Kerala

കൊവിഡ് 19: ഹോണറേറിയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും

കൊവിഡ്19 ജാഗ്രതയുടെ ഭാഗമായി സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ തങ്ങളുടെ ഹോണറേറിയം ദുരിതാശ്വാസനിധിയിലേക്ക് നല്‍കാന്‍ തീരുമാനിച്ചത്.

കൊവിഡ് 19: ഹോണറേറിയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും
X

കോഴിക്കോട്: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സ്ഥിരംസമിതി ചെയര്‍മാന്മാര്‍, അംഗങ്ങള്‍ എന്നിവരുടെ ഒരു മാസത്തെ ഹോണറേറിയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ തീരുമാനിച്ചതായി കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അറിയിച്ചു. കൊവിഡ്19 ജാഗ്രതയുടെ ഭാഗമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ജില്ലാ പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ തങ്ങളുടെ ഹോണറേറിയം ദുരിതാശ്വാസനിധിയിലേക്ക് നല്‍കാന്‍ തീരുമാനിച്ചത്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരം

കോഴിക്കോട് ജില്ലാ പഞ്ചായത്തടക്കംം 57 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ 2020-21 വാര്‍ഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നല്‍കി. സമിതി ചെയര്‍മാനായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് അംഗീകാരം നല്‍കിയത്. കൊവിഡ്19 ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു വിവിധ തദ്ദേശ സ്വയംഭരണ തലവന്മാരുമാരുമായി വാര്‍ഷിക പദ്ധതി അംഗീകാരത്തിനായുള്ള ചര്‍ച്ച സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്തിനെ കൂടാതെ 12 ബ്ലോക്ക് പഞ്ചായത്തുകള്‍, 39 ഗ്രാമപഞ്ചായത്തുകള്‍, അഞ്ച് നഗരസഭകള്‍ എന്നിവയുടെ വാര്‍ഷിക പദ്ധതികള്‍ക്കാണ് അംഗീകാരം നല്‍കിയത്.

സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയായ ലൈഫ് പദ്ധതിയുടെ മൂന്നാംഘട്ടത്തിലേക്ക് മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഫണ്ട് നീക്കിവെച്ചു. കൂടാതെ വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി 25 രൂപയ്ക്ക് ഊണ് നല്‍കുന്ന ഭക്ഷണശാലകള്‍ ആരംഭിക്കുന്നതിനുള്ള ഫണ്ടും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വാര്‍ഷിക പദ്ധതി സമര്‍പ്പിക്കാത്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഉടന്‍ പദ്ധതി അംഗീകാരത്തിനായി സമര്‍പ്പിക്കണമെന്ന് ചെയര്‍മാനായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍ദ്ദേശിച്ചു.

സൗരോര്‍ജ പദ്ധതികള്‍ വിജയപ്രദമായി നടപ്പാക്കി മാതൃകയായ ജില്ലാ പഞ്ചായത്ത് പദ്ധതിക്കായി ഇത്തവണ 1.25 കോടി നീക്കിവെച്ചതായി പ്രസിഡന്റ് പറഞ്ഞു. ജില്ലാ പഞ്ചായത്തിന് കീഴിലെ ആശുപത്രികള്‍, ഫാമുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സൗരോര്‍ജ പ്ലാന്റുകള്‍ നിര്‍മ്മിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതാണ് പദ്ധതി. ശുചിത്വ മേഖലക്ക് പ്രാധാന്യം നല്‍കുന്നതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിന് കീഴിലെ 44 സ്‌കൂളുകളിലെ ശുചിമുറി സംവിധാനങ്ങള്‍ ശുചീകരിക്കാന്‍ ഒരു ജീവനക്കാരിയെ നിയമിക്കും. പാലുല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് ജില്ലാ പദ്ധതിയുടെ ഭാഗമായി ജില്ലാ ബ്ലോക്ക് ഗ്രാമപഞ്ചായത്തുകള്‍ സംയുക്തമായി ക്ഷീരഗ്രാമം പദ്ധതി നടപ്പാക്കുമെന്നും പ്രസിഡന്റ് പറഞ്ഞു. കറവ പശുക്കള്‍ക്ക് ഇന്‍ഷുറന്‍ പദ്ധതിയും ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്, ഡെപ്യൂട്ടി മേയര്‍ മീര ദര്‍ശക്, ജില്ലാ ആസൂത്രണ സമിതിയിലെ സര്‍ക്കാര്‍ പ്രതിനിധി പ്രൊഫ. പി.ടി അബ്ദുല്‍ലത്തീഫ് എന്നിവര്‍ നേരിട്ടും മറ്റ് ഡി.പി.സി അംഗങ്ങള്‍ ഓണ്‍ലൈന്‍ വഴിയുമാണ് പങ്കെടുത്തത്.

Next Story

RELATED STORIES

Share it