Kerala

കമ്മ്യൂണിറ്റി കിച്ചന്റെ പ്രവര്‍ത്തനം സിപിഎം അട്ടിമറിച്ചു: മുല്ലപ്പള്ളി

കൊട്ടിഘോഷിച്ച് സര്‍ക്കാര്‍ കമ്മ്യൂണിറ്റി കിച്ചന്‍ പ്രഖ്യാപിച്ചെങ്കിലും ആവശ്യമായ ഫണ്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കാത്തത് മൂലം പലയിടങ്ങളിലും ഇവയുടെ പ്രവര്‍ത്തനം താളം തെറ്റി.

കമ്മ്യൂണിറ്റി കിച്ചന്റെ പ്രവര്‍ത്തനം സിപിഎം അട്ടിമറിച്ചു: മുല്ലപ്പള്ളി
X

തിരുവനന്തപുരം: രാഷ്ട്രീയവത്കരിച്ച് കമ്മ്യൂണിറ്റി കിച്ചന്റെ പ്രവര്‍ത്തനം സിപിഎം അട്ടിമറിച്ചെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

കൊട്ടിഘോഷിച്ച് സര്‍ക്കാര്‍ കമ്മ്യൂണിറ്റി കിച്ചന്‍ പ്രഖ്യാപിച്ചെങ്കിലും ആവശ്യമായ ഫണ്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കാത്തത് മൂലം പലയിടങ്ങളിലും ഇവയുടെ പ്രവര്‍ത്തനം താളം തെറ്റി. സന്നദ്ധ സംഘടനകളുടെ സാഹായം കൊണ്ടാണ് ഇവ പ്രവര്‍ത്തിക്കുന്നതെന്നതാണ് സത്യം. എന്നാല്‍ സര്‍ക്കാരിന്റെ വിലകുറഞ്ഞ രാഷ്ട്രീയ ഇടപെടിനാല്‍ കമ്മ്യൂണിറ്റി കിച്ചന്റെ ഗുണഫലം സാധാരണക്കാര്‍ക്ക് ലഭിക്കുന്നില്ല.

ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ വിശക്കുന്നവര്‍ക്ക് ഭക്ഷണം എത്തിക്കാന്‍ രാഷ്ട്രീയപാര്‍ട്ടികളും സാമൂഹ്യസംഘടനകളും നടത്തുന്ന ആത്മാര്‍ത്ഥ ശ്രമങ്ങള്‍ പൂര്‍ണ്ണമായും അട്ടിമറിക്കുന്ന നടപടികളാണ് അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. ഇടതു രാഷ്ട്രീയസംഘടനകളുടെ നേതൃത്വത്തിലല്ലാത്ത കമ്മ്യൂണിറ്റി കിച്ചന്‍ അടച്ചു പൂട്ടുന്ന നിലപാടാണ് സര്‍ക്കാരിന്റേത്.

കോഴിക്കോട് ഡിസിസിയുടെ നേതൃത്വത്തില്‍ മികച്ച രീതിയില്‍ മൂന്നുനേരം ഭക്ഷണം കൊടുത്ത കമ്മ്യൂണിറ്റി കിച്ചന്റെ പ്രവര്‍ത്തനം കോര്‍പ്പറേഷന്‍ ഇടപെട്ട് അടച്ചുപൂട്ടി. ഭക്ഷണം കിട്ടാതെ അന്യസംസ്ഥാന തൊഴിലാളികള്‍ ചാലപ്പുറത്ത് തദ്ദേശിയരുമായി വഴക്ക് കൂടിയപ്പോഴാണ് കെപിസിസിക്ക് ഇടപെടേണ്ടി വന്നത്. കൊല്ലത്ത് നെടുമ്പന ഗ്രാമപഞ്ചായത്തില്‍ യൂത്ത്‌കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടന്നിരുന്ന കമ്മ്യൂണിറ്റി കിച്ചന്റെ പ്രവര്‍ത്തനം പോലീസ് തടഞ്ഞു. സംസ്ഥാനത്ത് വ്യാപകമായി കോണ്‍ഗ്രസ് നടത്തുന്ന കമ്മ്യൂണിറ്റി കിച്ചനുകള്‍ അടച്ചുപൂട്ടണമെന്നും അല്ലെങ്കില്‍ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ ഭീഷണിപ്പെടുത്തി കൊണ്ടിരിക്കുകയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

കോണ്‍ഗ്രസും മറ്റു സന്നദ്ധ സംഘടനകളും സൗജന്യമായി ഭക്ഷണം വിതരണം ചെയ്യുമ്പോള്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സിപിഎം വാളണ്ടിയര്‍മാര്‍ നടത്തുന്ന കമ്മ്യൂണിറ്റി കിച്ചനില്‍ നിന്നുള്ള ഭക്ഷണത്തിന് 25 രൂപ ഈടക്കുന്നുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.

മത്സ്യബന്ധനത്തിന് പോകാന്‍ കഴിയാതെ പട്ടിണികിടക്കുന്ന മത്സ്യത്തൊഴിലാളികളെ സാഹായിക്കാനെത്തിയ കൊയിലാണ്ടിയിലെ മുസ്ലീം യൂത്ത്‌ലീഗ് നേതാവിനെ ഐപിസി 420 പ്രകാരം വഞ്ചനാകുറ്റത്തിന് പോലീസ് സുപ്രണ്ട് നേരിട്ടെത്തി കേസെടുത്തു. കോടതിയാണ് അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്.

നാടുമുഴുവന്‍ പിരിവെടുത്ത് പണം തട്ടുന്ന സിപിഎം നേതാക്കള്‍ക്കെതിരായാണ് വഞ്ചനാകുറ്റത്തിന് കേസെടുക്കേണ്ടത്. വറുതിക്കാലം കഴിയും വരെ മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യ റേഷനും ഭക്ഷ്യധാന്യ കിറ്റും നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

നിത്യവൃത്തിക്കായി രാപ്പകല്‍ കഷ്ടപ്പെടുന്ന ഓട്ടോ ടാക്‌സി ഡ്രെവര്‍മാരുടെയും മറ്റു മോട്ടോര്‍ വാഹനത്തൊഴിലാളികളുടെയും അവസ്ഥ അത്യന്തം പരിതാപകരമാണ്. ലോക്ക് ഡൗണിന്റെ ഭാഗമായി വരുമാനം മാര്‍ഗം പൂര്‍ണ്ണമായി മുടങ്ങിയ ഇവരില്‍ പലരും സ്വകാര്യധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വാഹനം വാങ്ങാന്‍ വന്‍തുക കടമെടുത്തവരാണ്. തിരിച്ചടവ് തവണ മുടങ്ങിയതോടെ ഭീഷണികളുമായി ധനകാര്യസ്ഥാപനങ്ങള്‍ രംഗത്ത് വന്നിട്ടുണ്ട്. ഇവര്‍ക്ക് സൗജന്യ റേഷനോടൊപ്പം അടിയന്തര സാമ്പത്തിക സഹായം നല്‍കാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it