Kerala

ദുരന്തസാധ്യതാ മേഖലകളിലെ എല്ലാവരെയും ക്യാംപുകളിലേക്ക് മാറ്റും; അവധി ദിവസങ്ങളിലും ജീവനക്കാര്‍ ജോലിക്കെത്തണം

ചികില്‍സാ ആവശ്യത്തിന് ഒഴികെ അവധി അനുവദിക്കാന്‍ പാടില്ല. നിലവില്‍ അനുവദിച്ചിട്ടുള്ള അവധികള്‍ക്കും ഇത് ബാധകമാണ്.

ദുരന്തസാധ്യതാ മേഖലകളിലെ എല്ലാവരെയും ക്യാംപുകളിലേക്ക് മാറ്റും; അവധി ദിവസങ്ങളിലും ജീവനക്കാര്‍ ജോലിക്കെത്തണം
X

കോട്ടയം: ശക്തമായ മഴയെത്തുടര്‍ന്ന് നദികളില്‍ ക്രമാതീതമായി ജലനിരപ്പ് ഉയരുകയും പല സ്ഥലങ്ങളിലും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടാവുകയും ചെയ്ത സാഹചര്യത്തില്‍ കോട്ടയം ജില്ലയില്‍ ദുരന്തസാധ്യതാ മേഖലകളിലുള്ള എല്ലാവരെയും ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റും. ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ ആളുകളെ ഒഴിപ്പിക്കുന്ന നടപടി ഏറെക്കുറെ പൂര്‍ത്തിയായിട്ടുണ്ട്. വെള്ളിയാഴ്ച വൈകീട്ട് ഏഴുവരെ ജില്ലയില്‍ 34 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. 206 കുടുംബങ്ങളിലെ 610 പേരാണ് ക്യാംപുകളിലുള്ളത്.

പൊതുവിഭാഗത്തിനുള്ള 29 ക്യാംപുകളും അറുപതു വയസിനു മുകളിലുള്ളവര്‍ക്കായി സജ്ജീകരിച്ച നാലു ക്യാംപുകളും കൊവിഡ് ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കായി ഒരു ക്യാംപുമാണ് പ്രവര്‍ത്തനമാരംഭിച്ചത്. 2018ലും 2019ലും പ്രളയത്തെത്തുടര്‍ന്ന് ജലനിരപ്പ് ഉയരുകയും പ്രകൃതി ദുരന്തങ്ങളുണ്ടാവുകയും ചെയ്ത പ്രദേശങ്ങളിലെ എല്ലാവരെയും സുരക്ഷിതസ്ഥാനത്തേക്ക് മാറ്റുന്നതിനാണ് ജില്ലാ കലക്ടര്‍ എം അഞ്ജന ഉത്തരവിട്ടിരിക്കുന്നത്. തദ്ദേശഭരണ സ്ഥാപന സെക്രട്ടറിമാര്‍ക്കാണ് ഇതിന്റെ ചുമതല.

ക്യാംപുകള്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് ചാര്‍ജ് ഓഫിസര്‍മാര്‍ ഉറപ്പാക്കണം. പ്രോട്ടോക്കോള്‍ പാലിക്കുന്നതിന് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങളും വൈദ്യസഹായവും ആരോഗ്യവകുപ്പ് നല്‍കും. ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്കൊഴികെ പുറത്തുനിന്ന് ആര്‍ക്കും ക്യാംപുകളില്‍ പ്രവേശനം അനുവദിക്കാന്‍ പാടില്ല. ഇത് ലംഘിച്ച് ആരെങ്കിലും പ്രവേശിച്ചാല്‍ ക്യാംപിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ പോലിസിനെ വിവരം അറിയിക്കേണ്ടതാണ്.

നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ പകര്‍ച്ചവ്യാധി നിയന്ത്രണനിയമപ്രകാരവും ദുരന്തനിവാരണ നിയമപ്രകാരവും നിയമനടപടികള്‍ സ്വീകരിക്കുമെന്ന് കലക്ടറുടെ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. കൊവിഡ് പ്രതിരോധനിര്‍ദേശങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ദുരിതാശ്വാസ ക്യാംപുകളില്‍ പുറത്തുനിന്നുള്ള ഭക്ഷണം വിതരണം ചെയ്യാന്‍ പാടില്ല. ദുരിതാശ്വാസ ക്യാംപുകളിലേക്ക് ആവശ്യമായ ഭക്ഷണസാധനങ്ങള്‍ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ജില്ലാ സപ്ലൈ ഓഫിസറെ ചുമതലപ്പെടുത്തി.

റവന്യൂ വകുപ്പിലെയും തദ്ദേശഭരണ സ്ഥാപനങ്ങളിലെയും ക്വാറന്റൈനില്‍ കഴിയുന്നവര്‍ ഒഴികെയുള്ള എല്ലാ ജീവനക്കാരും അവധി ദിവസങ്ങളില്‍ ഉള്‍പ്പെടെ ജോലിക്ക് ഹാജരാവണമെന്ന് കോട്ടയം കലക്ടര്‍ ഉത്തരവിട്ടു. ചികില്‍സാ ആവശ്യത്തിന് ഒഴികെ അവധി അനുവദിക്കാന്‍ പാടില്ല. നിലവില്‍ അനുവദിച്ചിട്ടുള്ള അവധികള്‍ക്കും ഇത് ബാധകമാണ്. വകുപ്പുകളില്‍ നിലവില്‍ ഓഫിസില്‍ എത്തുന്നവരുടെയും അനുമതിയോടെ വര്‍ക്ക് ഫ്രം ഹോം സംവിധാനത്തില്‍ ജോലിചെയ്യുന്നവരുടെയും വിവരം ഇന്ന് വൈകുന്നേരത്തിനു മുമ്പ് ലഭ്യമാക്കാന്‍ വകുപ്പ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി.

Next Story

RELATED STORIES

Share it