Kerala

'ഉംപുന്‍' ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നു; കേരളത്തില്‍ 11 ജില്ലകളില്‍ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത

വടക്കുകിഴക്കന്‍ തീരങ്ങള്‍ ലക്ഷ്യമാക്കി നീങ്ങുന്ന കാറ്റ്, തുടര്‍ന്ന് ബംഗാള്‍ ഒഡീഷ തീരത്തേക്ക് നീങ്ങും. അതിതീവ്ര ചുഴലിക്കാറ്റായി മാറിയാല്‍ കാറ്റിന്റെ വേഗത 200 കിലോമീറ്റര്‍ വരെ എത്താമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പറയുന്നത്.

ഉംപുന്‍ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നു; കേരളത്തില്‍ 11 ജില്ലകളില്‍ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത
X

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറിയ സാഹചര്യത്തില്‍ കേരളത്തിലും കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. അടുത്ത മൂന്നുമണിക്കൂറിനിടെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ചിലയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ വരെ വീശിയടിക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട 'ഉംപുന്‍' (AMPHAN) എന്ന് പേരിട്ടിരിക്കുന്ന ചുഴലി കൊടുങ്കാറ്റ് അടുത്ത ആറുമണിക്കൂറിനുള്ളില്‍ അതിതീവ്രമാവും.

നാളെ രാവിലെയോടെ കൂടുതല്‍ ചുഴലിക്കാറ്റ് ഉഗ്രരൂപം പ്രാപിക്കും. നിലവില്‍ ഒഡീഷയിലെ പാരാദ്വീപിന് 990 കിലോമീറ്റര്‍ അകലെയാണ് ചുഴലിക്കാറ്റിന്റെ സഞ്ചാരപഥം. വടക്കുകിഴക്കന്‍ തീരങ്ങള്‍ ലക്ഷ്യമാക്കി നീങ്ങുന്ന കാറ്റ്, തുടര്‍ന്ന് ബംഗാള്‍ ഒഡീഷ തീരത്തേക്ക് നീങ്ങും. അതിതീവ്ര ചുഴലിക്കാറ്റായി മാറിയാല്‍ കാറ്റിന്റെ വേഗത 200 കിലോമീറ്റര്‍ വരെ എത്താമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പറയുന്നത്. തെക്കുകിഴക്ക്, തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ 80-90 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശുക. മെയ് 18ന് കാറ്റിന്റെ വേഗത മധ്യബംഗാള്‍ ഉള്‍ക്കടലിന്റെ തെക്ക് ഭാഗങ്ങളില്‍ 125- 150 കിലോമീറ്റര്‍ വരെയാവാന്‍ സാധ്യതയുണ്ട്. മധ്യ ബംഗാള്‍ ഉള്‍ക്കടലിന്റെ വടക്കന്‍ ഭാഗങ്ങളില്‍ 160-190 കിലോമീറ്റര്‍ വേഗതയിലും മെയ് 19ന് വടക്ക് തൊട്ടടുത്തായി 170-200 കിലോമീറ്റര്‍ വേഗതയിലും കാറ്റുവീശും.

ചൊവ്വാഴ്ച രാത്രിയോടെ ഇത് ഇന്ത്യന്‍ തീരത്തെത്തും. പശ്ചിമബംഗാള്‍- ബംഗ്ലാദേശ് തീരങ്ങളില്‍ ചുഴലിക്കാറ്റ് തീരം തൊടുമെന്നാണ് കരുതുന്നത്. 20ന് വൈകീട്ടോടെ ഇവിടെനിന്ന് ചുഴലിക്കാറ്റ് നീങ്ങും. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ആന്ധ്രാപ്രദേശ്, ഒഡീഷ, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളില്‍ അതീവജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോവരുതെന്ന് മുന്നറിയിപ്പുണ്ട്. ദേശീയ ദുരന്തനിവാരണ സേനയുടെ 17 സംഘത്തെ ഒഡീഷയില്‍ വിന്യസിച്ചു. ഒഡീഷയിലെ പുരി, ബാലസോര്‍, ജഗത്‌സിങ്പൂര്‍ ഉള്‍പ്പടെ ഉള്ള ജില്ലകളില്‍ ദേശീയ ദുരന്തനിവാരണ സേനയുടെ 10 ടീമിനെ വിന്യസിച്ചിരിക്കുകയാണ്. ഒഡീഷയിലെ 12 തീരദേശ ജില്ലകളില്‍ ജാഗ്രതാ മുന്നറിയിപ്പ് നല്‍കി.

അപായ സാധ്യത മേഖലയില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവരെ പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റി. പ്രത്യേക ശ്രമിക് ട്രെയിനുകള്‍ റദ്ദാക്കി. കേരളം ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിലില്ലെങ്കിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ മലപ്പുറംകൂടി ഉള്‍പ്പെടുത്തി 9 ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. കേരളതീരങ്ങളില്‍ മല്‍സ്യത്തൊഴിലാളികള്‍ ഒരുകാരണവശാലും കടലില്‍ പോവാന്‍ പാടില്ലെന്നാണ് നിര്‍ദേശം.

Next Story

RELATED STORIES

Share it