Kerala

കൊവിഡ് വാക്‌സിനേഷന്‍: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; എറണാകുളം ജില്ലയില്‍ ആദ്യം വാക്‌സിന്‍ നല്‍കുക 63,000 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്

ജനുവരി 16നാണ് കുത്തിവയ്പ് ആരംഭിക്കുക.73000 ഡോസ് വാക്‌സിന്‍ ജില്ലക്ക് ലഭ്യമായതില്‍ 1040 ഡോസ് കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്കും 71,290 ഡോസ് വാക്‌സിന്‍ സംസ്ഥാന സര്‍ക്കാരിന്റെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് നല്‍കുന്നത്. വാക്‌സിന്‍ സെന്ററുകളില്‍ ഒരു ദിവസം നൂറു പേര്‍ക്ക് വീതം 12 സെന്ററുകളിലായി 1200 പേര്‍ക്കായിരിക്കും ഒരു ദിവസം വാക്‌സിന്‍ നല്‍കുക

കൊവിഡ് വാക്‌സിനേഷന്‍: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; എറണാകുളം ജില്ലയില്‍ ആദ്യം വാക്‌സിന്‍ നല്‍കുക 63,000 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്
X

കൊച്ചി: എറണാകുളം ജില്ലയിലെ 63,000 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ആദ്യം കൊവിഡ് വാക്‌സിന്‍ നല്‍കുക. ഇതിനുള്ള ഒരുക്കങ്ങള്‍ ജില്ലയില്‍ പൂര്‍ത്തിയായതായി ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.ജനുവരി 16നാണ് കുത്തിവയ്പ് ആരംഭിക്കുക.73000 ഡോസ് വാക്‌സിന്‍ ജില്ലക്ക് ലഭ്യമായതില്‍ 1040 ഡോസ് കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്കും 71,290 ഡോസ് വാക്‌സിന്‍ സംസ്ഥാന സര്‍ക്കാരിന്റെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് നല്‍കുന്നത്. വാക്‌സിന്‍ സെന്ററുകളില്‍ ഒരു ദിവസം നൂറു പേര്‍ക്ക് വീതം 12 സെന്ററുകളിലായി 1200 പേര്‍ക്കായിരിക്കും ഒരു ദിവസം വാക്‌സിന്‍ നല്‍കുക.

ജില്ലയിലെ 19 ബ്ലോക്കുകളിലായി 260 വാക്‌സിന്‍ സെന്ററുകളാണ് കണ്ടെത്തിയിട്ടുള്ളത്. ആയുഷ്, ഹോമിയോ, സ്വകാര്യ ആശുപത്രികളെയും വാക്‌സിന്‍ സെന്ററുകളായി ഉള്‍പ്പെടുത്തി. രണ്ട് ഡോസ് വാക്‌സിനാണ് നല്‍കുക. ആദ്യത്തെ ഡോസ് സ്വീകരിച്ച ശേഷം 28 ദിവസത്തിനു ശേഷമായിരിക്കും രണ്ടാമത്തെ ഡോസ് നല്‍കുക. ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള വാക്‌സിന്‍ രണ്ട് മാസം കൊണ്ട് പൂര്‍ത്തീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബ്ലോക്ക് തലത്തിലുള്ള ടാസ്‌ക് ഫോഴ്‌സ് അതാത് മെഡിക്കല്‍ ഓഫീസര്‍മാരുടെയും, തഹസീല്‍ മാരുടെയും നേതൃത്വത്തില്‍ നടത്തും.

നിലവിലുള്ള 12 വാക്‌സിന്‍ സെന്റെറിലെ വാക്‌സിനേറ്റര്‍മാര്‍ക്കും, മറ്റ് ടീം അംഗങ്ങള്‍ക്കുമുള്ള പരിശീലനം പൂര്‍ത്തിയായി.വാക്‌സിനേഷനായി സമഗ്രമായ വിവര ശേഖരണമാണ് ജില്ലയില്‍ നടത്തിയത്.ആദ്യ ഘട്ടത്തില്‍ സര്‍ക്കാര്‍ സ്വകാര്യ മേഖലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് കുത്തിവെപ്പ് നല്‍കുന്നത്. രണ്ടാംഘട്ടത്തില് കൊവിഡ് പ്രതിരോധ പ്രവത്തനങ്ങളുമായി ബന്ധപ്പെട്ട് മുന്നിരയില്‍ നില്‍ക്കുന്ന റവന്യൂ, പോലിസ്,തദ്ദേശ സ്വയംഭരണ വകുപ്പ് തുടങ്ങിയ വിഭാഗങ്ങള്‍ക്കാണ് നല്‍കുക. മൂന്നാംഘട്ടത്തില്‍ 50 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കും വാക്‌സിന്‍ നല്‍കും.പൊതുജനങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യുന്നതിനായി തുറന്നു നല്‍കിയിട്ടില്ല.

പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ നിന്നും 180,000 ഡോസ് കോവിഷീല്‍ഡ് വാക്‌സിനുകളാണ് വിതരണത്തിനായി എത്തിയിട്ടുള്ളത്. ഇതില്‍ തൃശൂര്‍,പാലക്കാട്,കോട്ടയം,ഇടുക്കി,എന്നീ ജില്ലകളിലേക്കുള്ള വാക്‌സിനുകള്‍ അതാത് ജില്ലകളിലേക്ക് കൊണ്ടുപോയി.1200 വയലുകള്‍ അടങ്ങിയ 15 ബോക്‌സുകളിലായാണ് വാക്‌സിന്‍ എത്തിയിട്ടുള്ളത്.2 മുതല്‍ 8 ഡിഗ്രി താപനിലയില്‍ സൂക്ഷിക്കുന്നതിനുള്ള വാക്കിങ് കൂളറിലാണ് വാക്‌സിന്‍ സംഭരിച്ചിരിക്കുന്നത്.എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന റീജ്യണല്‍ വാക്‌സിന്‍ സെന്ററിലാണ് വാക്‌സിന്‍ എത്തിയിട്ടുള്ളത്. ജില്ലയില്‍ വിതരണത്തിനായി 73000 ഡോസ് വാക്‌സിന്‍ ആണ് എത്തിയിട്ടുള്ളത്. ജില്ലയിലെ നിലവിലെ 12 വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലേക്ക് ഇന്നും നാളെയുമായി വാക്‌സിന്‍ എത്തിക്കും.എല്ലാ കേന്ദ്രങ്ങളിലും വാക്‌സിന്‍ അനുയോജ്യമായ താപനിലയില്‍ സൂക്ഷിക്കുവാനുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.എറണാകുളം ജനറല്‍ ആശുപത്രിയാണ് ടു വെ കമ്മൂണിക്കേഷന്‍ സെന്റെറായി ജില്ലയില്‍ തിരഞ്ഞെടുത്തിട്ടുള്ളത്. വാക്‌സിനേഷന്‍ സംഘത്തിനുള്ള പരിശീലനം പൂര്‍ത്തീകരിച്ചു .

ജില്ലയില്‍ എറണാകുളം ജനറല്‍ ആശുപത്രി, താലൂക്ക് ആശുപത്രി പിറവം,ചെങ്ങമനാട് സാമൂഹികാരോഗ്യകേന്ദ്രം,കുട്ടമ്പുഴ കുടുംബാരോഗ്യ കേന്ദ്രം, ചെല്ലാനം പ്രാഥമികാരോഗ്യകേന്ദ്രം, ഗവ.മെഡിക്കല്‍ കോളേജ്, എറണാകുളം, ആസ്റ്റര്‍ മെഡിസിറ്റി കൊച്ചി, മാര്‍ ബസേലിയോസ് മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റല്‍, എം.ഒ.എസ്.സി മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍ ,എറണാകുളം ഗവ. ജില്ലാ ഹോമിയോ ആശുപത്രി, ജില്ലാ ആയുര്‍വ്വേദ ആശുപത്രി,കടവന്ത്ര നഗരാരോഗ്യ കേന്ദ്രങ്ങളാണ് എന്നീ 12 വാക്‌സിനേഷന്‍ സൈറ്റുകളാണ് ആദ്യഘട്ടത്തില്‍ സജ്ജീകരിച്ചിട്ടുള്ളത്.

ഒരു വാക്സിനേറ്റര്‍, നാല് വാക്സിനേഷന്‍ ഓഫീസര്‍മാര്‍ എന്നിവരടങ്ങിയതാണ് ഒരു വാക്സിനേഷന്‍ സംഘം. വാക്സിനേഷനു ശേഷം മറ്റ് അസ്വസ്ഥതകള്‍ ഉണ്ടായാല്‍ അത് പരിഹരിക്കുന്നതിനുളള ആംബുലന്‍സ് അടക്കമുളള സംവിധാനവും ഇവിടെ ഉണ്ടാകും.ബ്ലോക്ക് ടാസ്‌ക് ഫോഴ്സ് അംഗങ്ങള്‍ വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് പുരോഗതികള്‍ വിലയിരുത്തും.ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും കൊവിഡ് പോസിറ്റീവ് ആയവര്‍ക്കും വാക്സിന്‍ നല്‍കില്ല. കൊവിഡ് രോഗം ബാധിച്ചവരില്‍ നെഗറ്റീവായതിന് 14 ദിവസത്തിന് ശേഷം മാത്രമാണ് വാക്‌സിനേഷന്‍ ചെയ്യേണ്ടത്. വാക്സിനേഷനായി കാത്തിരിക്കുന്ന സ്ഥലത്ത് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. ഒരു സമയം ഒരാള്‍ മാത്രമേ വാക്‌സിനേഷന്‍ റൂമില്‍ കടക്കാന്‍ പാടുളളൂ. വാക്സിനേഷനു ശേഷം ഒബ്സര്‍വേഷന്‍ റൂമില്‍ 30 മിനിറ്റ് നിരീക്ഷണത്തില്‍ ഇരിക്കണം. വാക്‌സിനേഷന്‍ റൂമില്‍ സ്വകാര്യത ഉറപ്പുവരുത്തും.ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ആയിരിക്കും കോവിഡ് വാക്‌സിനെഷന്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുക. കണ്‍ട്രോള്‍ റൂം നമ്പര്‍: 9072303861 ( സമയം- രാവിലെ 9 മുതല്‍ 6 വരെ)

Next Story

RELATED STORIES

Share it