Kerala

കൊവിഡ്- 19: കോട്ടയത്ത് ചികില്‍സയിലുള്ള വയോധികയുടെ നിലയില്‍ മാറ്റമില്ല; 15 പേരുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കും

കോട്ടയം മെഡിക്കല്‍ കോളജ് ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണവിഭാഗത്തില്‍ ഗുരുതരാവസ്ഥയില്‍ കഴിയവെ ഹൃദയാഘാതവും ശ്വാസതടസ്സവും നേരിട്ടതിനാല്‍ ക്രിട്ടിക്കല്‍ കെയര്‍ യൂനിറ്റിലേക്കു മാറ്റുകയായിരുന്നു. ഇവരുടെ ഭര്‍ത്താവിന് ഹൃദയാഘാതമുണ്ടായെങ്കിലും ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ട്.

കൊവിഡ്- 19: കോട്ടയത്ത് ചികില്‍സയിലുള്ള വയോധികയുടെ നിലയില്‍ മാറ്റമില്ല; 15 പേരുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കും
X

കോട്ടയം: കൊവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ച റാന്നി ഐത്തല സ്വദേശിനിയായ വയോധികയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. വാര്‍ധക്യസഹജമായ വിവിധ രോഗങ്ങള്‍ അലട്ടുന്നതിനിടെയിലാണ് ഇറ്റലിയില്‍നിന്നു രോഗബാധിതരായി എത്തിയവരുമായുള്ള സമ്പര്‍ക്കത്തില്‍ ഇവര്‍ക്കും വൈറസ് ബാധ പിടിപെട്ടത്. കോട്ടയം മെഡിക്കല്‍ കോളജ് ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണവിഭാഗത്തില്‍ ഗുരുതരാവസ്ഥയില്‍ കഴിയവെ ഹൃദയാഘാതവും ശ്വാസതടസ്സവും നേരിട്ടതിനാല്‍ ക്രിട്ടിക്കല്‍ കെയര്‍ യൂനിറ്റിലേക്കു മാറ്റുകയായിരുന്നു. ഇവരുടെ ഭര്‍ത്താവിന് ഹൃദയാഘാതമുണ്ടായെങ്കിലും ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ട്. വയോധികയുടെ കൊച്ചുമകന്‍ ഇറ്റലിയിലാണു ജോലിചെയ്യുന്നത്.

മകന്റെ അടുത്തേക്ക് ഒരുമാസത്തെ സന്ദര്‍ശനത്തിനു പിതാവും മാതാവും പോയിരുന്നു. ഇവര്‍ മടങ്ങിവന്നപ്പോഴാണു രോഗം പിടിപെട്ടത്. ഇവരില്‍നിന്നാണു വയോധികയ്ക്കു വൈറസ് പടര്‍ന്നത്. ഇവരെ നെടുമ്പാശ്ശേരിയില്‍നിന്നും കൂട്ടിക്കൊണ്ടുവന്നത് ഇറ്റലിയില്‍ ജോലിയുള്ള യുവാവിന്റെ സഹോദരിയും ഭര്‍ത്താവും ഇവരുടെ നാലുവയസുള്ള മകളുമാണ്. ഇവര്‍ കുമരകം ചെങ്ങളത്താണ് താമസം. ബന്ധുക്കളായ കുമരകം ചെങ്ങളം സ്വദേശികളായ ദമ്പതികള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ആരോഗ്യനിലയില്‍ കുഴപ്പമില്ല. ഇവരുടെ മകള്‍ നാലരവയസ്സുകാരിക്കും തെള്ളകം ചീപ്പുങ്കല്‍ സ്വദേശികള്‍ക്കും രോഗമില്ലെന്നു കണ്ടെത്തിയിരുന്നു. കുട്ടിക്ക് ആദ്യപരിശോധനയില്‍ത്തന്നെ രോഗമില്ലെന്നു കണ്ടെത്തി.

എങ്കിലും കൂടുതല്‍ സ്ഥിരീകരണത്തിനായി വീണ്ടും പൂനെ നാഷനല്‍ വൈറോളി ഇന്‍സ്റ്റിറ്റിയൂട്ടില്‍ കുട്ടിയുടെ രക്തവും മൂക്ക്, വായ് എന്നിവിടങ്ങില്‍നിന്നെടുത്ത സ്രവങ്ങളും പരിശോധയ്ക്ക് അയച്ചിരുന്നു. അവിടെനിന്നും നെഗറ്റീവായിരുന്നു ഫലം ലഭിച്ചത്. അതിനിടെ, കോട്ടയത്ത് കൊവിഡ്-19 സംശയത്തെത്തുടര്‍ന്നു നിരീക്ഷണത്തിലിരുന്നയാള്‍ മരിച്ചു. കോട്ടയം ചെങ്ങളം സ്വദേശി ശശീന്ദ്രനാണ് വെള്ളിയാഴ്ച രാവിലെ മരിച്ചത്. ചെങ്ങളം സ്വദേശികളായ രണ്ടുപേര്‍ കൊവിഡ്-19 ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലുണ്ട്. ഇറ്റലിയില്‍നിന്നു വന്നവരില്‍നിന്നാണ് ഇവര്‍ക്കു കൊവിഡ്-19 ബാധിച്ചത്. ഇവരുമായി സെക്കന്‍ഡ് സ്റ്റേജ് ബന്ധം പുലര്‍ത്തിയതിനെ തുടര്‍ന്നാണു ശശീന്ദ്രനെ നിരീക്ഷണത്തിലാക്കിയത്. അതേസമയം, പക്ഷാഘാതമാണ് മരണകാരണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

ശശീന്ദ്രന്റെ സാമ്പിള്‍ പരിശോധനയ്ക്ക് അയയ്ക്കുമെന്നും അതിനുശേഷം മാത്രമേ വ്യക്തമായി എന്തെങ്കിലും പറയാന്‍ കഴിയൂ എന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു. കൊവിഡ്- 19 രോഗികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടതിനെത്തുടര്‍ന്ന് കോട്ടയത്ത് നിരീക്ഷണത്തില്‍ കഴിയുന്നവരില്‍ 15 പേരുടെ പരിശോധനാഫലം ഇന്ന് ലഭിക്കും. ഐസൊലേഷന്‍ വാര്‍ഡുകളില്‍ ഒമ്പത് പേരും വീടുകളില്‍ 465 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ഒടുവില്‍ പുറത്തുവന്ന 13 ഫലവും നെഗറ്റീവായതിന്റെ നേരിയ ആശ്വാസത്തിലാണ് കോട്ടയം ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും. ഇന്നലെ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിഞ്ഞിരുന്ന നാലുപേരാണ് വീടുകളിലേക്ക് മടങ്ങിയത്. ചെങ്ങളത്ത് രോഗബാധ കണ്ടെത്തിയ ദമ്പതികളുടെ സഞ്ചാരപാത പുറത്തുവന്നതിനെ തുടര്‍ന്ന് 35 പേര്‍ ആരോഗ്യവകുപ്പിനെ സമീപിച്ചു. ഇതില്‍ മൂന്നുപേര്‍ അടുത്ത സമ്പര്‍ക്കവും 20 പേര്‍ പരോക്ഷ സമ്പര്‍ക്കവും പുലര്‍ത്തിയവരാണ്. ഇവരെ വീടുകളില്‍ നിരീക്ഷണത്തിലാക്കി.

Next Story

RELATED STORIES

Share it