Kerala

യുവാവിനെ കൊന്ന് ചതുപ്പില്‍ താഴ്ത്തിയ സംഭവം: പോലിസിനെതിരെ ആരോപണവുമായി മാതാപിതാക്കള്‍

അര്‍ജുനെ കാണാതായതിന്റെ പിറ്റേദിവസം തന്നെ പോലിസില്‍ തങ്ങള്‍ പരാതി നല്‍കിയിരുന്നു. സംശയമുള്ളവരുടെ പേരുകള്‍ സഹിതം പോലിസിനെ അറിയിച്ചുവെങ്കിലും അവര്‍ തിരിഞ്ഞു നോക്കിയില്ലെന്ന് മാതാവ് സിന്ധു.പോലിസ് അനാസ്ഥയ്‌ക്കെതിരെ കോണ്‍ഗ്രസ് പനങ്ങാട് പോലിസ് സ്‌റ്റേഷനിലേക്ക് മാര്‍ച് നടത്തി.കൊല്ലപ്പെട്ട അര്‍ജുന്റെ പിതാവ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹരജി ഹൈക്കോടതി തീര്‍പ്പാക്കി

യുവാവിനെ കൊന്ന് ചതുപ്പില്‍ താഴ്ത്തിയ സംഭവം: പോലിസിനെതിരെ ആരോപണവുമായി മാതാപിതാക്കള്‍
X

കൊച്ചി; നെട്ടൂരില്‍ കുമ്പളം മാന്നനാട്ട് എം എസ് വിദ്യന്റെ മകന്‍ എം വി അര്‍ജുന്‍(20)നെ സുഹൃത്തുക്കള്‍ ചേര്‍ന്ന് മര്‍ദിച്ചു കൊലപ്പെടുത്തി ചതുപ്പില്‍ ചവിട്ടിതാഴ്ത്തിയ സംഭവത്തില്‍ പോലിസിനെതിരെ ഗുരുതര ആരോപണവുമായി അര്‍ജുന്റെ മാതാവ്. അര്‍ജുനെ കാണാതായതിന്റെ പിറ്റേദിവസം തന്നെ പോലിസില്‍ തങ്ങള്‍ പരാതി നല്‍കിയിരുന്നു. സംശയമുള്ളവരുടെ പേരുകള്‍ സഹിതം പോലിസിനെ അറിയിച്ചുവെങ്കിലും അവര്‍ തിരിഞ്ഞു നോക്കിയില്ലെന്ന് മാതാവ് സിന്ധു മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.പരാതി നല്‍കി എട്ടു ദിവസം കഴിഞ്ഞാണ് പോലിസ് തങ്ങളുടെ വീട്ടിലെത്തി കാര്യങ്ങള്‍ തിരക്കിയതെന്ന് സിന്ധു പറയുന്നു.അതിനു മുമ്പു വിട്ടില്‍ വന്ന് കാര്യങ്ങള്‍ തിരക്കുകയോ എന്താണ് സംഭവമെന്ന് പോലും തിരക്കാന്‍ പോലിസ് തയാറായില്ലെന്നും സിന്ധു ആരോപിച്ചു.പോലിസിനെതിരെ കഴിഞ്ഞ ദിവസം അര്‍ജുന്റെ പിതാവ് വിദ്യനും ഗുരുതര ആരോപണം ഉന്നയിച്ചിരുന്നു.ജൂലൈ രണ്ട് മുതലാണ് അര്‍ജുനെ കാണാതായത് അന്ന് തന്നെ തങ്ങള്‍ പോലിസില്‍ പരാതി നല്‍കിയിരുന്നു. ഇതിനു ശേഷം സംശയിക്കുന്ന പ്രതികളെ വിളിച്ചുവരുത്തിയശേഷം പോലിസിനു കൈമാറുകയും ചെയ്തിരുന്നുവെന്നും എന്നാല്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് പറഞ്ഞ പ്രതികളുടെ വാക്ക് വിശ്വസിച്ച് പോലിസ് ഇവരെ വിട്ടയക്കുകയാണ് ചെയ്തതെന്നും പിതാവ് വിദ്യന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. അര്‍ജുന്റെ വിവരം വല്ലതും ലഭിച്ചോയെന്നറിയാന്‍ പോലിസ് സ്റ്റേഷനില്‍ വിളിച്ചപ്പോള്‍ പോലിസൂകാര്‍ കണിയാന്മാരാണോ എന്നാണ് ചോദിച്ചതെന്നും വിദ്യന്‍ പറഞ്ഞു.

