Kerala

പത്തനംതിട്ടയിലെ ഗുണ്ടാ ആക്രമണം; പിടിയിലായവർ ആർഎസ്എസിന്റെ ക്വട്ടേഷൻ സംഘം

ജിത്തുവാണ് ക്വട്ടേഷൻ സംഘത്തിന്റെ തലവൻ. അടുത്തിടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന രാഷ്ട്രീയ സംഘർഷങ്ങളിൽ ആർഎസ്എസ് നടത്തിയ ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയതും ജിത്തുവാണെന്ന് പോലിസിൽ നിന്നും സൂചന ലഭിച്ചിട്ടുണ്ട്.

പത്തനംതിട്ടയിലെ ഗുണ്ടാ ആക്രമണം; പിടിയിലായവർ ആർഎസ്എസിന്റെ ക്വട്ടേഷൻ സംഘം
X

പത്തനംതിട്ട: യുവാക്കളെ ആക്രമിച്ച് 22 ലക്ഷം രൂപയുടെ മൊബൈല്‍ ഫോണുകള്‍ തട്ടിയെടുത്ത സംഭവത്തിൽ പിടിയിലായവർ ആർഎസ്എസിന്റെ ക്വട്ടേഷൻ സംഘം. സംഭവത്തില്‍ ആറുപേരെയാണ് പത്തനംതിട്ട പോലിസ് അറസ്റ്റ് ചെയ്തത്. ആര്‍എസ്എസ്സിന്റെ സജീവപ്രവര്‍ത്തകരായ പ്രക്കാനം തെക്കേക്കര വീട്ടില്‍ ജിതിന്‍ വിക്രം(26), നാരങ്ങാനം അഞ്ചുതോട് കുഴിത്തടത്തില്‍ അരുണ്‍ (മുത്ത് -24), നാരങ്ങാനം അശോക് ഭവനില്‍ നിധീഷ് (ചന്തു -22), പത്തനംതിട്ട കരിമ്പനാക്കുഴി ഒറ്റപ്ലാമൂട്ടില്‍ രാഹുല്‍ നായർ (21), തെണ്ടുകാവ് പുളിമുക്ക് സുജാത ഭവനില്‍ പ്രണവ് (കണ്ണൻ - 23), പത്തനംതിട്ട വയലിറക്കത്തില്‍ വീട്ടിൽ നിന്നും കടമ്മനിട്ട പുതുക്കുളം വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ജിത്തു രഘുനാഥ് (25) എന്നിവരാണ് അറസ്റ്റിലായത്.

പത്തനംതിട്ട നഗരത്തിലും സമീപ പ്രദേശങ്ങളിലും അടുത്തിടെ നടന്ന ആക്രമണങ്ങളിൽ ഇവർക്ക് പങ്കുള്ളതിന്റെ സൂചന പോലിസിന് ലഭിച്ചിട്ടുണ്ട്. മാത്രമല്ല, നഗരത്തിലെ സ്കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് എസ്എഫ്‌ഐ പ്രവർത്തകരെ ആക്രമിച്ച കേസുകളിലും ഇവരിൽ പലരും പ്രതികളാണ്. ജിത്തുവാണ് ക്വട്ടേഷൻ സംഘത്തിന്റെ തലവൻ. അടുത്തിടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന രാഷ്ട്രീയ സംഘർഷങ്ങളിൽ ആർഎസ്എസ് നടത്തിയ ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയതും ജിത്തുവാണെന്ന് പോലിസിൽ നിന്നും സൂചന ലഭിച്ചിട്ടുണ്ട്. ആക്രമണത്തിന് ശേഷം ഒളിവിൽ പോവുന്ന സംഘം പോലിസുകാരെ സ്വാധീനിച്ചാണ് വീണ്ടും നാട്ടിൽ സജീവമാകുന്നത്.

