Kerala

ഗൂഢാലോചനക്കേസ്: ദിലീപടക്കമുള്ള പ്രതികളെ വീണ്ടും ചോദ്യം ചെയ്യണമെന്ന് അന്വേഷണസംഘം; ഒളിപ്പിച്ച ഫോണുകള്‍ ഇന്ന് ഹാജരാക്കണം

ഗൂഢാലോചനക്കേസ്: ദിലീപടക്കമുള്ള പ്രതികളെ വീണ്ടും ചോദ്യം ചെയ്യണമെന്ന് അന്വേഷണസംഘം; ഒളിപ്പിച്ച ഫോണുകള്‍ ഇന്ന് ഹാജരാക്കണം
X

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപടക്കമുള്ള പ്രതികളെ വീണ്ടും ചോദ്യം ചെയ്യണമെന്ന് അന്വേഷണസംഘം. ഇതിനായി കോടതിയെ സമീപിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. നടിയെ ആക്രമിച്ച കേസിലെ അന്വേഷണസംഘത്തെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ നടന്‍ ദിലീപിനെയും മറ്റ് നാല് പ്രതികളെയും മൂന്ന് ദിവസം ചോദ്യം ചെയ്യാനായിരുന്നു കോടതി അനുമതി നല്‍കിയത്. കോടതി അനുവദിച്ച സമയം അവസാനിച്ചെങ്കിലും പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് അന്വേഷണസംഘം വ്യക്തമാക്കുന്നു.

പ്രതികള്‍ തെളിവുകള്‍ നശിപ്പിക്കാനുള്ള ശ്രമം നടത്തിയെന്ന് അന്വേഷണസംഘം കോടതിയെ അറിയിക്കും. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ പ്രതികള്‍ ഫോണുകള്‍ മാറ്റിയത് ഇതിന് വേണ്ടിയാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. ദിലീപും അനൂപും സുരാജും നേരത്തെ ഉപയോഗിച്ചിരുന്ന ഫോണുകള്‍ ഇന്ന് ഹാജരാക്കണമെന്നും അന്വേഷണസംഘം ആവശ്യപ്പെട്ടു. ദിലീപും അനൂപും ഉപയോഗിച്ചിരുന്ന രണ്ട് വീതം ഫോണുകളും സുരാജ് ഉപയോഗിച്ചിരുന്ന ഒരു ഫോണും ഇന്ന് ഹാജരാക്കണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം പ്രതികള്‍ക്ക് നോട്ടീസ് നല്‍കി.

ഉച്ചയ്ക്ക് രണ്ടരയ്ക്ക് മുമ്പ് ക്രൈംബ്രാഞ്ചിന് മുന്നില്‍ ഫോണുകള്‍ ഹാജരാക്കാനാണ് അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടുള്ളത്. ഈ ഫോണുകള്‍ കിട്ടിയാല്‍ നിര്‍ണായക വിവരങ്ങള്‍ ലഭ്യമാവുമെന്നാണ് അന്വേഷണസംഘത്തിലെ പ്രതീക്ഷ. പ്രതികളില്‍നിന്ന് പിടിച്ചെടുത്ത ഡിജിറ്റല്‍ തെളിവുകളുടെ പരിശോധനാ റിപോര്‍ട്ട് ഇന്നലെ വൈകുന്നേരത്തോടെയാണ് ലഭിച്ചത്. ഇതും വിശദമായി പരിശോധിച്ചശേഷമായിരിക്കും പ്രതികളെ വീണ്ടും ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് റിപോര്‍ട്ട് തയ്യാറാക്കുക.

ദിലീപിന്റെ സഹോദരന്‍ അനൂപിനെയും ബാലചന്ദ്ര കുമാറിനെയും ഒരുമിച്ച് കണ്ടിട്ടുണ്ടെന്ന് ദിലീപിന്റെ കാര്യസ്ഥന്റെ മകന്‍ ദാസന്‍ നേരത്തെ മൊഴി നല്‍കിയിരുന്നു. എന്നാല്‍ അനൂപും ബാലചന്ദ്ര കുമാറും തമ്മില്‍ പരിചയമില്ല എന്നാണ് അന്വേഷണസംഘത്തോട് ദിലീപ് പറഞ്ഞത്. ഇതില്‍ വ്യക്തത വരുത്താന്‍ ദാസനെ ക്രൈംബ്രാഞ്ച് വീണ്ടും വിളിച്ചുവരുത്തും. വ്യാഴാഴ്ചയാണ് കേസില്‍ ക്രൈംബ്രാഞ്ചിന് ഹൈക്കോടതിയില്‍ റിപോര്‍ട്ട് സമര്‍പ്പിക്കേണ്ടത്. ഗൂഢാലോചന കേസില്‍ നടന്‍ ദിലീപിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായത് ഇന്നലെയാണ്. മൂന്ന് ദിവസമായി 33 മണിക്കൂറാണ് ക്രൈംബ്രാഞ്ച് ദിലീപിനെ ചോദ്യം ചെയ്തത്.

Next Story

RELATED STORIES

Share it