Kerala

വയനാട് ചുരത്തിലെ യുവാക്കളുടെ സാഹസികയാത്ര; മോട്ടോര്‍ വാഹനവകുപ്പ് കാര്‍ കസ്റ്റഡിയിലെടുത്തു

ഉടമ തന്നെയാണ് വാഹനമോടിച്ചതെന്നും പരിശോധനയില്‍ കണ്ടെത്തി. കാറിന്റെ ഉടമ ഷബീറിന്റെ ലൈസന്‍സ് നാളെ മുതല്‍ താല്‍ക്കാലികമായി സസ്‌പെന്റ് ചെയ്യും.

വയനാട് ചുരത്തിലെ യുവാക്കളുടെ സാഹസികയാത്ര; മോട്ടോര്‍ വാഹനവകുപ്പ് കാര്‍ കസ്റ്റഡിയിലെടുത്തു
X

കല്‍പ്പറ്റ: വയനാട് താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന കാറിലിരുന്ന് യുവാക്കള്‍ അഭ്യാസപ്രകടനം നടത്തിയ സംഭവത്തില്‍ നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ് രംഗത്ത്. യുവാക്കള്‍ സാഹസികയാത്ര നടത്തിയ 2001 മോഡല്‍ സാന്‍ട്രോ കാര്‍ കസ്റ്റഡിലെടുത്തു. ഉടമ നേരിട്ട് ഹാജരാവാത്തതിനെ തുടര്‍ന്നാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ നടപടി. ഉടമ തന്നെയാണ് വാഹനമോടിച്ചതെന്നും പരിശോധനയില്‍ കണ്ടെത്തി. കാറിന്റെ ഉടമ ഷബീറിന്റെ ലൈസന്‍സ് നാളെ മുതല്‍ താല്‍ക്കാലികമായി സസ്‌പെന്റ് ചെയ്യും. കാറിന്റെ ഉടമ പേരാമ്പ്ര സ്വദേശി ഷബീറിനോട് ഇന്ന് വാഹനവുമായി നേരിട്ട് ഹാജരാവണമെന്ന് കോഴിക്കോട് ആര്‍ടിഒ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍, ഷബീര്‍ ഹാജരായില്ല. ഇതെത്തുടര്‍ന്നാണ് കോഴിക്കോട് ചേവായൂരില്‍വച്ച് വാഹനം മോട്ടോര്‍ വാഹനവകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം കസ്റ്റഡിയിലെടുത്തത്. ചുരത്തില്‍ വാഹനമോടിച്ചത് ഷബീര്‍ തന്നെയെന്ന് ബോധ്യമായതോടെ നാളെ ലൈസന്‍സുമായി ഹാജരാവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത വാഹനം നാളെ പരിശോധിച്ച് രൂപമാറ്റം വരുത്തിയിട്ടുണ്ടെങ്കില്‍ പിഴ ഈടാക്കുമെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയാണ് താമരശ്ശേരി ചുരത്തിന്റെ അഞ്ചാം വളവിലൂടെ കാറിന്റെ ഡിക്കിയിലിരുന്ന് കാലുകള്‍ പുറത്തേക്കിട്ട് യുവാക്കള്‍ സാഹസികയാത്ര നടത്തിയത്. കാറിന് പിന്നില്‍ വന്ന യാത്രക്കാര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്തായതോടെയാണ് വയനാട് മോട്ടോര്‍ വാഹനവകുപ്പ് അന്വേഷണം ആരംഭിച്ചത്.

Next Story

RELATED STORIES

Share it