Kerala

ഗവര്‍ണറെ ഉപയോഗപ്പെടുത്തി നിഗൂഢഭരണത്തിന് കേന്ദ്രം ശ്രമിക്കുന്നു: മൂവാറ്റുപുഴ അഷ്‌റഫ് മൗലവി

ഗവര്‍ണറെ ഉപയോഗപ്പെടുത്തി നിഗൂഢഭരണത്തിന് കേന്ദ്രം ശ്രമിക്കുന്നു: മൂവാറ്റുപുഴ അഷ്‌റഫ് മൗലവി
X

തിരുവനന്തപുരം: ഗവര്‍ണറെ ഉപയോഗപ്പെടുത്തി സംസ്ഥാനത്ത് നിഗൂഢഭരണത്തിന് കേന്ദ്രം ശ്രമിക്കുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. കേരളം ഉള്‍പ്പെടെയുള്ള ബി ജെ പി ഇതര സംസ്ഥാനങ്ങളില്‍ ഗവര്‍ണമാര്‍ ഭരണത്തില്‍ അനാവശ്യ ഇടപെടല്‍ നടത്തുകയാണ്. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ പാസ്സാക്കുന്ന ബില്ലുകളില്‍ ഒപ്പിടില്ല എന്ന ധാര്‍ഷ്ട്യ നിലപാടാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സ്വീകരിക്കുന്നത്. രാജ്ഭവനില്‍ ഉള്‍പ്പെടെ ജനങ്ങള്‍ പിന്തുണയ്ക്കാത്ത കേന്ദ്ര സര്‍ക്കാരിന് താല്‍പ്പര്യമുള്ളവരെ നിയമിക്കുകയാണ്. രാജ്ഭവനില്‍ സംഘപരിവാര സ്വാധീനം വര്‍ധിക്കുകയാണ്. സംഘപരിവാരത്തെ തിരുകിക്കയറ്റി സര്‍വകലാശാലകള്‍ പിടിച്ചെടുക്കാനുള്ള ശ്രമം നടക്കുന്നു.

സംഘപരിവാര്‍ വക്താവിനെ പോലെയാണ് ഗവര്‍ണര്‍ പെരുമാറുന്നത്. ഭരണഘടനാ പദവിയിലിരുന്ന് ആര്‍ എസ് എസ് പരിപാടിയില്‍ പരസ്യമായി പങ്കെടുക്കുകയും അവരുടെ വിദ്വേഷ പ്രസ്താവനകള്‍ ആവര്‍ത്തിക്കുകയും ചെയ്യുകയാണ്. സര്‍വകലാശാല സെനറ്റില്‍ ആര്‍ എസ് എസ് - എബിവിപി ക്കാരെ നാമനിര്‍ദ്ദേശം ചെയ്ത നടപടി ഹൈക്കോടതി തന്നെ റദ്ദാക്കിയത് ഗവര്‍ണറുടെ ദുഷ്ടലാക്ക് വ്യക്തമാക്കുന്നു. സ്വാര്‍ഥ ലക്ഷ്യത്തോടെ ഗവര്‍ണറെ പരിധിവിട്ട് പുകഴ്ത്തുകയും മോദിക്കും തനിക്കും ഇടയിലെ ഇടനിലക്കാരനായി പരിഗണിക്കുകയും ചെയ്ത മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണറുടെ ധാര്‍ഷ്ട്യത്തിന് ഉത്തരവാദിയാണ്. ഭരണഘടനയെയും ജനാധിപത്യത്തെയും തൃണവല്‍ഗണിച്ച് സംസ്ഥാന ഭരണം അസ്ഥിരപ്പെടുത്താനുള്ള ഗവര്‍ണറുടെ നീക്കം അപലപനീയമാണെന്നും മുവാറ്റുപുഴ അഷ്‌റഫ് മൗലവി കൂട്ടിച്ചേര്‍ത്തു.




Next Story

RELATED STORIES

Share it