Kerala

കൊവിഡ് പ്രതിരോധം: പരാജയം മറയ്ക്കാന്‍ മുഖ്യമന്ത്രി പ്രതിപക്ഷത്തിനുമേല്‍ കുതിരകയറുന്നു: യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍

പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പലപ്പോഴും പറഞ്ഞതും പ്രഖ്യാപിച്ചതുമായ കാര്യങ്ങളല്ല സര്‍ക്കാര്‍ നടപ്പാക്കുന്നത്. നടപ്പാക്കിയ കാര്യങ്ങളില്‍ വ്യക്തതയുമില്ല. കാര്യങ്ങള്‍ കൈവിട്ടു പോവുമ്പോള്‍ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കൊവിഡ് ടെസ്റ്റുകളുടെ കാര്യത്തില്‍ കേരളം ഇപ്പോഴും ഏറെ പിന്നിലാണ്. മറ്റിടങ്ങളില്‍ ടെസ്റ്റുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായി. ഈ കാര്യത്തില്‍ 16ാം സ്ഥാനത്താണ് കേരളം. 1.44 ലക്ഷം ടെസ്റ്റുകള്‍ മാത്രമാണ് ഏറ്റവുമൊടുവിലെ കണക്കുകള്‍ പ്രകാരം നടന്നിട്ടുള്ളത്

കൊവിഡ് പ്രതിരോധം: പരാജയം മറയ്ക്കാന്‍ മുഖ്യമന്ത്രി പ്രതിപക്ഷത്തിനുമേല്‍ കുതിരകയറുന്നു: യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍
X

കൊച്ചി: കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ സമ്പൂര്‍ണമായി പരാജയപ്പെട്ടെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാന്‍ എംപി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അടുത്തിടെ പുറത്തുവന്ന കണക്കുകള്‍ ഇത് വ്യക്തമാക്കുന്നു. ഈ പരാജയം മറയ്ക്കാനാണ് മുഖ്യമന്ത്രി പ്രതിപക്ഷത്തിന് മേല്‍ കുതിര കയറുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പലപ്പോഴും പറഞ്ഞതും പ്രഖ്യാപിച്ചതുമായ കാര്യങ്ങളല്ല സര്‍ക്കാര്‍ നടപ്പാക്കുന്നത്. നടപ്പാക്കിയ കാര്യങ്ങളില്‍ വ്യക്തതയുമില്ല. കാര്യങ്ങള്‍ കൈവിട്ടു പോവുമ്പോള്‍ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കൊവിഡ് ടെസ്റ്റുകളുടെ കാര്യത്തില്‍ കേരളം ഇപ്പോഴും ഏറെ പിന്നിലാണ്. മറ്റിടങ്ങളില്‍ ടെസ്റ്റുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായി. ഈ കാര്യത്തില്‍ 16ാം സ്ഥാനത്താണ് കേരളം. 1.44 ലക്ഷം ടെസ്റ്റുകള്‍ മാത്രമാണ് ഏറ്റവുമൊടുവിലെ കണക്കുകള്‍ പ്രകാരം നടന്നിട്ടുള്ളത്. ജമ്മു കശ്മീരില്‍ പോലും ഇതിനകം രണ്ടര ലക്ഷത്തിലേറെ ടെസ്റ്റുകള്‍ നടന്നു.

ടെസ്റ്റ് പെര്‍ മില്യണ്‍ കാര്യത്തിലും കേരളം ഏറെ പിന്നിലാണ് (22ാം സ്ഥാനം). രോഗത്തിന്റെ സമൂഹ വ്യാപനം തിരിച്ചറിയാനുള്ള സെന്റിനെല്‍ സര്‍വൈലന്‍സ് ടെസ്റ്റുകളും കുറച്ചു മാത്രമാണ് നടന്നത്. കഴിഞ്ഞ ടെസ്റ്റുകളുടെ ഫലമാവട്ടെ കൃത്യമായി പുറത്തുവിടുന്നുമില്ല. സമ്പര്‍ക്കം വഴി രോഗം പടരുന്നവരുടെ എണ്ണം കൂടുകയാണ്. ഇതുവരെ 426 (13.4) ശതമാനം പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം ബാധിച്ചു. ഇതിന്റെ ഉറവിടം പോലും കണ്ടെത്താന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്നും ബെന്നി ബഹനാന്‍ പറഞ്ഞു.രണ്ടര ലക്ഷം പ്രവാസികളെ സ്വീകരിക്കാനും ഒന്നര ലക്ഷം പേര്‍ക്കുള്ള ക്വാറന്റൈന്‍ സൗകര്യവും സജ്ജമായെന്ന് വീരവാദം മുഴക്കിയ സര്‍ക്കാര്‍ ആകെ പതിനായിരം പ്രവാസികള്‍ വന്നപ്പോള്‍ തന്നെ അവര്‍ക്കുള്ള സ്ഥാപന നിരീക്ഷണ സംവിധാനം നിര്‍ത്തലാക്കി. പ്രവാസികള്‍ കേരളത്തിലേക്ക് മടങ്ങി എത്താതിരിക്കാന്‍ പല തരത്തിലുള്ള തടസങ്ങള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു.

സന്നദ്ധ സംഘനടകള്‍ ചാര്‍ട്ടേഡ് ഫ്ളൈറ്റുകള്‍ സജ്ജമാക്കിയപ്പോള്‍ അതിന് തുരങ്കം വെക്കാനും ശ്രമിച്ചു. കേന്ദ്രവും സംസ്ഥാന സര്‍ക്കാരും പ്രവാസികളോട് കൊടും വഞ്ചനയാണ് കാട്ടുന്നത്. വിദേശത്ത് നിന്ന് വരുന്നവര്‍ സംസ്ഥാനത്ത് രോഗം പരത്തുന്നുവെന്ന രീതിയിലാണ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രചാരണം. ശബരിമല വിവാദ സമയത്തേത് പോലെ കേരളത്തില്‍ രണ്ടു തരം പൗരന്‍മാരെ സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ഇതിലൂടെ ശ്രമിക്കുന്നത്. ഈ വിഭാഗീയത സൃഷ്ടിക്കല്‍ കേരളത്തില്‍ വിലപോവില്ലെന്ന് നേരത്തെ വ്യക്തമായതാണെന്നും ബെന്നി ബഹനാന്‍ പറഞ്ഞു.കേരളത്തില്‍ മുഖ്യമന്ത്രിയെയും സിപിഎം നേതാക്കളെയും പോലെ മറ്റൊരാളും രാഷ്ട്രീയ നേതാക്കളെ അപമാനിക്കുകയും വ്യക്തിഹത്യ നടത്തുകയും ചെയ്തിട്ടില്ല. അവരാണ് ഇപ്പോള്‍ രാഷ്ട്രീയ ധാര്‍മികത പറഞ്ഞു നടക്കുന്നത്. മലപ്പുറത്ത് ഡിവൈഎഫ്ഐ നടത്തിയ കൊലവിളി പ്രകടനം രാഷ്ട്രീയമല്ല, രാക്ഷസീയമാണ്. ഈ സാമൂഹ്യ വിരുദ്ധരെ നിയന്ത്രിക്കുന്ന കാര്യത്തില്‍ മുഖ്യമന്ത്രിയുടെയും കമ്മ്യൂണിസ്റ്റ് നേതാക്കളുടെയും ധാര്‍മികത എവിടെ പോയെന്നും യുഡിഎഫ് കണ്‍വീനര്‍ ചോദിച്ചു.

Next Story

RELATED STORIES

Share it