Kerala

എതിർപ്പുമായി സിപിഎം കേന്ദ്ര നേതൃത്വം: വിവാദ പോലിസ് നിയമഭേദഗതി സർക്കാർ തിരുത്തിയേക്കും

ഡിജിറ്റൽ മാധ്യമങ്ങളെ വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലാക്കിയ കേന്ദ്രസർക്കാർ നടപടിയെ പരസ്യമായി എതിർത്ത പാർട്ടിയാണ് സിപിഎം.

എതിർപ്പുമായി സിപിഎം കേന്ദ്ര നേതൃത്വം: വിവാദ പോലിസ് നിയമഭേദഗതി സർക്കാർ തിരുത്തിയേക്കും
X

തിരുവനന്തപുരം: വിവാദ പോലിസ് നിയമഭേദഗതി സർക്കാർ തിരുത്തിയേക്കും. സാമൂഹിക മാധ്യമങ്ങളിലെ അധിക്ഷേപങ്ങൾക്ക് മാത്രം ബാധകമാക്കാനാണ് ആലോചന. സിപിഎമ്മിലും പോലിസിലും എതിർപ്പ് ശക്തമായതോടെയാണ് തിരുത്തൽ വരുത്താനുള്ള നീക്കം. നിയമ ഭേദഗതിയിൽ കടുത്ത എതിര്‍പ്പാണ് സിപിഎം കേന്ദ്ര നേതൃത്വം അറിയിച്ചത്. നിയമഭേദഗതിക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിൽ കേന്ദ്ര നേതൃത്വം സംസ്ഥാന നേതാക്കളോട് സംസാരിച്ചു. തിരുത്തൽ എങ്ങനെ വേണമെന്ന് നാളെയോടെ തീരുമാനിക്കാനാണ് സാധ്യത.

ഡിജിറ്റൽ മാധ്യമങ്ങളെ വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലാക്കിയ കേന്ദ്രസർക്കാർ നടപടിയെ പരസ്യമായി എതിർത്ത പാർട്ടിയാണ് സിപിഎം. പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിയന്ത്രണംപോലും എതിർക്കുന്ന പാർട്ടി ഭരിക്കുന്ന സംസ്ഥാനത്താണ് വാർത്തകൾക്കും മാധ്യമങ്ങൾക്കും മുകളിൽ പോലിസിന്റെ നിരീക്ഷണം ഏർപ്പെടുത്തിയത്. ഇതിനാലാണ് സിപിഎം കേന്ദ്രനേതൃത്വത്തിന് ഈ നിയമ ഭേദഗതിയോട് വിയോജിക്കേണ്ടിവന്നത്.

ദുരുപയോഗം ചെയ്യാൻ ഏറെ സാധ്യതയുള്ള വിധമാണ് കേരള പോലിസ് നിയമത്തിലെ ഭേദഗതി. ഒരാളുടെ മനസ് നൊന്താൽപ്പോലും വാർത്തയ്ക്കും അത് നൽകിയ മാധ്യമ സ്ഥാപനത്തിനുമെതിരെ സ്വമേധയാ കേസെടുക്കാവുന്നതാണ് നിയമം. വാർത്തയിൽ പരാമർശിക്കപ്പെട്ടയാൾ തന്നെ പരാതിക്കാരനാകണമെന്നും നിർബന്ധമില്ല. സർക്കാരിനെതിരേയുള്ള വാർത്തകളെ പോലിസിനെ ഉപയോഗിച്ച് 'സെൻസർ' ചെയ്യാനുള്ള നീക്കമായാണ് പ്രതിപക്ഷം ഇതിനെ വ്യാഖ്യാനിക്കുന്നത്. മാധ്യമങ്ങളെയും കേസിന്റെ വരുതിയിലാക്കിയ നിയമഭേദഗതിയുടെ ഉദ്ദേശ്യശുദ്ധിയാണ് പ്രതിപക്ഷവും ബിജെപിയും ആയുധമാക്കുന്നത്.

കേന്ദ്ര നേതൃത്വത്തിന്റെ അതൃപ്തി പ്രകടമായതോടെയാണ് പോലിസ് നിയമം ദുരുപയോഗം ചെയ്യില്ലെന്ന് മുഖ്യമന്ത്രി വിശദീകരിച്ചത്. പാർട്ടിതന്നെ കരിനിയമത്തിന്റെ പട്ടികയിൽ ഉൾപ്പെടുത്തിയ യുഎപിഎ പാർട്ടി അംഗങ്ങളായ രണ്ടുവിദ്യാർഥികളിൽ പ്രയോഗിച്ചപ്പോൾ അത് പോലിസിന്റെ പിഴയായാണ് സിപിഎം വിശദീകരിച്ചത്. നിയമത്തിൽ നിയന്ത്രണമില്ലാതെ അത് പ്രയോഗിക്കുന്നതിന് പരിധിവെക്കുന്നത് പ്രായോഗികമല്ലെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണത്തിന് പ്രതിപക്ഷത്തിന്റെ മറുപടി. കേന്ദ്ര ഏജൻസികളുടെ അന്വേഷണവിവരങ്ങൾ വാർത്തയാകുന്നത് തടയുകയാണ് മുഖ്യമന്ത്രി ലക്ഷ്യമിടുന്നതെന്നാണ് യുഡിഎഫിൻ്റെയും ബിജെപിയുടെയും ആരോപണം.

അതിനിടെ, പോലിസ് ആക്ടിലെ ഭേദഗതിയ്ക്കെതിരെ ബിജെപി ഹൈക്കോടതിയെ സമീപിക്കും. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനാണ് ഹൈക്കോടതിയിൽ ഹരജി നൽകുക. ഭേദഗതി പൗരാവകാശത്തിന് മേലുള്ള കടന്നുകയറ്റമാണ് നിയമമെന്നാണ് ഹരജിയിൽ ഉന്നയിക്കുന്നത്. സൈബർ ആക്രമണങ്ങളും സാമൂഹ്യ മാധ്യമങ്ങളിലെ വ്യക്തിഹത്യയും തടയുന്നതിനായാണ് പോലിസ് നിയമത്തിലെ 118 (എ) വകുപ്പാണ് ഭേദഗതി ചെയ്തത്. എന്നാൽ ഭേദഗതി വ്യക്തിസ്വാതന്ത്ര്യത്തിലും മാധ്യമ സ്വാതന്ത്ര്യത്തിലുമുള്ള കടന്നുകയറ്റമാണെന്ന് വ്യാപകമായ വിമർശനം ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ബിജെപി കോടതിയെ സമീപിക്കുന്നത്.

Next Story

RELATED STORIES

Share it