പോലിസിന്റെ ഭാഗത്ത് നിന്നും കാര്യക്ഷമമായ നടപടിയുണ്ടാകാതെ വന്നതോടെ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹരജി ഫയല്‍ ചെയ്തിരുന്നു. ഇതിന്റെയടിസ്ഥാനത്തില്‍ കോടതി ഇടപെട്ടതോടെയാണ് പോലിസ് വീണ്ടും അന്വേഷണം നടത്തിയതെന്നും വിദ്യന്‍ പറഞ്ഞിരുന്നു. ജൂലൈ രണ്ട് മുതല്‍ കാണാതായ അര്‍ജുന്റെ മൃതദേഹം കഴിഞ്ഞ ദിവസമാണ് നെട്ടൂരില്‍ കണ്ടല്‍ക്കാടുകള്‍ നിറഞ്ഞ ചതുപ്പില്‍നിന്ന് കണ്ടെടുത്തത്. കൊലപ്പെടുത്തിയ ശേഷം ചവിട്ടി താഴ്ത്തി കോണ്‍ക്രീറ്റ് കല്ല് പുറത്തുവച്ച നിലയിലായിരുന്നു മൃതദേഹം. അര്‍ജുന്റെ വീട്ടുകാര്‍ ആദ്യം പിടിച്ച്് പോലിസിന് കൈമാറുകയും എന്നാല്‍ പോലിസ് വിട്ടയക്കുകയും ചെയ്തവര്‍ തന്നെയായിരുന്നു അര്‍ജുനെ കൊലപ്പെടുത്തിയത്്. ഇവരെ കഴിഞ്ഞ ദിവസം വീണ്ടും പോലിസ് കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തായത്. കുമ്പളം തട്ടാശേരില്‍ അജിത് കുമാര്‍ (22), നെട്ടൂര്‍ കളപ്പുരയ്ക്കല്‍ അനന്തു (21), കുമ്പളത്ത് വാടകയ്ക്ക് താമസിക്കുന്ന നെട്ടൂര്‍ മാളിയേക്കല്‍ നിബിന്‍ പീറ്റര്‍ (20), നെട്ടൂര്‍ കുന്നലക്കാട് റോണി (23), പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ എന്നിവരെയാണ് പനങ്ങാട് പോലിസ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു.അര്‍ജുനെ കാണാതായതിനെ തുടര്‍ന്ന് പിതാവ് സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹരജി കോടതി ഇന്ന് തീര്‍പ്പാക്കി.കോടതിയിലും പോലിസിനെതിരെ അര്‍ജുന്റെ പിതാവ് വിമര്‍ശനമുന്നയിച്ചു.പോലിസ് അനാസ്ഥയ്‌ക്കെതിരെ ഇന്ന് രാവിലെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പനങ്ങാട് പോലിസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.എന്നാല്‍ ആരോപണം അടിസ്ഥാന രഹിതമാണെന്നാണ് പോലിസ് പറയുന്നത്.പരാതി ലഭിച്ചപ്പോള്‍ തന്നെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് പോലിസ് അന്വേഷണം ആരംഭിച്ചിരുന്നുവെന്നാണ് പോലിസ് പറയുന്നത്.

Next Story

RELATED STORIES

Share it