Kerala

കൊവിഡ് 19: മലപ്പുറം ജില്ലയില്‍ 45 പേര്‍ കൂടി നിരീക്ഷണത്തില്‍; 28 പേരുടെ ഫലം നെഗറ്റീവ്

കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി അതിതീവ്രമേഖലയായി പ്രഖ്യാപിച്ച മലപ്പുറം ജില്ലയില്‍ മാറഞ്ചേരി ഗ്രാമപ്പഞ്ചായത്തും ഹോട്ട്‌സ്പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തി. മാറഞ്ചേരിക്കു പുറമെ, മഞ്ചേരി നഗരസഭയിലെ വാര്‍ഡ് 17 ഉം കാലടി ഗ്രാമപ്പഞ്ചായത്തുമാണ് മറ്റ് ഹോട്ട് സ്പോട്ടുകള്‍.

കൊവിഡ് 19: മലപ്പുറം ജില്ലയില്‍ 45 പേര്‍ കൂടി നിരീക്ഷണത്തില്‍; 28 പേരുടെ ഫലം നെഗറ്റീവ്
X

മലപ്പുറം: കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ ഇന്ന് മുതല്‍ 45 പേര്‍ക്കുകൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 1,538 ആയതായി ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. 15 പേരാണ് വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 15 പേരും കൊവിഡ് പ്രത്യേക ചികില്‍സാകേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് ഐസൊലേഷനിലുള്ളത്. 1,470 പേരാണ് ഇപ്പോള്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 53 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലും സ്വയം നിരീക്ഷണത്തില്‍ കഴിയുന്നു. കൊവിഡ് 19 ബാധിച്ച് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ രണ്ടുപേര്‍ നിലവില്‍ ചികില്‍സയില്‍ കഴിയുകയാണ്.

ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന അറിയിച്ചു. ജില്ലയില്‍ ഇതുവരെ 22 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതില്‍ നാലുമാസം പ്രായമായ കുട്ടി മാത്രമാണ് രോഗബാധിതയായിരിക്കെ മരിച്ചത്. 19 പേര്‍ക്ക് വിദഗ്ധചികില്‍സയ്ക്കുശേഷം രോഗം ഭേദമായി. ഇതില്‍ തുടര്‍ചികില്‍സയിലിരിക്കെ ഒരാള്‍ മരിച്ചു. 18 പേരാണ് രോഗം ഭേദമായി വീടുകളിലേയ്ക്ക് മടങ്ങിയത്. ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന 28 പേര്‍ക്ക് കൂടി കോവിഡ് ബാധയില്ലെന്ന് വിദഗ്ധപരിശോധനകള്‍ക്കുശേഷം ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. ജില്ലയില്‍ ഇതുവരെ 2,000 പേര്‍ക്കാണ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചത്. 20 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.

കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി അതിതീവ്രമേഖലയായി പ്രഖ്യാപിച്ച മലപ്പുറം ജില്ലയില്‍ മാറഞ്ചേരി ഗ്രാമപ്പഞ്ചായത്തും ഹോട്ട്‌സ്പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തി. മാറഞ്ചേരിക്കു പുറമെ, മഞ്ചേരി നഗരസഭയിലെ വാര്‍ഡ് 17 ഉം കാലടി ഗ്രാമപ്പഞ്ചായത്തുമാണ് മറ്റ് ഹോട്ട് സ്പോട്ടുകള്‍. ഇവിടങ്ങളില്‍ കര്‍ശനനിയന്ത്രണങ്ങള്‍ തുടരുകയാണെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. ജില്ലയില്‍ തുടരുന്ന നിയന്ത്രണങ്ങളില്‍ നിലവില്‍ പ്രഖ്യാപിച്ച ഇളവുകളൊന്നും ഹോട്ട്‌സ്പോട്ട് പ്രദേശങ്ങളില്‍ ബാധകമല്ല. ഹോട്ട്‌സ്‌പോട്ട് ഒഴികെയുള്ള പ്രദേശങ്ങളില്‍ ഉപാധികളോടെ പ്രവര്‍ത്തനാനുമതി നല്‍കിയ സ്ഥാപനങ്ങള്‍ മാത്രമെ പ്രവര്‍ത്തിക്കാവൂ. ജില്ലയിലാകെ അതീവജാഗ്രത തുടരുകയാണ്. ആരോഗ്യജാഗ്രതാ നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി.

Next Story

RELATED STORIES

Share it