India

യെദിയൂരപ്പയുടെ പകരക്കാരനാര് ? തിരക്കിട്ട ചര്‍ച്ചകളുമായി ബിജെപി കേന്ദ്രനേതൃത്വം

യെദിയൂരപ്പയുടെ പകരക്കാരനാര് ? തിരക്കിട്ട ചര്‍ച്ചകളുമായി ബിജെപി കേന്ദ്രനേതൃത്വം
X

ബംഗളൂരു: യെദിയൂരപ്പ രാജിവച്ചതോടെ കര്‍ണാടക മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ തിരക്കിട്ട ചര്‍ച്ചകള്‍ സജീവമാക്കി ബിജെപി കേന്ദ്രനേതൃത്വം. സംസ്ഥാന നേതൃത്വത്തിന്റെ കൂടി അഭിപ്രായം ആരാഞ്ഞാവും മുഖ്യമന്ത്രിയുടെ കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുക. കര്‍ണാടകയിലെ നേതാക്കളുമായി ചര്‍ച്ച നടത്താന്‍ കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രദാനെയും കര്‍ണാടകയുടെ ചുമതലയുള്ള അരുണ്‍ സിങ്ങിനെയും ബിജെപി നേതൃത്വം ചുമതലപ്പെടുത്തി. ഇരുവരും ചര്‍ച്ചകള്‍ക്കായി ഇന്ന് ബംഗളൂരുവിലെത്തി സംസ്ഥാന നേതാക്കളുമായി ചര്‍ച്ച നടത്തും.

അധികാര കൈമാറ്റത്തിനൊപ്പം തലമുറ മാറ്റത്തിനും ബിജെപി കര്‍ണാടകയില്‍ പദ്ധതിയിടുന്നതായാണ് റിപോര്‍ട്ടുകള്‍. പാര്‍ട്ടിയിലെ എതിര്‍പ്പിനെ തുടര്‍ന്ന് രാജിവയ്‌ക്കേണ്ടിവന്ന യെദിയൂരപ്പയ്ക്ക് പകരം കര്‍ണാടകയില്‍ മുഖ്യമന്ത്രിയാവുന്നയാള്‍ പൊതുസമ്മതനാവണമെന്ന വിലയിരുത്തലിലാണ് കേന്ദ്രനേതൃത്വം. നിലവില്‍ ആരുടെയും പേര് ഉയര്‍ത്തിയല്ല ചര്‍ച്ച നടക്കുന്നതെങ്കിലും ലിംഗായത്ത് സമുദായവുമായി അടുത്തുനില്‍ക്കുന്ന ഒരാള്‍ കര്‍ണാടക മുഖ്യമന്ത്രിയാവാന്‍ തന്നെയാണ് സാധ്യത. ജാതി സമവാക്യം നിര്‍ണായകമാവുന്ന കര്‍ണാടകയില്‍ ഇത് പരിഗണിച്ചാവും കേന്ദ്രനേതൃത്വം മുന്നോട്ടുപോവുക.

കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി, മുന്‍ കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ, പാര്‍ട്ടി ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷ്, ഉപമുഖ്യമന്ത്രിയും ലിംഗായത്ത് നേതാവുമായ ലക്ഷ്മണ്‍ സുവാധി, ഖനി മന്ത്രി മുരുകേശ് നിരാനി, നിലവില്‍ എംഎല്‍എയായ അര്‍വിന്ദ് ബല്ലാദ് എന്നീ പേരുകള്‍ മുഖ്യമന്ത്രി പദത്തിലേക്ക് ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. ദലിത് വിഭാഗത്തില്‍നിന്നുള്ളയാള്‍ മുഖ്യമന്ത്രിയാവണമെന്ന് ആവശ്യമുയര്‍ന്നാല്‍ ഉപമുഖ്യമന്ത്രി ഗോവിന്ദ് കര്‍ജോളിനും നറുക്ക് വീണേക്കാം.

വൊക്കലിഗയില്‍നിന്നും ദലിത് വിഭാഗത്തില്‍നിന്നുമുള്ള നേതാക്കളെ ഉപമുഖ്യമന്ത്രിമാരാക്കാനാണ് നീക്കം. നാല് ഉപമുഖ്യമന്ത്രിമാരെ നിശ്ചയിച്ചേക്കുമെന്നും സൂചനകളുണ്ട്. എല്ലാ വിഭാഗത്തില്‍നിന്നുമുള്ളവര്‍ക്കും പ്രാതിനിധ്യം നല്‍കി മന്ത്രിസഭാ അഴിച്ചുപണിക്കാണ് തീരുമാനം. മകന്‍ വിജയേന്ദ്രയ്ക്ക് മന്ത്രി സഭ പുനസ്സംഘടനയില്‍ ഉപമുഖ്യമന്ത്രി സ്ഥാനമാണ് യെദിയൂരപ്പ അവശ്യപ്പെട്ടിരിക്കുന്നതായി റിപോര്‍ട്ടുകളുണ്ട്. കര്‍ണാടകത്തില്‍ ബിജെപി സര്‍ക്കാര്‍ രണ്ടുവര്‍ഷം പൂര്‍ത്തിയാക്കിയ ദിവസമാണ് മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് യെദിയൂരപ്പ പടിയിറങ്ങിയത്.

Next Story

RELATED STORIES

Share it