Kerala

യൂനിയനെതിരായ കേസ് ഫാഷിസ്റ്റ് നടപടി: കെ യു ഡബ്ല്യു ജെ

യൂനിയനെതിരായ കേസ് ഫാഷിസ്റ്റ് നടപടി: കെ യു ഡബ്ല്യു ജെ
X

തിരുവനന്തപുരം: വാര്‍ത്തയുടെ പേരില്‍ മാധ്യമപ്രവര്‍ത്തകന്റെ ഫോണ്‍ പിടിച്ചെടുക്കാനുള്ള ക്രൈംബ്രാഞ്ച് നീക്കത്തില്‍ പ്രതിഷേധിച്ചു സമരം നടത്തിയതിന് പത്രപ്രവര്‍ത്തക യൂനിയന്‍ ഭാരവാഹികള്‍ക്കെതിരെ കേസ് എടുത്ത പോലിസ് നടപടി ജനാധിപത്യ വിരുദ്ധമെന്ന് കേരള പത്ര പ്രവര്‍ത്തക യൂനിയന്‍.

ജനപക്ഷത്തുനിന്നു വാര്‍ത്ത ചെയ്യുക മാധ്യമ ധര്‍മമാണ്. അതിനു തടയിടാന്‍ ശ്രമിക്കുന്നത് ജനാധിപത്യ വ്യവസ്ഥക്ക് ഭൂഷണമല്ല. അതുകൊണ്ടുതന്നെ അതിനെതിരെ പ്രതിഷേധിക്കേണ്ടത് ജനാധിത്യത്തിന്റെ നാലാം തൂണായ മാധ്യമപ്രവര്‍ത്തകരുടെ ധാര്‍മിക ഉത്തരവാദിത്തമാണ്. അതിന്റെ പേരില്‍ യൂനിയന്‍ ഭാരവാഹികള്‍ക്കെതിരെ കേസെടുക്കുന്നത് ഫാഷിസ്റ്റ് നടപടിയാണ്. മൗലികാവകാശങ്ങളുടെയും ഭരണഘടനാ മൂല്യങ്ങളുടെയും ലംഘനമാണിത്.

രേഖാമൂലം മൂന്‍കൂട്ടി അറിയിച്ച് അനുമതിക്ക് അപേക്ഷ സമര്‍പ്പിച്ച ശേഷമാണ് പത്രപ്രവര്‍ത്തക യൂനിയന്‍ സമരം നടത്തിയത്. ഏതെങ്കിലും വിധത്തിലുള്ള പ്രകോപനമോ വഴിതടസ്സമുണ്ടാക്കാനുള്ള ശ്രമങ്ങളോ സമരത്തിനിടെ ഉണ്ടായിട്ടുമില്ല. തലസ്ഥാനത്ത് മാനവീയം വീഥിയില്‍ നിന്നു തുടങ്ങിയ പ്രതിഷേധ മാര്‍ച്ച് ഏതാണ്ട് 100 മീറ്റര്‍ പിന്നിട്ടപ്പോള്‍ തന്നെ റോഡടച്ചു ബാരിക്കേഡ് ഉയര്‍ത്തി പോലിസ് തടയുകയായിരുന്നു.

യു ഡി എഫ് കണ്‍വീനര്‍ എം എം ഹസന്‍, ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് സി ശിവന്‍കുട്ടി അടക്കമുള്ളവരുടെ ഹ്രസ്വമായ സംസാരത്തിനു ശേഷം സമരക്കാര്‍ സമാധാനപരമായി പിരിഞ്ഞുപോവുകയും ചെയ്തു. ഇതര ജില്ലകളിലും സമാനമായ സ്ഥിതിയായിരുന്നു. ഇതിന്റെ പേരിലാണ് കേസ്. അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമായ ഈ നടപടി അവസാനിപ്പിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിക്കും സംസ്ഥാന പോലിസ് മേധാവിക്കും നല്‍കിയ നിവേദനത്തില്‍ യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് കെ പി റജിയും ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാളും ആവശ്യപ്പെട്ടു.





Next Story

RELATED STORIES

Share it