Kerala

കത്തോലിക്ക സഭയില്‍ എതിര്‍ ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി സഭാ മാധ്യമ കമ്മീഷന്‍.

കത്തോലിക്ക സഭയില്‍ എതിര്‍ ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി സഭാ മാധ്യമ കമ്മീഷന്‍.
X

കൊച്ചി: കത്തോലിക്ക സഭയില്‍ എതിര്‍ ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി സീറോ മലബാര്‍ സഭ മാധ്യമ കമ്മീഷന്‍. അച്ചടക്കരാഹിത്യം സഭയുടെ സുവിശേഷസാക്ഷ്യത്തെ പൊതുസമൂഹത്തിനു മുമ്പില്‍ അപഹാസ്യമാക്കുകയാണ്. സഭയില്‍ തിരുത്തലുകളും ആത്മവിമര്‍ശനങ്ങളും ആവശ്യമാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. എന്നാല്‍ സഭയ്ക്കുള്ളില്‍ നടക്കേണ്ട ചര്‍ച്ചകളും വിലയിരുത്തലുകളും തെരുവിലും മാധ്യമങ്ങളിലും നടത്തുന്നതിലാണു സഭാവിശ്വാസികള്‍ അസ്വസ്ഥരായിരുന്നതെന്ന് മാധ്യമ കമ്മീഷന്‍ വ്യക്തമാക്കുന്നു.

സഭാധികാരികള്‍ക്കെതിരെ ഉന്നയിക്കപ്പെടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാനും നീതിപൂര്‍വം പരിഹരിക്കാനും സഭാനിയമം അനുശാസിക്കുന്നതു പോലെ ഒരു ഉന്നതാധികാര ട്രിബ്യൂണല്‍ സഭയില്‍ നിലവിലുണ്ട്. സഭയിലെ വ്യവസ്ഥാപിത മാര്‍ഗങ്ങളെ അവഗണിച്ചു മാധ്യമശ്രദ്ധയ്ക്കായി മാത്രം നടത്തുന്ന പ്രതികരണങ്ങളെ ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. സഭാതലവന്റെ സര്‍ക്കുലറിനെതിരെ ഒരു സന്യാസവൈദികന്‍ പരസ്യമായി നിലപാടു സ്വീകരിച്ച് ഓണ്‍ലൈന്‍ പത്രത്തില്‍ ലേഖനമെഴുതിയതു ഗുരുതരമായ അച്ചടക്കലംഘനമാണ്. സഭയുടെ നിയമങ്ങള്‍ക്കുപരിയായി സ്വയം പ്രതിഷ്ഠിക്കാനുള്ള പ്രലോഭനം വൈദികരും സന്യസ്തരും ഉപേക്ഷിക്കേണ്ടതാണെന്നും മീഡിയ കമ്മീഷന്‍ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

നാളിതുവരെയുള്ള തങ്ങളുടെ തന്നിഷ്ടങ്ങള്‍ക്കു തടസം വരുമോ എന്ന ആശങ്കയാണ് ഇത്തരം വിലകുറഞ്ഞ പ്രതികരണങ്ങള്‍ക്കു കാരണമാകുന്നതെന്നും മീഡിയ കമ്മീഷന്‍ വ്യക്തമാക്കുന്നു. സാമൂഹ്യപ്രവര്‍ത്തനങ്ങളിലൂടെ നേടിയെടുത്ത പൊതു സ്വീകാര്യതയെ മറയാക്കി സഭയില്‍ അരാജകത്വം സൃഷ്ടിക്കാനുള്ള ചിലരുടെ ശ്രമങ്ങള്‍ കുറ്റകരമാണ്്.സഭയെ സമൂഹമധ്യത്തില്‍ അധിക്ഷേപിക്കാന്‍ അവസരം പാര്‍ത്തിരിക്കുന്ന മാധ്യമങ്ങള്‍ നല്‍കുന്ന പിന്തുണയില്‍ വഴിതെറ്റരുത്.

സഭയൊന്നാകെ കൂട്ടായ്മയിലേക്കു നീങ്ങാന്‍ പരിശ്രമിക്കുമ്പോള്‍, അപസ്വരങ്ങള്‍ ഉയര്‍ത്തി സ്വയം അപഹാസ്യരാകരുത്. സഭയുടെ കൂട്ടായ്മ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ സഭാവിരുദ്ധരുടെ കൈകളിലെ പാവകളായി മാറുന്ന അപകടം ഒഴിവാക്കണമെന്നും കമ്മീഷന്‍ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. ഏതാനും ദിവസം മുമ്പ് സീറോ മലബാര്‍ സഭയുടെ കീഴിലുള്ള 55 ലധികം മെത്രാന്മാര്‍ പങ്കെടുത്തുകൊണ്ട് മെത്രാന്‍ സിനഡ് നടന്നിരുന്നു. സഭയക്കെതിരെ ഉയര്‍ന്നു വിമര്‍ശനങ്ങളും മറ്റും പ്രതിരോധിക്കാന്‍ സിനഡിന്റെ തീരുമാന പ്രകരാമാണ് മാധ്യമ കമ്മീഷന്‍ രൂപീകരിച്ചിരിക്കുന്നത്. സിനഡിലെ തീരുമാനങ്ങള്‍ സര്‍ക്കൂലറാക്കി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പള്ളികളില്‍ വായിക്കാന്‍ സര്‍ക്കുലര്‍ ഇറക്കിയിരുന്നു. എന്നാല്‍ ഈ സര്‍ക്കുലര്‍ പരസ്യമായി ഒരു സംഘടനയുടെ നേതൃത്വത്തില്‍ കത്തിച്ചിരുന്നു. ഇതിനെതിരെ അന്നു ത്‌നെ സഭാ നേതൃത്വം രംഗത്തു വന്നിരുന്നു ഇതിനു പിന്നാലെയാണ് ഇപ്പോള്‍ മാധ്യമ കമ്മീഷന്റെ നിര്‍ദേശം വന്നിരിക്കുന്നത്.







Next Story

RELATED STORIES

Share it