Kerala

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ കോടതി വിധി ദൗര്‍ഭാഗ്യകരം: എസ്പി എസ് ഹരിശങ്കര്‍

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ കോടതി വിധി ദൗര്‍ഭാഗ്യകരം: എസ്പി എസ് ഹരിശങ്കര്‍
X

കോട്ടയം: കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്‌തെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ കോടതി വിധി ദൗര്‍ഭാഗ്യകരമാണെന്ന് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനും കോട്ടയം മുന്‍ എസ്പിയുമായ എസ് ഹരിശങ്കര്‍. നൂറ് ശതമാനം ശിക്ഷ പ്രതീക്ഷിച്ചിരുന്ന കേസാണിത്. വിധി തെറ്റായ സന്ദേശമാണ് നല്‍കുന്നത്. കേസില്‍ ഇരയുടെ കൃത്യമായ മൊഴിയുണ്ട്. സാക്ഷികളില്‍ ഒന്നുപോലും കൂറുമാറിയിട്ടില്ല. എന്നിട്ടും വിധി മറിച്ചായി. ഇന്ത്യയില്‍ത്തന്നെ വേറിട്ടുനില്‍ക്കുന്ന ആശ്ചര്യകരവും വളരെ അസാധാരണവുമായ കോടതി വിധിയാണിതെന്നും ഇതിനെതിരേ അപ്പീല്‍ നല്‍കുമെന്നും ഹരിശങ്കര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

കൃത്യമായ മെഡിക്കല്‍ തെളിവുകളടക്കമുള്ള ഒരു ബലാല്‍സംഗ കേസില്‍ പ്രതിയെ കുറ്റവിമുക്തനാക്കിയ കോടതി നടപടി അംഗീകരിക്കാനാവില്ലെന്നായിരുന്നു എസ്പിയുടെ ആദ്യപ്രതികരണം. സമയതാമസമുണ്ടായി എന്നത് മാത്രമാണ് തിരിച്ചടിയായുണ്ടായത്. സഭയ്ക്കുള്ളില്‍ വിഷയം തീര്‍ക്കാന്‍ ശ്രമിച്ചതിനാലാണ് സമയതാമസവുമുണ്ടായത്. താന്‍ ജീവിച്ചിരിക്കണോ എന്നത് പോലും ബിഷപ്പിനെ ആശ്രയിച്ചിരിക്കുമെന്ന അവസ്ഥയില്‍ നിന്നാണ് ഇര ബിഷപ്പിനെതിരേ മൊഴി നല്‍കിയതെന്നും അതിനെ കോടതി വിശ്വാസത്തിലെടുക്കേണ്ടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കേസില്‍ ഇരക്ക് വേണ്ടി സത്യസന്ധമായി മൊഴി നല്‍കിയ ആളുകള്‍ക്കും ഈ വിധി തിരിച്ചടിയാണ്. അവരുടെ നിലനില്‍പ്പിനേയും വിധി ബാധിക്കും. എത്ര ഉന്നതന്‍ പ്രതിയാവുന്ന കേസിലും ഇര ധൈര്യത്തോടെ മുന്നോട്ടുവന്നാല്‍ പ്രതി ശിക്ഷിക്കപ്പെടുമെന്ന സന്ദേശം നല്‍കാവുന്ന കേസില്‍ ഇത്തരത്തിലൊരു വിധി പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കേസ് ഇവിടെ അവസാനിപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും തീര്‍ച്ചയായും അപ്പീല് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരുമായി ആലോചിച്ച് അപ്പീല്‍ പോവുമെന്ന് പബ്ലിക്ക് പ്രോസിക്യൂട്ടറും ആവര്‍ത്തിച്ചു.

Next Story

RELATED STORIES

Share it