Kerala

ഐപിഎസ്സുകാരുടെ കൂട്ടവിരമിക്കല്‍ വരുന്നു; പ്രതിസന്ധി ഒഴിവാക്കാന്‍ പ്രമോഷന്‍ നടപടി വേഗത്തിലാക്കണമെന്ന് ഡിജിപി

സംസ്ഥാനത്തെ എസ്പി റാങ്കിലെ ഒഴിവ് മുപ്പത്തിയൊന്നായി വര്‍ധിക്കും. നിലവിലെ സാഹചര്യത്തില്‍ ഇത് സേനയെ പ്രതിസന്ധിയിലാക്കും.

ഐപിഎസ്സുകാരുടെ കൂട്ടവിരമിക്കല്‍ വരുന്നു; പ്രതിസന്ധി ഒഴിവാക്കാന്‍ പ്രമോഷന്‍ നടപടി വേഗത്തിലാക്കണമെന്ന് ഡിജിപി
X

തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവസാനിക്കും മുമ്പ് ഐപിഎസുകാരുടെ കൂട്ടവിരമിക്കല്‍ വരുന്നു. ഇതോടെ സംസ്ഥാനത്തെ എസ്പി റാങ്കിലെ ഒഴിവ് മുപ്പത്തിയൊന്നായി വര്‍ധിക്കും. നിലവിലെ സാഹചര്യത്തില്‍ ഇത് സേനയെ പ്രതിസന്ധിയിലാക്കും. അതിനാല്‍ പ്രമോഷന്‍ നടപടികള്‍ വേഗത്തിലാക്കി പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഡിജിപി സര്‍ക്കാരിന് കത്തുനല്‍കി.

നിലവില്‍ തന്നെ കേരളത്തില്‍ 23 എസ്പിമാരുടെ ഒഴിവുണ്ട്. പുതിയ ആളുകള്‍ കൂടിയാകുമ്പോള്‍ ഒഴിവ് 31ആകും. പ്രമോഷനിലൂടെ ഐപിഎസ് റാങ്ക് നല്‍കുന്നതും ഡിവൈഎസ്പി റാങ്കിലുള്ളവരുടെ സ്ഥാനക്കയറ്റം വൈകുന്നതുമാണ് പ്രതിസന്ധിക്ക് കാരണം. അതിനാല്‍ ഉടന്‍ തന്നെ പത്ത് പേര്‍ക്ക് ഐപിഎസ് റാങ്കും ഏറ്റവും മുതിര്‍ന്ന ഡിവൈഎസ്പിമാര്‍ക്ക് എസ്പിയായി സ്ഥാനക്കയറ്റവും നല്‍കണമെന്നാണ് പോലിസ് ആഭ്യന്തരവകുപ്പിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഈമാസം ഫയര്‍ഫോഴ്സ് മേധാവി എ ഹേമചന്ദ്രന്‍ ഉള്‍പ്പെടെ പത്തിലേറെ ഉന്നത പോലിസ് ഉദ്യോഗസ്ഥരാണ് വിരമിക്കുക. കൊവിഡ് പ്രതിരോധത്തില്‍ പോലിസിനൊപ്പം കഠിനാധ്വാനത്തിലാണ് ഫയര്‍ഫോഴ്സും. സംസ്ഥാന തലത്തിലെ ഏകോപനങ്ങളിലടക്കം നിര്‍ണായക പങ്കാണ് ഫയര്‍ഫോഴ്സ് മേധാവി വഹിക്കുന്നത്. എന്നാല്‍ ഡിജിപി റാങ്കിലുള്ള അദേഹം ഈമാസം അവസാനത്തോടെ വിരമിക്കുകയാണ്. ഇതിനൊപ്പം വിവിധ ജില്ലകളിലും തലങ്ങളിലും പോലിസ് നടപടികള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ഒമ്പത് എസ്പിമാരും പടിയിറങ്ങും. ആലപ്പുഴ എസ്പി ജെയിംസ് ജോസഫ്, തൃശൂര്‍ റൂറല്‍ എസ്പി കെ പി വിജയകുമാര്‍, പേരൂര്‍ക്കട എസ്എപി കമാന്‍ഡന്റ് കെ എസ് വിമല്‍, ഇന്റലിജന്‍സ് എസ്പിമാരായ കെ എം ആന്റണി, ജെ സുകുമാരപിള്ള, തീവ്രവാദവിരുദ്ധ സ്‌ക്വാഡ് എസ്പി കെ ബി വേണുഗോപാല്‍, പോലിസ് ട്രെയിനിങ് കോളജ് പ്രിന്‍സിപ്പല്‍ എ വിജയന്‍, കണ്‍സ്യൂമര്‍ഫെഡ് എംഡി മുഹമ്മദ് റഫീഖ്, അഡീഷണല്‍ എക്സൈസ് കമ്മീഷണർ സാം ക്രിസ്റ്റി ഡാനിയല്‍ എന്നിവരാണ് വിരമിക്കുന്നത്. ഹേമചന്ദ്രനൊപ്പം ഡിജിപി ജേക്കബ് തോമസും വിരമിക്കും. ഇതോടെ എന്‍ ശങ്കര്‍ റെഡ്ഡിയ്ക്കും ആര്‍ ശ്രീലേഖയ്ക്കും ഡിജിപി റാങ്ക് ലഭിക്കും.

Next Story

RELATED STORIES

Share it