Kerala

കരുവന്നൂര്‍ സഹകരണ ബാങ്കില്‍ ക്രൈംബ്രാഞ്ച് പരിശോധന; അനധികൃത വായ്പാ രേഖകള്‍ക്കായി പ്രത്യേക ലോക്കര്‍

കരുവന്നൂര്‍ സഹകരണ ബാങ്കില്‍ ക്രൈംബ്രാഞ്ച് പരിശോധന; അനധികൃത വായ്പാ രേഖകള്‍ക്കായി പ്രത്യേക ലോക്കര്‍
X

തൃശൂര്‍: കോടികളുടെ തട്ടിപ്പ് നടന്ന കരുവന്നൂര്‍ സഹകരണ ബാങ്കില്‍ ക്രൈംബ്രാഞ്ച് അന്വേഷണസംഘം പരിശോധന നടത്തി. അനധികൃത ഇടപാടുകളുടെയും വായ്പകളുടെയും രേഖകള്‍ സൂക്ഷിക്കാന്‍ പ്രത്യേക ലോക്കര്‍ സംവിധാനം ബാങ്കിലുണ്ടായിരുന്നുവെന്ന് പരിശോധനയില്‍ വ്യക്തമായി. അനധികൃത ഇടപാടുകളുടെ രേഖകളെല്ലാം ക്രൈംബ്രാഞ്ച് സംഘം പിടിച്ചെടുത്തിട്ടുണ്ട്. റെയ്ഡില്‍ ഇടപാടുകാരുടെ ആധാരമടക്കം പിടിച്ചെടുത്തതായാണ് വിവരം. ബാങ്കില്‍ ഇപ്പോള്‍ കരുതല്‍ ധനം പോലുമില്ലെന്നാണ് റിപോര്‍ട്ടുകള്‍. ബാങ്ക് തട്ടിപ്പ് കേസില്‍ മാനേജര്‍ അടക്കം നാലുപേരാണ് ഇതുവരെ കസ്റ്റഡിയിലായത്. ഇവരുടെ വീട്ടില്‍നിന്നും ബിനാമി രേഖകള്‍ അടക്കം കണ്ടെടുത്തിരുന്നു.

ബ്രാഞ്ച് മാനേജര്‍ ബിജു കരിം, സെക്രട്ടറി ടി ആര്‍ സുനില്‍കുമാര്‍, ചീഫ് അക്കൗണ്ടന്റ് സി കെ ജില്‍സ്, കമ്മീഷന്‍ ഏജന്റ് ബിജോയ് എന്നിവരാണ് പിടിയിലായത്. തൃശൂര്‍ നഗരത്തിലെ ഒരു ഫഌറ്റില്‍ ഒളിച്ചുകഴിയുകയായിരുന്നു പ്രതികള്‍. പ്രതികളിലൊരാളെ അയ്യന്തോള്‍ ഭാഗത്ത് കണ്ടതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. മറ്റ് രണ്ട് പ്രതികളായ കിരണ്‍, റെജി അനില്‍കുമാര്‍ എന്നിവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ആറ് പ്രതികളുടെയും വീടുകളില്‍ 6 സംഘങ്ങളായി തിരിഞ്ഞ് അന്വേഷണസംഘം പരിശോധന നടത്തിയിരുന്നു.

ഇരിഞ്ഞാലക്കുട, പൊറത്തിശ്ശേരി, കൊരുമ്പിശ്ശേരി എന്നിവിടങ്ങളിലാണ് റെയ്ഡ് നടന്നത്. പ്രതികളുടെ വീട്ടില്‍നിന്ന് 29 അനധികൃത വായ്പാ രേഖകള്‍ കണ്ടെത്തി. 14.5 കോടി രൂപയാണ് ബിനാമി ഇടപാടിലൂടെ വകമാറ്റിയത്. പ്രതികളുടെ മൊഴി പ്രകാരം കൂടുതല്‍ രേഖകള്‍ കണ്ടെടുത്തു. അതിനിടെ, ബാങ്കിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച സിപിഎമ്മില്‍ കൂട്ടനടപടിയുണ്ടായി. ബാങ്ക് ജീവനക്കാരായ നാല് പ്രതികളെ സിപിഎമ്മില്‍നിന്ന് പുറത്താക്കി. ജില്ലാ കമ്മിറ്റി അംഗങ്ങളായ ഉല്ലാസ് കളക്കാട്, കെ ആര്‍ വിജയ എന്നിവരെ ഏരിയാ കമ്മിറ്റിയിലേക്കു തരംതാഴ്ത്തി. മുന്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കൂടിയായ മുതിര്‍ന്ന നേതാവ് സി കെ ചന്ദ്രനെ സസ്‌പെന്റ് ചെയ്തു.

Next Story

RELATED STORIES

Share it