Kerala

കൊവിഡ്: ഉല്‍സവം, തിരുന്നാള്‍,പെരുനാള്‍ നടത്തിപ്പിന് പൊതുമാര്‍ഗ്ഗ നിര്‍ദേശങ്ങളുമായി സര്‍ക്കാര്‍

ആചാരത്തിന്റെ ഭാഗമായി നടത്തുന്ന ചടങ്ങുകള്‍/ വഴിപാടുകള്‍ എന്നിവ ആള്‍ക്കൂട്ടം ഒഴിവാക്കി ചടങ്ങുകള്‍ മാത്രമായി ലളിതമായി നടത്തണം. ആചാരപരമായി നടത്തുന്ന പരിപാടികള്‍, സാംസ്‌കാരിക പരിപാടികള്‍, കലാപരിപാടികള്‍ എന്നിവയ്ക്ക്, ഇന്‍ഡോര്‍ പരിപാടികളില്‍ പരമാവധി 100 പേരെയും. ഔട്ട്ഡോര്‍ പരിപാടികളില്‍ പരമാവധി 200 പേരെയും മാത്രമേ കാണികളായി അനുവദിക്കുവാന്‍ പാടുള്ളു

കൊവിഡ്: ഉല്‍സവം, തിരുന്നാള്‍,പെരുനാള്‍ നടത്തിപ്പിന് പൊതുമാര്‍ഗ്ഗ നിര്‍ദേശങ്ങളുമായി സര്‍ക്കാര്‍
X

ആലപ്പുഴ: കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് അണ്‍ലോക്ക് 5 മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചു.ഈ സാഹചര്യത്തില്‍ ആരാധനാലയങ്ങളിലെ ഉത്സവം, തിരുനാള്‍, പെരുനാള്‍ മുതലായവ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തുന്നതിനായി പൊതുവായുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളാണ് പുറപ്പെടുവിച്ചിരിക്കുന്നതെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. ഉത്സവത്തിന്റെ/ പെരുനാളിന്റെ/ തിരുനാളിന്റെ പ്രധാന ദിവസം ആരാധനാലയത്തിന്റെ കോംപൗണ്ടിനുള്ളില്‍ 200 പേരെ മാത്രം പങ്കെടുപ്പിച്ച് ഉത്സവം, തിരുനാള്‍, പെരുനാള്‍ മുതലായവ നടത്തുന്നതിന് ആരാധനാലയങ്ങള്‍ക്ക് അനുമതി നല്‍കി.

ആരാധനാലയത്തിന്റെ കോമ്പൗണ്ടിനുള്ളില്‍ സാമൂഹിക അകലം പാലിച്ചു മാസ്‌ക് ധരിച്ച് മാത്രമേ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കാവു. കൈ കഴുകുന്നതിന് സോപ്പ്, വെള്ളം, സാനിറ്റൈസര്‍ എന്നിവ പൊതുജനങ്ങള്‍ക്ക് ബന്ധപ്പെട്ട ആരാധനാലയങ്ങളുടെ അധികാരികള്‍ ലഭ്യമാക്കേണ്ടതാണ്. 10 വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ 65 വയസ്സിന് മുകളില്‍ പ്രയമുള്ളവര്‍, ഗര്‍ഭിണികള്‍, രോഗ ലക്ഷണമുള്ളവര്‍ എന്നിവര്‍ പങ്കെടുക്കുവാന്‍ പാടുള്ളതല്ല. ആചാരപരമായി നടത്തുന്ന പരിപാടികള്‍, സാംസ്‌കാരിക പരിപാടികള്‍, കലാപരിപാടികള്‍ എന്നിവ സാമൂഹിക അകലം ഉള്‍പ്പടെയുള്ള കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മാത്രമേ നടത്താവൂ. ആചാരത്തിന്റെ ഭാഗമായി നടത്തുന്ന ചടങ്ങുകള്‍/ വഴിപാടുകള്‍ എന്നിവ ആള്‍ക്കൂട്ടം ഒഴിവാക്കി ചടങ്ങുകള്‍ മാത്രമായി ലളിതമായി നടത്തണം. ആചാരപരമായി നടത്തുന്ന പരിപാടികള്‍, സാംസ്‌കാരിക പരിപാടികള്‍, കലാപരിപാടികള്‍ എന്നിവയ്ക്ക്, ഇന്‍ഡോര്‍ പരിപാടികളില്‍ പരമാവധി 100 പേരെയും. ഔട്ട്ഡോര്‍ പരിപാടികളില്‍ പരമാവധി 200 പേരെയും മാത്രമേ കാണികളായി അനുവദിക്കുവാന്‍ പാടുള്ളു.

ഉത്സവം, തിരുനാള്‍, പെരുനാള്‍ എന്നിവയുമായി ബന്ധപ്പെട്ട് നടത്തുന്ന സാംസ്‌കാരിക പരിപാടികള്‍, കലാപരിപാടികള്‍, സ്റ്റേജ് ഷോകള്‍ എന്നിവ നടത്തുന്നതിനുള്ള അനുമതി പ്രദേശത്തെ പോലീസ് അധികാരികളില്‍ നിന്നും വാങ്ങേണ്ടതാണ്. ഉത്സവം, തിരുനാള്‍, പെരുനാള്‍ എന്നിവയില്‍ പങ്കെടുക്കുന്നതിനും, സാംസ്‌കാരിക പരിപാടികള്‍, കലാപരിപാടികള്‍ എന്നിവ അവതരിപ്പിക്കുന്നതിനും കാണുന്നതിനുമായി എത്തുന്നവര്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ എഴുതിയ ആവശ്യമായ ബോര്‍ഡുകള്‍ ആരാധനാലയത്തിന്റ അധികാരികള്‍ സ്ഥാപിക്കേണ്ടതാണ്. ഉത്സവം, തിരുനാള്‍, പെരുനാള്‍ എന്നിവയുമായി ബന്ധപ്പെട്ട് പ്രസാദ വിതരണം, സദ്യ, നേര്‍ച്ച, ഭക്ഷണ വിതരണം എന്നിവ ഒഴിവാക്കേണ്ടതാണ്.

നാട്ടാന പരിപാലന നിയമ പ്രകാരം ഫോറസ്റ്റ് വകുപ്പിന്റെ അനുമതിയോടെയും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമേ ആനകളെ എഴുന്നെള്ളിക്കുവാന്‍ പാടുള്ളു. ആരാധനാലയത്തിന്റ മതില്‍ക്കെട്ടിന് പുറത്ത് ആനയെ എഴുന്നെള്ളിക്കുവാന്‍ പാടുള്ളതല്ല.ഉത്സവവുമായി ബന്ധപ്പെട്ട വഴിയോര കച്ചവടങ്ങള്‍, താല്‍ക്കാലിക ഷെഡ് നിര്‍മ്മിച്ചിട്ടുള്ള കച്ചവടങ്ങള്‍ എന്നിവ നിരോധിച്ചു. മേല്‍ പറഞ്ഞ നിബന്ധനകള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ജില്ലാ പോലിസ് മേധാവി, സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ എന്നിവര്‍ ഉറപ്പു വരുത്തേണ്ടതാണെന്നും കലക്ടര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it