Kerala

തണ്ണീര്‍തടം നികത്തി പുരയിടമാക്കാന്‍ വ്യജ രേഖ: ആലുവ താലൂക്ക് ഓഫീസിലെ രേഖകള്‍ വിജിലന്‍സ് പിടിച്ചെടുത്തു

പുരയിടമാക്കാന്‍ ലാന്റ് റവന്യു കമ്മീഷണറേറ്റില്‍ നിന്നും ഇടനിലക്കാരന്‍ അബു സംഘടിപ്പിച്ച വ്യാജ ഉത്തരവ് ഉള്‍പ്പെടെയുള്ള രേഖകളാണ് വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍ എം സുരേന്ദ്രന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തത്. ഇവ വിശദമായ പരിശോധനയ്ക്ക് ശേഷം മൂവാറ്റുപുഴ വിജിലന്‍സ് കോടതിയ്ക്ക് കൈമാറും

തണ്ണീര്‍തടം നികത്തി പുരയിടമാക്കാന്‍ വ്യജ രേഖ: ആലുവ താലൂക്ക് ഓഫീസിലെ രേഖകള്‍ വിജിലന്‍സ് പിടിച്ചെടുത്തു
X

കൊച്ചി:ചൂര്‍ണിക്കരയിലെ തണ്ണീര്‍ത്തടം നികത്തി പുരയിടമാക്കാന്‍ വ്യാജ രേഖ ചമച്ച കേസില്‍ ആലുവ താലൂക്ക് ഓഫീസിലെ രേഖകള്‍ വിജിലന്‍സ് പിടിച്ചെടുത്തു. പുരയിടമാക്കാന്‍ ലാന്റ് റവന്യു കമ്മീഷണറേറ്റില്‍ നിന്നും ഇടനിലക്കാരന്‍ അബു സംഘടിപ്പിച്ച വ്യാജ ഉത്തരവ് ഉള്‍പ്പെടെയുള്ള രേഖകളാണ് വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍ എം സുരേന്ദ്രന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തത്. ഇവ വിശദമായ പരിശോധനയ്ക്ക് ശേഷം മൂവാറ്റുപുഴ വിജിലന്‍സ് കോടതിയ്ക്ക് കൈമാറും.രണ്ട് ദിവസമായി തുടരുന്ന പരിശോധനയോടൊപ്പം ആലൂവ താലൂക്ക് ഓഫീസിലെ ഉദ്യോഗസ്ഥരില്‍ നിന്നും വിജിലന്‍സ് സംഘം മൊഴി രേഖപ്പെടുത്തി. വരും ദിവസങ്ങളില്‍ ഫോര്‍ട്ട്‌കൊച്ചി ആര്‍ഡി ഓഫീസിലെ രേഖകള്‍ പരിശോധിക്കും. ഇതോടൊപ്പം ഉദ്യോഗസ്ഥരില്‍ നിന്നും മൊഴിയെടുക്കും. ദേശീയപാതയോട് ചേര്‍ന്ന് ആലുവ ചൂര്‍ണിക്കരയിലെ തണ്ണീര്‍ത്തടം നികത്തി കോടികള്‍ വിലയുള്ള പുരയിടമാക്കാന്‍ അബുവിന്റെ നേതൃത്വത്തില്‍ ലാന്റ് റവന്യു കമ്മീഷണറേറ്റിലെ വ്യാജ ഉത്തരവ് നിര്‍മിച്ചുവെന്നാണ് കേസ്. കമ്മീഷണറേറ്റിലെ ജീവനക്കാരന്‍ അരുണും കേസില്‍ പ്രതിയാണ്. അബു തയാറാക്കി നല്‍കിയ വ്യാജ ഉത്തരവില്‍ ലാന്റ് റവന്യു കമ്മീഷണര്‍ ഓഫിസിലെ സീലും മറ്റും പതിപ്പിച്ചത് ഇതേ ഓഫിസിലെ ജീവനക്കാരനായ അരുണായിരുന്നു.അറസ്റ്റിലായ അബുവും അരുണും റിമാന്‍ഡിലാണ്.കേസ് ലോക്കല്‍ പോലീസില്‍ നിന്നും വിജിലന്‍സിന് കൈമാറിയെന്ന ഡിജിപിയുടെ ഉത്തരവ് ലഭിക്കുന്നതോടെ പോലിസിന്റെ പക്കലുള്ള രേഖകളും തെളിവുകളും വിജിലന്‍സിന് ലഭിക്കും. ഒരാഴ്ചയ്ക്കുള്ളില്‍ കേസ് അന്വേഷണത്തിന്റെ പ്രാഥമിക റിപോര്‍ട്ട് കോടതിക്ക് കൈമാറാനാകുമെന്ന് വിജിലന്‍സിന്റെ നിഗമനം.

Next Story

RELATED STORIES

Share it