Kerala

'ദി കേരള സ്റ്റോറി' കുട്ടികള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ച ഇടുക്കി അതിരൂപതയ്‌ക്കെതിരേ ബാലാവകാശ കമ്മീഷനില്‍ പരാതി

ദി കേരള സ്റ്റോറി കുട്ടികള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ച ഇടുക്കി അതിരൂപതയ്‌ക്കെതിരേ ബാലാവകാശ കമ്മീഷനില്‍ പരാതി
X

തിരുവനന്തപുരം: സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയ 'ദി കേരള സ്റ്റോറി' എന്ന വിവാദ ചിത്രം ഇടുക്കി അതിരൂപതക്ക് കീഴിലുള്ള പളളികളിലെ വേദപഠന ക്ലാസിന്റെ ഭാഗമായി 17 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പ്രദര്‍ശിപ്പിച്ച് കേരളത്തിനെതിരെയും ഒരു മത വിഭാഗത്തിനെതിരെയും വംശീയ വിദ്വേഷവും വ്യാജ പ്രചരണവും നടത്തി ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി ആദില്‍ അബ്ദുല്‍ റഹീം സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍പേര്‍സണ് പരാതി നല്‍കി.

അഡല്‍റ്റ് ഒണ്‍ലി സര്‍ട്ടിഫിക്കറ്റ് നല്‍കപ്പെട്ട ചിത്രം 17 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പ്രദര്‍ശിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്നിരിക്കെയാണ് ഇടുക്കി അതിരൂപതക്ക് കീഴിലുള്ള പളളികളിലെ വേദപഠന ക്ലാസിന്റെ ഭാഗമായി പത്ത് മുതല്‍ പന്ത്രണ്ട് വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി 'ദി കേരള സ്റ്റോറി' ചിത്രം പ്രദര്‍ശിപ്പിച്ചത്. കേരളത്തിനെതിരെയും ഒരു മതസാമൂഹിക വിഭാഗത്തിനെതിരെയും വംശീയ വിദ്വേഷവും വ്യാജപ്രചാരണവും നടത്തുന്ന സിനിമക്കെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടും സിനിമ നിരോധിച്ചിട്ടില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഇടുക്കി അതിരൂപതാ ഭാരവാഹികള്‍ കുട്ടികള്‍ക്കായുള്ള പ്രദര്‍ശനത്തെ ന്യായീകരിക്കുന്നത്.

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് വേണ്ടി എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രം പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്ന സെന്‍സര്‍ ബോര്‍ഡിന്റെ നിയമത്തെയാണ് രൂപത ലംഘിച്ചിട്ടുള്ളത്. കൗമാരക്കാര്‍ക്കിടയില്‍ വംശീയമായ വേര്‍തിരിവും മതവിദ്വേഷവും സൃഷ്ടിക്കുക എന്ന ബോധപൂര്‍വ്വമായ ശ്രമത്തിന്റെ ഭാഗമെന്ന നിലയില്‍ 2024 ഏപ്രില്‍ 04 ന് ഇടുക്കി അതിരൂപതയുടെ കാര്‍മ്മികത്വത്തില്‍ നടന്ന ഈ സിനിമ പ്രദര്‍ശനം അങ്ങേയറ്റം ഗൗരവമുള്ളതാണ്.

പതിനേഴ് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കായി എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച 'ദി കേരള സ്റ്റോറി' പ്രദര്‍ശിപ്പിച്ചിട്ടുണ്ട് എന്ന് ഇടുക്കി അതിരൂപതയുടെ ഭാരവാഹികള്‍ തന്നെ മാധ്യമങ്ങളിലൂടെ വ്യക്തമാക്കിയ സാഹചര്യത്തില്‍ നിയമവിരുദ്ധ പ്രവര്‍ത്തനത്തിനെതിരില്‍ ബാലവാകാശ കമ്മീഷന്‍ അടിയന്തരമായി ഇടപെടണമെന്നും നിയമനടപടി സ്വീകരിക്കണമെന്നും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.




Next Story

RELATED STORIES

Share it