Kerala

കൊവിഡ്: സ്പ്രിങ്ഗ്ലറുമായുള്ള കരാറില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി

ഹൈക്കോടതി അഭിഭാഷകനായ എം അബ്ദുല്‍ ജബ്ബാറുദ്ദീന്‍, പത്രപ്രവര്‍ത്തകനായ മൈക്കിള്‍ വര്‍ഗീസ് എന്നിവരാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചിട്ടുള്ളത്. മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി വിജയന്‍ നടത്തിയിരിക്കുന്നത് അഴിമതിയാണെന്നും ശരിയായ നിലയിലുള്ള അന്വേഷണം നടത്തണമെങ്കില്‍ സിബിഐ അന്വേഷണം അനിവാര്യമാണെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു

കൊവിഡ്: സ്പ്രിങ്ഗ്ലറുമായുള്ള കരാറില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി
X

കൊച്ചി: സ്പ്രിങ്ഗ്ലര്‍ ഡേറ്റ വിവാദവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി. ഹൈക്കോടതി അഭിഭാഷകനായ എം അബ്ദുല്‍ ജബ്ബാറുദ്ദീന്‍, പത്രപ്രവര്‍ത്തകനായ മൈക്കിള്‍ വര്‍ഗീസ് എന്നിവരാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചിട്ടുള്ളത്. മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി വിജയന്‍ നടത്തിയിരിക്കുന്നത് അഴിമതിയാണെന്നും ശരിയായ നിലയിലുള്ള അന്വേഷണം നടത്തണമെങ്കില്‍ സിബിഐ അന്വേഷണം അനിവാര്യമാണെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.

മുഖ്യമന്ത്രിയെ കൂടാതെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍, ആരോഗ്യമന്ത്രി കെ കെ ശൈലജ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എംഎല്‍എ, എന്‍ കെ പ്രേമചന്ദ്രന്‍ എം പി, സ്പ്രിങ്ഗ്ലര്‍ കമ്പനിയുടെ ബാംഗ്ലൂര്‍ ഓഫിസ്, സ്പ്രിങ്ഗ്ലര്‍ കമ്പനി സിഇഒ രാഖി തോമസ് ഉള്‍പ്പെടെയുള്ളവരെ എതിര്‍കക്ഷികളാക്കിയാണ് ഹരജി സമര്‍പ്പിച്ചിട്ടുള്ളത്. ആരോപണങ്ങള്‍ പൊതുജനമധ്യത്തില്‍ കൊണ്ടുവന്നത് മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഉള്‍പ്പെടെയുള്ളവരാണ്. അതുകൊണ്ട് ഇവരെയും കേസില്‍ കക്ഷികളാക്കിയതെന്നും ഹരജിയില്‍ പറയുന്നു. 200 കോടിയുടെ തട്ടിപ്പാണ് നടത്തിയിട്ടുള്ളതെന്ന് പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയും ഉള്‍പ്പെടെയുള്ളവര്‍ ആരോപിച്ചിട്ടുണ്ട്. ഇതില്‍ വസ്തുനിഷ്ടമായ അന്വേഷണം നടത്തുന്നതിന് അഴിമതി നിരോധന നിയമപ്രകാരമുള്ള അന്വേഷണം നടക്കേണ്ടതുണ്ടെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു.

കൊവിഡ് 19 രോഗ വ്യാപനത്തിന്റെ ഭാഗമായി ശേഖരിച്ച വ്യക്തികളുടെ വിവരങ്ങള്‍ സ്പിങ്ഗ്ലര്‍ കമ്പനിക്ക് കൈമാറിയെന്നാണ് പ്രധാന ആരോപണം.ഇതിലൂടെ കോടിക്കണക്കിനു രൂപയുടെ വ്യാപാരം നടത്തിയെന്നാണ് പ്രതിപക്ഷ നേതാവുള്‍പ്പെടെയുള്ളവര്‍ ആരോപിച്ചതെന്നും ഹരജിക്കാര്‍ വ്യക്തമാക്കി. ഒരു വ്യക്തിയുടെ സ്വകാര്യ വിവരങ്ങള്‍ കൈമാറുന്നതിന് കരാറിലേര്‍പ്പെട്ടതോടെ ഐടി. സെക്രട്ടറി ഗുരുതരമായ നിയമലംഘനമാണ് നടത്തിയിട്ടുള്ളത്. ഐ ടി സെക്രട്ടറി മുഖ്യമന്ത്രിയുമായി മാത്രമേ ഈ കാര്യത്തില്‍ ആലോചന നടത്തിയിട്ടുള്ളൂ. മറ്റാരുമായി ആലോചിക്കാതെയാണ് കരാറിലേര്‍പ്പെട്ടതെന്നും ആരോപിക്കുന്നു. സ്പ്രിങ്ഗ്ലര്‍ കമ്പനിയുമായി ഏര്‍പ്പെടുത്തിയിട്ടുള്ള കരാര്‍ പൊതു താല്‍പര്യത്തിന് വിരുദ്ധമാണ്. ഡേറ്റ എന്നത് വില്‍പ്പനയ്ക്കുള്ള വസ്തുവാണ്. ഇതിന് മൂല്യമുള്ളതും വില്‍പ്പന ചരക്കുമാണ്.

അതുകൊണ്ടു തന്നെ ഇതിന്റെ വില്‍പ്പന ലേലം ചെയ്ത് ഏറ്റവും കൂടുതല്‍ മൂലം ഉറപ്പിക്കുന്ന ആള്‍ക്കാണ് നല്‍കേണ്ടത്. ഇത്തരം കാര്യങ്ങളൊന്നും പാലിക്കാതെയാണ് കരാറിലേര്‍പ്പെട്ടതെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. സ്പ്രിങ്ഗ്ലറുമായുള്ള കരാറിനെ സംബന്ധിച്ച് ആരോഗ്യവകുപ്പില്‍ നിന്നും യാതൊരു വിവരങ്ങളും ലഭ്യമല്ല. ആരോഗ്യ വകുപ്പിന്റെ വിവരങ്ങളാണ് കൈമാറുന്നതിന് കരാറിലേര്‍പ്പെട്ടത്. ആരോഗ്യവകുപ്പിന്റെ രേഖകള്‍ കൈമാറുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ക്ക് ആരോഗ്യവകുപ്പിന്റെ അംഗീകാരമില്ലെന്നും ഹരജിയില്‍ പറയുന്നു. ഡേറ്റ വ്യാപാരം നടത്തുമ്പോള്‍ പൊതുകാര്യ വകുപ്പിന്റെയും ധനകാര്യവകുപ്പിന്റെയും നിയമവകുപ്പിന്റെയും അംഗീകാരം അനിവാര്യമാണ്. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ഇത്തരത്തില്‍ സര്‍ക്കാര്‍ കരാറിലേര്‍പ്പെട്ടിട്ടുള്ളതെന്നും ഹരജിയില്‍ ആരോപിക്കുന്നു.

Next Story

RELATED STORIES

Share it