തിരുവനന്തപുരം സ്വദേശികളായ യുവാക്കളാണ് കഴിഞ്ഞ ദിവസം ആക്രമണത്തിനിരയായത്. മൊബൈല്‍ ഫോണുകള്‍ ഓര്‍ഡര്‍ ചെയ്ത് വിളിച്ചുവരുത്തിയ ശേഷമായിരുന്ന യുവാക്കളെ സംഘം ക്രൂരമായി മര്‍ദിച്ച് കവര്‍ച്ച നടത്തിയത്. ജിതിന്‍ വിക്രം താമസിക്കുന്ന പുത്തന്‍പീടിക സന്തോഷ് ജങ്ഷനിലെ വീട്ടില്‍ ബുധനാഴ്ച രാത്രി 11.30 ഓടെയായിരുന്നു സംഭവം. തിരുവനന്തപുരം പള്ളിച്ചല്‍ വട്ടവിള സിബി ഭവനില്‍ പി എസ് സിബിമോനും (27) ജിതിനും തമ്മില്‍ മാസങ്ങളായി മൊബൈല്‍ ഫോണിന്റെ മൊത്തവ്യാപാര ഇടപാടുണ്ടായിരുന്നു. ഇതിനിടെ പണം വാങ്ങിയ ശേഷം സിബി സിബി ജിതിന് മൊബൈൽ നൽകിയില്ലത്രേ. തുടർന്ന് പത്തനംതിട്ടയിലെ വിവിധ കടകളിലേക്കും എറണാകുളത്തെ കമ്പനിയിലെ ജീവനക്കാര്‍ക്കും 300 റെഡ്മിഫോണ്‍ ആവശ്യമുണ്ടെന്ന് ജിതിൻ ഓര്‍ഡര്‍ ചെയ്ത പ്രകാരം 22 ലക്ഷത്തിന്റെ 162 ഫോണുമായെത്തിയതാണ് സിബിയും മറ്റ് ബിസിനസ് പങ്കാളികളും.

ഇവര്‍ ജിതിന്റെ വീട്ടിലെത്തിയപ്പോള്‍ സിബിയോട് വീട്ടിലിരിക്കാന്‍ പറഞ്ഞിട്ട് മറ്റുള്ളവരെ പുറത്തുനിര്‍ത്തി. അരമണിക്കൂറിനിടെ ജിതിന്റെ സുഹൃത്തുക്കളായ 15 പേര്‍ വീടിലെത്തുകയും സിബിയെ ക്രൂരമായി മർദ്ദിച്ച് കമ്പിവടി കൊണ്ട് കൈ അടിച്ചൊടിക്കുകയും ചെയ്തു. സിബിയോടൊപ്പംവന്ന മണക്കാട് സ്വദേശികളായ ദില്‍ഹര്‍ (22), സന്‍ഷ (23), അമല്‍ (23), പ്രസാദ് (24), ബിനു (24) എന്നിവരെയും സംഘം മര്‍ദിച്ചു. അക്രമിസംഘം ഫോണ്‍ മുഴുവന്‍ കവര്‍ച്ച ചെയ്തശേഷം സിബിയോടും കൂട്ടരോടും ജീവന്‍ വേണേല്‍ രക്ഷപ്പെടാന്‍ ആവശ്യപ്പെട്ടു. പോലിസില്‍ പരാതിപ്പെട്ടാല്‍ വകവരുത്തുമെന്നും ഭീഷണിപ്പെടുത്തി.

സിബിയും കൂട്ടരും കാറുമായി തിരിച്ചുമടങ്ങുമ്പോള്‍ ജിതിന്റെ നേതൃത്വത്തിലുള്ള അക്രമിസംഘം പിന്തുടരുന്നുണ്ടായിരുന്നു. പിന്നീട് അടൂരിലെത്തിയപ്പോഴാണ് പോലിസ് സ്‌റ്റേഷനിലെത്തി പരാതിപ്പെട്ടത്. തുടര്‍ന്ന് ഇവരെ അടൂര്‍ പോലിസ് അശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം പത്തനംതിട്ട പോലിസില്‍ വിവരമറിയിച്ചു. പത്തനംതിട്ട പോലിസാണ് ജിതിന്‍ ഉള്‍പ്പടെ ആറുപേരെ അറസ്റ്റ് ചെയ്തത്. ഫോറന്‍സിക് വിദഗ്ധര്‍ ജിതിന്റെ വീട്ടിലെത്തി പരിശോധന നടത്തി. അക്രമിസംഘം പിടിച്ചെടുത്ത ഫോണും പോലിസ് കണ്ടെത്തി. മറ്റ് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it