Kerala

എസ്‌ഐ ഷിബുവിനെ തിരിച്ചെടുത്ത ഉത്തരവ്: കെവിന്റെ കുടുംബം മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കി

തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കെവിന്റെ കുടുംബം മുഖ്യമന്ത്രിയെയും ഡിജിപിയെയും കണ്ട് പരാതി നല്‍കും.

എസ്‌ഐ ഷിബുവിനെ തിരിച്ചെടുത്ത ഉത്തരവ്: കെവിന്റെ കുടുംബം മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കി
X

തിരുവനന്തപുരം: കെവിന്‍ വധക്കേസില്‍ സസ്‌പെന്‍ഷനിലായിരുന്ന എസ്‌ഐ എം എസ് ഷിബുവിനെ തിരിച്ചെടുത്ത നടപടിക്കെതിരേ കെവിന്റെ മാതാപിതാക്കള്‍ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കി. തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കെവിന്റെ കുടുംബം മുഖ്യമന്ത്രിയെയും ഡിജിപിയെയും കണ്ട് പരാതി നല്‍കും. ഇക്കാര്യം ആവശ്യപ്പെട്ട് കെവിന്റെ കുടുംബം പ്രതിപക്ഷ നേതാക്കളെയും കാണും. എസ്‌ഐയെ പിരിച്ചുവിട്ടെന്നാണ് നേരത്തെ സര്‍ക്കാര്‍ ഞങ്ങളോട് പറഞ്ഞതാണ്. ഞങ്ങള്‍ക്ക് എന്തുനിതീയാണ് കിട്ടിയത്. വൈകാതെ മറ്റുള്ളവരും ജോലിയില്‍ പ്രവേശിക്കില്ലേയെന്നും കെവിന്റെ പിതാവ് ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. കെവിന്‍ മരണപ്പെടുന്നത് എസ്‌ഐ ഷിബുവിന്റെ കൃത്യവിലോപം മൂലമാണ്. പരാതി നല്‍കിയിട്ടും നേരിട്ടുകണ്ട് ബോധ്യപ്പെടുത്തിയിട്ടും യാതൊരു നടപടിയുമെടുക്കാന്‍ എസ്‌ഐ ഷിബു തയ്യാറായില്ലെന്നും ജോസഫ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, എം എസ് ഷിബുവിനെ സംസ്ഥാനത്തെ ഏറ്റവും ജൂനിയര്‍ എസ്‌ഐയായി തരംതാഴ്ത്തിക്കൊണ്ട് എറണാകുളം റെയ്ഞ്ച് ഐജി ഉത്തരവിട്ടിരുന്നു. ഷിബുവിന്റെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ പിരിച്ചുവിടല്‍ നിയമപരമായി നിലനില്‍ക്കില്ലെന്നാണ് ഉന്നത പോലിസ് വൃത്തങ്ങള്‍ പറയുന്നത്. കെവിന്‍ കൊല്ലപ്പെടുമ്പോള്‍ ഗാന്ധിനഗര്‍ സ്‌റ്റേഷനിലെ എസ്‌ഐ ആയിരുന്നു ഷിബു. സസ്‌പെന്റ് ചെയ്യപ്പെട്ട ഷിബുവിനെ പിന്നീട് ഔദ്യോഗിക കൃത്യവിലോപത്തിന് സര്‍വീസില്‍നിന്ന് പിരിച്ചുവിടാന്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, ഷിബു നല്‍കിയ വിശദീകരണത്തെ തുടര്‍ന്ന് സര്‍വീസില്‍ തിരിച്ചെടുക്കാന്‍ കൊച്ചി റെയ്ഞ്ച് ഐജി വിജയ് സാഖറെ ഇന്നലെയാണ് ഉത്തരവിറക്കിയത്. അതേസമയം, ഷിബുവിനെ തിരിച്ചെടുത്ത കാര്യം താനറിഞ്ഞില്ലെന്നായിരുന്നു ഡിജിപിയുടെ പ്രതികരണം.

Next Story

RELATED STORIES

Share it