Kerala

കണ്‍സല്‍ട്ടന്‍സിയുടെ മറവില്‍ പിണറായി സര്‍ക്കാര്‍ ഇഷ്ടക്കാരെ കുടിയിരുത്തുന്നു: എസ്ഡിപിഐ

ചീഫ് സെക്രട്ടറിയുടെ ഓഫിസിലടക്കം 22 തസ്തികകളിലായി 90 പേരെയാണ് മിന്റ് എന്ന മാന്‍പവര്‍ ഏജന്‍സി വഴി റിക്രൂട്ട് ചെയ്തത്.

കണ്‍സല്‍ട്ടന്‍സിയുടെ മറവില്‍ പിണറായി സര്‍ക്കാര്‍ ഇഷ്ടക്കാരെ കുടിയിരുത്തുന്നു: എസ്ഡിപിഐ
X

തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ അധികാര ദുര്‍വിനിയോഗത്തിലൂടെ സംസ്ഥാനത്തെ ഭരണസിരാ കേന്ദ്രത്തിലടക്കം കണ്‍സല്‍ട്ടിങ് ഏജന്‍സികളെ ഉപയോഗിച്ച് ഇഷ്ടക്കാരെ കുടിയിരുത്തുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയി അറയ്ക്കല്‍. ചീഫ് സെക്രട്ടറിയുടെ ഓഫിസിലെ സ്‌പെഷ്യല്‍ സെല്ലിലടക്കം ഇത്തരത്തില്‍ നിയമനം നടത്തിയെന്നത് ഞെട്ടിപ്പിക്കുന്നതാണ്. ചീഫ് സെക്രട്ടറിയുടെ ഓഫിസിലടക്കം 22 തസ്തികകളിലായി 90 പേരെയാണ് മിന്റ് എന്ന മാന്‍പവര്‍ ഏജന്‍സി വഴി റിക്രൂട്ട് ചെയ്തത്. കിന്‍ഫ്ര വിളിച്ച ഇ-ടെണ്ടര്‍ വഴിയാണ് മിന്റ് കണ്‍സല്‍ട്ടന്‍സി രംഗപ്രവേശം ചെയ്യുന്നത്. വിദഗ്ധ തൊഴിലാളികളെ നിയമിക്കുന്നതിനാണ് കണ്‍സല്‍ട്ടന്‍സിയെ ഏല്‍പ്പിക്കുന്നതെന്നാണ് കിന്‍ഫ്രയുടെ വിശദീകരണം.

അതേസമയം ഇഷ്ടക്കാരെ നിയമിക്കുന്നതിനുള്ള കുറുക്കുവഴിയാണിതെന്നാണ് വ്യക്തമാകുന്നത്. കാരണം, ഇത്തരത്തില്‍ നിയമിക്കുന്ന ജീവനക്കാരുടെ പശ്ചാത്തലം പോലും മിന്റ് ഏജന്‍സിക്കറിയില്ല. ഒരു ഏജന്‍സിയുടെ കരാര്‍ കഴിഞ്ഞാലും ചില ജീവനക്കാരെ അടുത്ത ഏജന്‍സി വരുമ്പോഴും തുടരാന്‍ അനുവദിക്കുമെന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്. അതായത് ഏജന്‍സി മാറി മാറി ഇഷ്ടക്കാരെ സ്ഥിരമായി നിയമനം നല്‍കി സംരക്ഷിക്കുന്ന വന്‍ തട്ടിപ്പാണ് അരങ്ങേറുന്നത്. ഇഷ്ടക്കാരെ നിയമിക്കുന്നതോടൊപ്പം കണ്‍സല്‍ട്ടന്‍സിക്ക് കോടിക്കണക്കിന് രൂപ ചെലവഴിക്കുകയും വേണം. ഈ തട്ടിപ്പ് തുടരാന്‍ അനുവദിച്ചു കൂടാ.

അഭ്യസ്തവിദ്യരായ ലക്ഷക്കണക്കിന് യുവാക്കള്‍ പി.എസ്.സി റാങ്ക് പട്ടികയില്‍ വരെ ഉള്‍പ്പെട്ടിട്ടും തൊഴിലില്ലാതെ അലയുമ്പോഴാണ് വഴിവിട്ട നിയമനങ്ങള്‍ അരങ്ങുവാഴുന്നത്. സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന എല്ലാ തൊഴില്‍ മേഖലയിലും സമ്പൂര്‍ണമായി പി.എസ്.സി വഴിമാത്രമേ നിയമനം നടത്താവൂ. കണ്‍സല്‍ട്ടിങ് ഏജന്‍സി വഴി നടത്തുന്ന നിയമനങ്ങളില്‍ സംവരണ മാനദണ്ഡങ്ങള്‍ പോലും പാലിക്കാറില്ല. നയതന്ത്ര ബാഗേജു വഴി കോടികളുടെ സ്വര്‍ണക്കള്ളക്കടത്തു നടത്തിയ കേസിലെ പ്രതികളില്‍ പലര്‍ക്കും സെക്രട്ടറിയേറ്റിലും മുഖ്യമന്ത്രിയുടെ ഓഫിസിലുമുള്‍പ്പെടെ സ്വാധീനിക്കാന്‍ കഴിഞ്ഞത് ഇത്തരം വഴിവിട്ട നിയമനങ്ങളിലൂടെ സ്ഥാനമാനങ്ങള്‍ കൈക്കലാക്കിയവര്‍ വഴിയാണ്. ഇത്തരത്തില്‍ കണ്‍സല്‍ട്ടന്‍സി വഴി നിയമിച്ചവരുടെ പട്ടിക പ്രസിദ്ധീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും റോയി അറയ്ക്കല്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it