍ ഇടപെട്ട് കര്‍ഷക സമാശ്വാസ പദ്ധതികള്‍ ആസൂത്രണം ചെയ്യാനും കര്‍ഷക കൂട്ടായ്മ രൂപീകരിക്കാനും യോഗം ആഹ്വാനം ചെയ്തു. സാമ്പത്തിക സംവരണം ഉടന്‍ പിന്‍വലിക്കണമെന്നും നാഷനല്‍ വര്‍ക്കിങ് കമ്മിറ്റി ആവശ്യപ്പെട്ടു. പാര്‍ട്ടി ദേശീയ പ്രസിഡന്റ് എം.കെ ഫൈസി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ അഡ്വ. ഷറഫുദ്ദീന്‍, പ്രഫ. നസ്‌നി ബീഗം, ദഹ്‌ലാന്‍ ബാഖവി, ആര്‍ പി പാണ്ഡേ, ജനറല്‍ സെക്രട്ടറി അബ്ദുല്‍ മജീദ് സംസാരിച്ചു.

Next Story

RELATED STORIES

Share it