Kerala

ദലിത് ഭൂപ്രശ്‌നപരിഹാരത്തിന് കമ്മീഷനെ നിയോഗിക്കണം: ദലിത് ഭൂസംരക്ഷണ കണ്‍വെന്‍ഷന്‍

തൃക്കാക്കര നഗരസഭാ കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ദലിത് ഭൂസംരക്ഷണ കണ്‍വെന്‍ഷന്‍ ദലിത് ചിന്തകനും ആക്ടിവിസ്റ്റുമായ സണ്ണി എം കപിക്കാട് ഉദ്ഘാടനം ചെയ്തു

ദലിത് ഭൂപ്രശ്‌നപരിഹാരത്തിന് കമ്മീഷനെ നിയോഗിക്കണം: ദലിത് ഭൂസംരക്ഷണ കണ്‍വെന്‍ഷന്‍
X

കൊച്ചി: തൃക്കാക്കര കാക്കനാട് മേഖലയിലെ പുറന്തള്ളപ്പെട്ട ദലിത് കുടുംബങ്ങള്‍ മണ്ണും ജീവിതവും തിരികെ ആവശ്യപ്പെട്ടുകൊണ്ട് തൃക്കാക്കര നഗരസഭാ കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ദലിത് ഭൂസംരക്ഷണ കണ്‍വെന്‍ഷന്‍ ദലിത് ചിന്തകനും ആക്ടിവിസ്റ്റുമായ സണ്ണി എം കപിക്കാട് ഉദ്ഘാടനം ചെയ്തു. കോര്‍പ്പറേറ്റ് മൂലധന നിക്ഷേപ വികസനത്തിന്റെ ഇരകളാക്കപ്പെടുന്നതും പുറന്തള്ളപ്പെടുന്നതും ദലിത്, ആദിവാസി ജനവിഭാഗങ്ങളാണെന്നും, ദലിതര്‍ക്ക് ഭൂമി വേണ്ടെന്ന പൊതുബോധത്തെ മാറ്റി തീര്‍ക്കേണ്ടതുണ്ടെന്നും സണ്ണി എം കപിക്കാട് വ്യക്തമാക്കി.

മാര്‍ക്‌സിസ്റ്റ് ചിന്തകനും ഭൂമി, ജാതി, ബന്ധനത്തിന്റെ രചയിതാവുമായ കെ മുരളി മുഖ്യപ്രഭാഷണം നടത്തി. മണ്ണില്‍ ചോരയും വിയര്‍പ്പും ചീന്തി ദലിതര്‍ ഉണ്ടാക്കിയ കൃഷിഭൂമി തിരികെ വീണ്ടെടുക്കാന്‍ 'അടിയാളകര്‍ഷക തൊഴിലാളി' എന്ന ബോധം മറികടന്ന് ആത്മാഭിമാനത്തെ തട്ടി ഉണര്‍ത്തി ഭൂസമരത്തിന് തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു.

പട്ടികജാതി വികസനവകുപ്പുകള്‍ക്കും, സര്‍ക്കാരിനും സമര്‍പ്പിക്കാന്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്ത മുഴുവന്‍ ആളുകളും ഒപ്പിട്ട് അംഗീകരിച്ച നിവേദനം സമര്‍പ്പിക്കും. ദലിതരുടെ മുഴുവന്‍ കടങ്ങളും എഴുതി തള്ളാനും കിടപ്പാടം ജപ്തിചെയ്യാതിരിക്കാനും ഉത്തരവ് പുറപ്പെടുവിപ്പിക്കണമെന്നും, കണയന്നൂര്‍, കുന്നത്ത്‌നാട് താലൂക്കിലെ റവന്യുഭൂമി വീണ്ടെടുത്ത് ദലിത്, ഭൂരഹിത കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യണമെന്നും നഗരസ്വത്തില്‍ നിന്നും വികസിതമേഖലകളില്‍ നിന്നും പുറന്തള്ളപ്പെട്ട ജനവിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ വസ്തുനിഷ്ഠമായി വിലയിരുത്തി പരിഹാരം കാണാന്‍ കമ്മീഷനെ നിയോഗിക്കണമെന്നും തുടങ്ങിയ 12 വിഷയങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള നിവേദനമാണ് സമര്‍പ്പിക്കുന്നത്.

കണ്‍വെന്‍ഷനില്‍ വി സി ജെന്നി അധ്യക്ഷത വഹിച്ചു.പി ജെ മാനുവല്‍ ആമുഖപ്രസംഗം നടത്തി, സി ആര്‍. നീലകണ്ഠന്‍, കെ പി സേതുനാഥ്, അഡ്വ.തുഷാര്‍ സാരഥി, ലതിക കൊട്ടറ, കെ കെ മണി, സേതുസമരം, കെ സുനില്‍കുമാര്‍, രമേശന്‍ അഞ്ചലശ്ശേരി, നഹാസ് സി പി, ഇ കെ കുഞ്ഞുമോന്‍, ജോര്‍ജ് മാത്യു സംസാരിച്ചു. പി കെ വിജയന്‍ സ്വാഗതവും പ്രീത ഷാജി കൃതജ്ഞതയും പറഞ്ഞു. ദലിത് കുടുംബങ്ങളെ പ്രതിനിധീകരിച്ച് കൗസല്യ. വിനീത സുരേഷ്, തങ്കമ്മ, എബി രതീഷ്, സുലോചന, വാസന്തി തുടങ്ങിയവര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ കണ്‍വെന്‍ഷനില്‍ വിവരിച്ചു.

Next Story

RELATED STORIES

Share it