India

പ്രതികള്‍ ആര്യന്‍ഖാന് മയക്കുമരുന്ന് നല്‍കിയെന്ന് തെളിയിക്കാന്‍ വാട്‌സ് ആപ്പ് ചാറ്റുകള്‍ മതിയായ തെളിവല്ലെന്ന് കോടതി

പ്രതികള്‍ ആര്യന്‍ഖാന് മയക്കുമരുന്ന് നല്‍കിയെന്ന് തെളിയിക്കാന്‍ വാട്‌സ് ആപ്പ് ചാറ്റുകള്‍ മതിയായ തെളിവല്ലെന്ന് കോടതി
X

മുംബൈ: ലഹരി മരുന്ന് കേസില്‍ പ്രതികള്‍ ആര്യന്‍ഖാന് മയക്കുമരുന്ന് നല്‍കിയെന്ന് തെളിയിക്കാന്‍ വാട്‌സ് ആപ്പ് ചാറ്റുകള്‍ മതിയായ തെളിവായി കണക്കാക്കാനാവില്ലെന്ന് കോടതി. ആര്യന്‍ഖാനും മറ്റ് പ്രതികളുമായുള്ള വാട്‌സ് ആപ്പ് ചാറ്റുകളാണ് മയക്കുമരുന്ന് കേസിലെ പ്രധാന തെളിവായി എന്‍സിബി കോടതിയില്‍ നല്‍കിയിരുന്നത്. കഴിഞ്ഞയാഴ്ച പ്രത്യേക കോടതി ലഹരി മരുന്ന് കേസിലെ പ്രതികളിലൊരാളായ ആശിത് കുമാറിന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ആര്യന്‍ ഖാനും പ്രതികളുമായുള്ള വാട്‌സ് ആപ്പ് ചാറ്റുകള്‍ ഒഴികെ, കുമാര്‍ അത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നുവെന്ന് തെളിയിക്കുന്ന തെളിവുകളൊന്നുമില്ലെന്ന് കോടതി നിരീക്ഷിച്ചു. നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ (എന്‍സിബി) രേഖകള്‍ കെട്ടിച്ചമച്ചതാണെന്നും സംശയാസ്പദമാണെന്ന് തോന്നുന്നതെന്ന് പറഞ്ഞ കോടതി, ഇതിന്റെ സത്യാവസ്ഥയെക്കുറിച്ചും ചോദ്യങ്ങളുന്നയിച്ചു. കേവലം വാട്‌സ് ആപ്പ് ചാറ്റുകളുടെ അടിസ്ഥാനത്തില്‍ ആശിത് കുമാര്‍ ആര്യന്‍ ഖാനും അര്‍ബാസ് വ്യാപാരിക്കും മയക്കുമരുന്ന് നല്‍കിയിരുന്നുവെന്ന് സ്ഥിരീകരിക്കാന്‍ കഴിയില്ലെന്ന് പ്രത്യേക ജഡ്ജി വി വി പാട്ടീല്‍ ചൂണ്ടിക്കാട്ടി.

മയക്കുമരുന്ന് കേസില്‍ ഒക്ടോബര്‍ മൂന്നിനാണ് അറസ്റ്റിലായ ആര്യന്‍ ഖാനും വ്യാപാരിക്കും ബോംബെ ഹൈക്കോടതി കഴിഞ്ഞ വ്യാഴാഴ്ച ജാമ്യം അനുവദിച്ചിരുന്നു. കേസിലെ മറ്റ് പ്രതികളുമായി ബന്ധപ്പെടുത്താന്‍ കുമാറിനെതിരേ തെളിവില്ലെന്നും പ്രത്യേക കോടതി ചൂണ്ടിക്കാട്ടി. കുമാറിന്റെ വസതിയില്‍നിന്ന് 2.6 ഗ്രാം കഞ്ചാവ് കണ്ടെടുത്തതായാണ് എന്‍സിബി അവകാശപ്പെട്ടിരുന്നത്. ആര്യന്‍ ഖാനും വ്യാപാരിക്കും കുമാര്‍ കഞ്ചാവും ചരസും വിതരണം ചെയ്യാറുണ്ടായിരുന്നുവെന്ന് ഏജന്‍സി പറഞ്ഞു.

കുമാറും ആര്യന്‍ ഖാനും തമ്മിലുള്ള വാട്‌സ് ആപ്പ് ചാറ്റുകളുടെ അടിസ്ഥാനത്തില്‍ അവര്‍ മയക്കുമരുന്ന് ഇടപാട് നടത്തുന്നുണ്ടെന്ന് എന്നതിന് തങ്ങളുടെ പക്കല്‍ തെളിവുകളുണ്ടെന്ന് എന്‍സിബി വാദിച്ചു. കുമാര്‍ നിരപരാധിയാണെന്നും അദ്ദേഹത്തിനെതിരായ എല്ലാ ആരോപണങ്ങളും വ്യാജവും അടിസ്ഥാനരഹിതവുമാണെന്നും കുമാറിന്റെ അഭിഭാഷകന്‍ അശ്വിന്‍ തൂള്‍ വാദിച്ചിരുന്നു. കുമാര്‍ ഒരു ഇടനിലക്കാരനാണെന്നാണ് എന്‍സിബി അവകാശപ്പെട്ടിരുന്നത്. കുമാര്‍ ഒരു ഇടനിലക്കാരനായി പ്രവര്‍ത്തിച്ചതായി ഒരുതവണ പോലും പറഞ്ഞിട്ടില്ലെന്ന് കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടി. മയക്കുമരുന്ന് കേസില്‍ ജാമ്യം ലഭിച്ച ആര്യന്‍ഖാന്‍ കഴിഞ്ഞദിവസമാണ് ജയില്‍മോചിതനായത്.

Next Story

RELATED STORIES

Share it