Kerala

കിയാലിന് ഓഡിറ്റ് അനുവദിക്കാത്തത് നിയമ സെക്രട്ടറിയുടെ ഉപദേശം മറികടന്ന്

സര്‍ക്കാരിനും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ചേര്‍ന്നു പകുതിയിലധികം ഓഹരികളുള്ള കിയാലിന്റെ അക്കൗണ്ടുകള്‍ സി.എ.ജി പരിശോധനയ്ക്കു വിധേയമാക്കണം എന്ന നിയമോപദേശമാണ് നിയമവകുപ്പ് സെക്രട്ടറി 2018ല്‍ സര്‍ക്കാരിനു നല്‍കിയത്.

കിയാലിന് ഓഡിറ്റ് അനുവദിക്കാത്തത് നിയമ സെക്രട്ടറിയുടെ ഉപദേശം മറികടന്ന്
X

തിരുവനന്തപുരം: കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡില്‍(കിയാല്‍) കംപ്ട്രോളർ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ(സി.എ.ജി) ഓഡിറ്റിങ് അനുവദിക്കാത്ത സര്‍ക്കാര്‍ തീരുമാനം നിയമസെക്രട്ടറിയുടെ ഉപദേശം മറികടന്നെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാരിനും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ചേര്‍ന്നു പകുതിയിലധികം ഓഹരികളുള്ള കിയാലിന്റെ അക്കൗണ്ടുകള്‍ സി.എ.ജി പരിശോധനയ്ക്കു വിധേയമാക്കണം എന്ന നിയമോപദേശമാണ് നിയമവകുപ്പ് സെക്രട്ടറി 2018ല്‍ സര്‍ക്കാരിനു നല്‍കിയത്. നിയമ സെക്രട്ടറിയുടെ ഉപദേശം മറികടന്ന് സി.എ.ജി പരിശോധന വേണ്ടെന്നു സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.

കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന്റെ പുതിയ ഉത്തരവു പ്രകാരം 51 ശതമാനത്തിലധികം സര്‍ക്കാര്‍ ഓഹരികളുള്ള സ്ഥാപനങ്ങളില്‍ സി.എ.ജിയുടെ നേരിട്ടുള്ള പരിശോധന വേണം. കിയാലില്‍ സര്‍ക്കാരിന്റെ ഓഹരി 33 ശതമാനമാണെങ്കിലും മറ്റുപൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി സര്‍ക്കാര്‍ ഓഹരിയായി കണക്കാക്കണം എന്ന കമ്പനികാര്യ മന്ത്രാലയത്തിന്റെ ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് സി.എ.ജി ഓഡിറ്റ് വേണമെന്ന നിലപാടില്‍ നിയമ സെക്രട്ടറി ഉറച്ചുനിന്നത്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിനാണ് മുന്‍ഗണന നല്‍കിയത്. 33 ശതമാനം സര്‍ക്കാര്‍ ഓഹരി മാത്രമുള്ളതിനാല്‍ സി.എ.ജിയുടെ പരിശോധന വേണ്ടെന്ന ഉപദേശമാണ് എ.ജി നല്‍കിയത്.

2017 വരെ കിയാലില്‍ സി.എ.ജിയുടെ പരിശോധന നടന്നിരുന്നു. തുടര്‍ന്നു 2018ല്‍ പരിശോധനയ്ക്കുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു സി.എ.ജി കത്തുനല്‍കിയെങ്കിലും സര്‍ക്കാര്‍ നിഷേധിക്കുകയായിരുന്നു. സി.എ.ജിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് നിയമസെക്രട്ടറി കിയാലില്‍ പരിശോധന വേണമെന്ന നിയമോപദേശം നല്‍കിയത്. കിയാലില്‍ ഓഡിറ്റ് അനുവദിക്കണമെന്നാവശ്യപ്പെട്ടു സി.എ.ജി നിരവധി തവണ സര്‍ക്കാരിനു കത്തയച്ചിരുന്നു. കഴിഞ്ഞ ജൂലൈ 10നു വീണ്ടും ചീഫ് സെക്രട്ടറിക്കു കത്തു നല്‍കിയെങ്കിലും ഒന്നിനും സര്‍ക്കാര്‍ മറുപടി നല്‍കിയില്ലെന്നാണ് വിവരം.

Next Story

RELATED STORIES

Share it