Kerala

"ഗോഡ്‌സെ ദൈവമാണെന്ന് പറഞ്ഞ പ്രജ്ഞാ സിംഗ് താക്കൂർ ഇന്ന് എംപിയാണ് ഇവരാരും രാജ്യദ്രോഹികളല്ല" ; ആഞ്ഞടിച്ച് അടൂർ

കത്തില്‍ രാഷ്ട്രീയ താല്‍പര്യങ്ങള്‍ ഇല്ല. താനുള്‍പ്പെടെയുള്ളവര്‍ക്കെതിരേ കേസെടുത്തതു സംബന്ധിച്ച് വിവരം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഗോഡ്‌സെ ദൈവമാണെന്ന് പറഞ്ഞ പ്രജ്ഞാ സിംഗ് താക്കൂർ ഇന്ന് എംപിയാണ് ഇവരാരും രാജ്യദ്രോഹികളല്ല ; ആഞ്ഞടിച്ച് അടൂർ
X

തിരുവനന്തപുരം: രാജ്യത്ത് വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയില്‍ ആശങ്കയറിയിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചവര്‍ക്കെതിരേ കേസെടുത്ത നടപടിക്കെതിരെ രൂക്ഷ പ്രതികരണവുമായി സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. രാജ്യം ഒരു സ്വതന്ത്ര ജനാധിപത്യ രാഷ്ട്രമായിട്ടു നിലനില്‍ക്കുന്നു എന്ന് വിശ്വസിച്ചാണ് നരേന്ദ്ര മോദിക്ക് കത്തെഴുതിയതെന്ന് അടൂര്‍ പറഞ്ഞു. ഗാന്ധിജിയെ കൊന്ന ഗോഡ്‌സെ ദൈവമാണെന്ന് പറഞ്ഞ പ്രജ്ഞാ സിങ് താക്കൂർ ഇന്ന് എംപിയാണ്. ഈ അവസ്ഥ ആശങ്കപ്പെടുത്തുന്നതാണെന്നും അടൂര്‍ പറഞ്ഞു.

സര്‍ക്കാരിനോ ഭരണത്തിനോ ഏതെങ്കിലും വ്യക്തികള്‍ക്കോ എതിരായിട്ടല്ല അങ്ങനെയൊരു കത്തെഴുതിയത്. അതെഴുതിയ 49 പേരില്‍ ഒരാള്‍ പോലും രാഷ്ട്രീയക്കാരല്ല. കോടതി ഇങ്ങനെയൊരു പരാതി സ്വീകരിച്ചതാണ് അത്ഭുതം. കത്ത് ശരിയായ രീതിയില്‍ ഭരണകൂടം മനസിലാക്കണം. ഭരണകൂടത്തിന്റെ നിലപാട് ദോഷകരമാണ്. ഇത് ജനാധിപത്യ വിരുദ്ധ നിലപാടാണെന്നും അടൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.

രാജ്യത്ത് കടുത്ത അനീതി നിലനില്‍ക്കുന്നത് കണ്ടാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്. കത്തില്‍ രാഷ്ട്രീയ താല്‍പര്യങ്ങള്‍ ഇല്ല. താനുള്‍പ്പെടെയുള്ളവര്‍ക്കെതിരേ കേസെടുത്തതു സംബന്ധിച്ച് വിവരം ലഭിച്ചിട്ടില്ല. കത്ത് എഴുതിയതിന് പിന്നാലെ ചൊവ്വയിലേക്ക് പോകണമെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞിരുന്നു. മിക്കവാറും ഇനി ബിഹാര്‍ ജയിലിലേക്കായിരിക്കും പോകേണ്ടത്.ബിഹാറില്‍ നിന്ന് വേണമെങ്കില്‍ തീഹാറിലേക്കും പോകാം.

വളരെ ആശങ്കാജനകമാണ് ഇത്. ഏതെങ്കിലും ഒരു പീറക്കോടതി പോലും ഇങ്ങനെയൊരു കേസ് അഡ്മിറ്റ് ചെയ്യുമോ, എന്തെങ്കിലും ഒരു കോമണ്‍ സെന്‍സുള്ള കോടതി ഇങ്ങനെയൊരു കേസ് അഡ്മിറ്റ് ചെയ്യുമോ? തുടര്‍ന്ന് എന്താണ് ഉണ്ടാകുന്നതെന്നല്ല. കേസ് അഡ്മിറ്റ് ചെയ്തത് തന്നെ വളരെ ജനാധിപത്യവിരുദ്ധമായിട്ടുള്ള, നമ്മുടെ നീതിന്യായ വ്യവസ്ഥയില്‍ തന്നെ സംശയമുണ്ടാക്കുന്ന നടപടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്ത് തുടരുന്ന ഹിന്ദുത്വ ആക്രമണങ്ങളും പശുക്കൊലകളും ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയ അടൂര്‍ ഗോപാലകൃഷ്ണന്‍ അടക്കം ചലച്ചിത്ര മേഖലയിലെ 50 പ്രമുഖര്‍ക്കെതിരേ ബിഹാര്‍ സദാര്‍ പോലിസ് കേസെടുത്തിരുന്നു. ഈ നടപടിയോട് പ്രതികരിക്കുകയായിരുന്നു അടൂര്‍ ഗോപാലകൃഷ്ണന്‍.

Next Story

RELATED STORIES

Share it