India

കൊവിഡ് വ്യാപനം രൂക്ഷം; നാസിക്കില്‍ വാരാന്ത്യ ലോക്ക് ഡൗണ്‍, താനെയില്‍ ഹോട്ട്‌സ്‌പോട്ടുകള്‍ അടച്ചിടും

എല്ലാ ആഴ്ചയുടെയും അവസാനം ഒരുദിവസമായിരിക്കും ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളുണ്ടാവുക. താനെയില്‍ ഹോട്ട്‌സ്‌പോട്ടുകളില്‍ സമ്പൂര്‍ണ ലോക്ക് ഡൗണാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഒമ്പതിന് ചൊവ്വാഴ്ച മുതല്‍ മാര്‍ച്ച് 31 വരെയാണ് താനെ മുനിസിപ്പല്‍ കോര്‍പറേഷന്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയത്.

കൊവിഡ് വ്യാപനം രൂക്ഷം; നാസിക്കില്‍ വാരാന്ത്യ ലോക്ക് ഡൗണ്‍, താനെയില്‍ ഹോട്ട്‌സ്‌പോട്ടുകള്‍ അടച്ചിടും
X

മുംബൈ: കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയിലെ ജില്ലകളായ താനെയിലും നാസിക്കിലും സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കുന്നു. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നാസിക്കില്‍ ആഴ്ചയില്‍ ഒരുദിവസം കര്‍ശനമായ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തി. എല്ലാ ആഴ്ചയുടെയും അവസാനം ഒരുദിവസമായിരിക്കും ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളുണ്ടാവുക. താനെയില്‍ ഹോട്ട്‌സ്‌പോട്ടുകളില്‍ സമ്പൂര്‍ണ ലോക്ക് ഡൗണാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഒമ്പതിന് ചൊവ്വാഴ്ച മുതല്‍ മാര്‍ച്ച് 31 വരെയാണ് താനെ മുനിസിപ്പല്‍ കോര്‍പറേഷന്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയത്.

ജില്ലയില്‍ 16 ഹോട്ട്‌സ്‌പോട്ട് പ്രദേശങ്ങളാണ് നിലവിലുള്ളത്. മറ്റ് പ്രദേശങ്ങളിലും കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മഹാരാഷ്ട്ര സര്‍ക്കാര്‍ മിഷന്‍ ബിഗിന്‍ എഗെയ്ന്‍ പ്രകാരം നല്‍കിയിട്ടുള്ള ഇളവ് അനുസരിച്ച് ഹോട്ട്‌സ്‌പോട്ടുകള്‍ക്ക് പുറത്തുള്ള പ്രദേശങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കും. നാസിക് ജില്ലയില്‍ മാത്രം കോവിഡ് കേസുകള്‍ ഒന്നരലക്ഷം പിന്നിട്ട സാഹചര്യത്തിലാണ് വീണ്ടും കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷമാണ് കടുത്ത നടപടികളിലേക്ക് കടന്നത്. മാര്‍ച്ച് 15 മുതല്‍ നാസിക്കില്‍ വിവാഹ ചടങ്ങുകള്‍ നിരോധിച്ചു. നേരത്തെ അനുമതി ലഭിച്ച വിവാഹങ്ങള്‍ മാര്‍ച്ച് 15 വരെ നടത്താം. അതിനുശേഷം പുതിയ വിവാഹങ്ങള്‍ക്ക് അനുമതി നല്‍കില്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. അവശ്യസേവനങ്ങള്‍ ഒഴികെയുള്ള എല്ലാ കടകളും ഓഫിസുകളും വൈകീട്ട് ഏഴ് മുതല്‍ രാവിലെ ഏഴ് വരെ അടച്ചിടാനും തീരുമാനിച്ചിട്ടുണ്ട്. രാത്രി 9 മണിയോടെ റെസ്‌റ്റോറന്റുകള്‍ അടയ്ക്കും. എന്നിരുന്നാലും, രാത്രി 11 വരെ ഹോം ഡെലിവറി അനുവദിക്കും.

നാസിക് നഗരം, മലേഗാവ് പ്രദേശങ്ങളില്‍ സ്‌കൂളുകളും കോളജുകളും കോച്ചിങ് സെന്ററുകളും അടച്ചിടും. ആരാധനാലയങ്ങള്‍ രാവിലെ 7 മുതല്‍ വൈകീട്ട് 7 വരെ തുറക്കാം. ആഴ്ചയുടെ അവസാന ദിവസം അടച്ചിടണം. ഓഫിസുകളില്‍ പകുതി ജീവനക്കാര്‍ക്ക് മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളൂ. ഹോട്ടലുകളില്‍ 50 ശതമാനം റൂമുകള്‍ക്ക് മാത്രമേ അനുമതിയുള്ളൂ. നേരത്തെ ഷെഡ്യൂള്‍ ചെയ്ത പരീക്ഷകളായ യുപിഎസ്‌സി, എംപിഎസ്‌സി എന്നിവ നടത്തുന്നതില്‍ തടസ്സമില്ല.

നാസിക്കില്‍ 675 പുതിയ കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്ത തിങ്കളാഴ്ച ആകെ രോഗികളുടെ എണ്ണം 1,26,570 ആയി ഉയര്‍ന്നു. തിങ്കളാഴ്ച 2,182 സാംപിളുകള്‍ പരിശോധിച്ചപ്പോള്‍ നാസിക്കിലെ മൊത്തം പരിശോധനകളുടെ എണ്ണം 5,61,783 ആയി. ഞായറാഴ്ച മാത്രം മഹാരാഷ്ട്രയില്‍ 11,141 പുതിയ കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. സംസ്ഥാനത്ത് നിലവില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 22,19,727 ആയി ഉയര്‍ന്നു. 38 മരണങ്ങള്‍കൂടി റിപോര്‍ട്ട് ചെയ്തതോടെ ആകെ മരണം 52,478 ആയതായി സംസ്ഥാന ആരോഗ്യവകുപ്പ് വ്യക്തമാക്കി.

Next Story

RELATED STORIES

Share it